പലസ്തീന്‍ താരത്തിന്റെ വംശീയാധിക്ഷേപം; എഎഫ്‌സിക്ക് പരാതി നല്‍കി എഐഎഫ്എഫ്

എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ ദല്ലാല്‍മുവോണ്‍ ഗാങ്തെയ്ക്കെതിരെയാണ് പലസ്തീന്‍ താരം വംശീയാധിക്ഷേപ ആംഗ്യം കാണിച്ചത്

ക്വാലാലംപൂരില്‍ നടന്ന എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിനിടെ തങ്ങളുടെ നായകന്‍ ദല്ലാല്‍മുവോണ്‍ ഗാങ്തെയ്ക്കെതിരെ പലസ്തീന്‍ താരം വംശീയ ആംഗ്യങ്ങള്‍ കാണിച്ചെന്ന് ആരോപിച്ച് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് പരാതി നല്‍കി. ചൊവ്വാഴ്ച മലേഷ്യയിലെ ക്വാലാലംപൂര്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന എഎഫ്സി അണ്ടര്‍-17 ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ മത്സരത്തില്‍ കനത്ത മഴയെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് പലസ്തീനെ 4-1ന് തകര്‍ത്ത ഇന്ത്യന്‍ അണ്ടര്‍-17 പുരുഷ ടീം ഗ്രൂപ്പ് ഇ-യില്‍ അപരാജിത കുതിപ്പ് തുടരുകയാണ്. ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മിലുള്ള രൂക്ഷമായ വാഗ്വാദങ്ങള്‍ക്കും കയ്യാങ്കളികള്‍ക്കും മത്സരം സാക്ഷ്യം വഹിച്ചു. ഒരു ചലഞ്ചിനിടെ നിലത്തുവീണ രാജ് സിംഗ് വാഹെങ്ബാമിനെ പലസ്തീന്‍ താരം മുഹമ്മദ് ജംഹൂര്‍ ചവിട്ടിയതും ഇതില്‍ ഉള്‍പ്പെടുന്നു.

'2026 നവംബര്‍ 17-ന് ക്വാലാലംപൂര്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും പലസ്തീനും തമ്മില്‍ നടന്ന എഎഫ്സി അണ്ടര്‍-17 ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ മത്സരത്തിനിടെ ഇന്ത്യന്‍ അണ്ടര്‍-17 പുരുഷ ടീം ക്യാപ്റ്റന്‍ ദല്ലാല്‍മുവോണ്‍ ഗാങ്തെയ്ക്കെതിരെ പലസ്തീന്‍ താരം വംശീയ ആംഗ്യം കാണിച്ചെന്ന ആരോപണത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് ഔദ്യോഗികമായി പരാതി നല്‍കി' -എഐഎഫ്എഫ് പ്രസ്താവനയില്‍ പറയുഞ്ഞു. 'സംഭവം അവലോകനം ചെയ്യാനും മത്സരത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാനും നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം ഉചിതമായ നടപടി സ്വീകരിക്കാനും' ഏഷ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയോട് എഐഎഫ്എഫ് പരാതിയില്‍ ആവശ്യപ്പെട്ടു.

'ഏതൊരു തരത്തിലുള്ള വംശീയതയെയും വിവേചനപരമായ പെരുമാറ്റത്തെയും എഐഎഫ്എഫ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ബഹുമാനം, സമത്വം, ഫെയര്‍ പ്ലേ, കായികക്ഷമത എന്നിവയില്‍ അധിഷ്ഠിതമായ ഫുട്‌ബോളിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം പെരുമാറ്റം. കളിയില്‍ വംശീയതയ്ക്കും വിവേചനത്തിനും സ്ഥാനമില്ല, ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാനോ വെച്ചുപൊറുപ്പിക്കാനോ കഴിയില്ല' -പ്രസ്താവനയില്‍ പറയുന്നു.

എട്ടാം മിനിറ്റില്‍ കാംഗൗഹാവോ ഡൗംഗല്‍ മെഹ്റാജുദ്ദീന്‍ വാഡൂവിന്റെ ടീമിന് ലീഡ് നല്‍കിയപ്പോള്‍, മഴ മൂലം വൈകിയ രണ്ടാം പകുതിയില്‍ മുകുന്ദോ സിംഗ് നിങ്തൗജം (52'), ക്യാപ്റ്റന്‍ ദല്ലാല്‍മുവോണ്‍ ഗാങ്തെ (59'), സോറംഡിന്താര ലാല്‍ഹുന്‍മാവിയ (89') എന്നിവര്‍ മൂന്ന് ഗോളുകള്‍ കൂടി നേടി. 32-ാം മിനിറ്റില്‍ പലസ്തീന്‍ ക്യാപ്റ്റന്‍ യാസന്‍ ഖലീഫ പെനാല്‍റ്റി ഗോളാക്കി മാറ്റിയതോടെ ആദ്യ പകുതി പിരിയുമ്പോള്‍ ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു. മത്സരത്തിലുടനീളം കനത്ത മഴ പെയ്തതിനാല്‍ കളി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. മികച്ച പ്രസ്സിംഗിലൂടെ എട്ടാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. ഗാങ്തെയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പലസ്തീന്‍ താരം മുഹമ്മദ് ജംഹൂര്‍ ഗോള്‍കീപ്പര്‍ക്ക് നല്‍കിയ ദുര്‍ബലമായ ബാക്ക് പാസ് ഋഷികേശ് മാനവതി പിടിച്ചെടുത്തു. വേഗത്തില്‍ മുന്നേറിയ ഋഷികേശ് ബോക്‌സിനുള്ളിലേക്ക് നല്‍കിയ പാസ് ഓടിയെത്തിയ കാംഗൗഹാവോ ഡൗംഗല്‍ നിമിഷനേരം കൊണ്ട് വലയിലാക്കി. പലസ്തീന്‍ ഗോള്‍ വഴങ്ങാന്‍ കാരണക്കാരനായതിന്റെ നിരാശയിലും രോഷത്തിലുമായിരുന്നു ജംഹൂര്‍. നിയന്ത്രണം നഷ്ടപ്പെട്ട അയാള്‍ ഇടതുവശത്തെ ടച്ച്ലൈനിന് സമീപം രാജ് സിംഗ് വാഹെങ്ബാമിനെ വീഴ്ത്തുകയും നനഞ്ഞ പുല്‍മൈതാനത്ത് കിടന്ന രാജിനെ മനഃപൂര്‍വം രണ്ട് തവണ ചവിട്ടുകയും ചെയ്തു. റഫറി കോ മിന്‍-കുക്ക് ഉടന്‍ തന്നെ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തിയതോടെ പലസ്തീന്‍ പത്തുപേരായി ചുരുങ്ങി. എന്നാല്‍ വെള്ളക്കെട്ടും ചെളിയും നിറഞ്ഞ മൈതാനത്ത് പന്ത് നിയന്ത്രിക്കുക പ്രയാസമായിരുന്നു. മികച്ച പ്രകടനം നടത്തിയ ഇന്ത്യ ഒടുവില്‍ പലസ്തീനെ കീഴടക്കിയാണ് കളംവിട്ടത്.

content highlights: AIFF Files Official Complaint with AFC Over Racial Abuse by Palestine Player

To advertise here,contact us