യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ സ്ലോവൻ ബ്രാറ്റിസ്ലാവയെ തോൽപ്പിച്ച് അത്ലറ്റികോ മാഡ്രിഡ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ലാലിഗ ക്ലബിന്റെ വിജയം. ക്ലബിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഗ്രീസ്മാന്റെ ഇരട്ട ഗോളുകളാണ് വിലപ്പെട്ട മൂന്ന് പോയിന്റുകൾ അത്ലറ്റികോ മാഡ്രിഡിന് നേടിക്കൊടുത്തത്. 16-ാം മിനിറ്റിൽ ഹൂലിയൻ അൽവാരസാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടുന്നത്. ശേഷം മാർക്കോസ് യോറന്റെ ക്രോസിൽ ഗ്രീസ്മാൻ ഗോൾ നേടിയതോടെ സ്കോർ 2-0 എന്ന നിലയിലായി. 42-ാം മിനിറ്റിലായിരുന്നു ഗോൾ.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കളിയിലേക്ക് തിരിച്ചുവരാൻ സന്ദർശകർ നടത്തിയ ശ്രമത്തിനൊടുവിൽ ഗോൾ പിറന്നു. 51-ാം പെനാൽറ്റി ഗോളിലൂടെ ഡേവിഡ് സ്ട്രെലെക് സ്കോർ 2 -1 ആക്കി മാറ്റി. എന്നാൽ അധികം വൈകാതെ ഗ്രീസ്മാൻ കളിയിലെ തന്റെ രണ്ടാം ഗോൾ കൂടി നേടിയതോടെ സ്കോർ 3-1 ൽ കളിയവസാനിച്ചു. വിജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട് തോൽവിയുമായി 12 പോയിന്റിൽ അത്ലറ്റികോ മാഡ്രിഡ് 11-ാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളിൽ നിന്ന് മുഴുവൻ മത്സരങ്ങളും തോറ്റ സ്ലോവൻ ബ്രാറ്റിസ്ലാവ ഗ്രൂപ്പ് റാങ്കിങ്ങിൽ 35-ാം സ്ഥാനത്താണ്.
Content Highlights: Atletico Madrid 3-1 Slovan Bratislava