ബംഗ്ലാദേശിനെ തോല്‍പ്പിച്ചു; സാഫ് അണ്ടര്‍-17 ഫുട്‌ബോളില്‍ ഇന്ത്യ ചാമ്പ്യന്മാര്‍

രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്

സാഫ് അണ്ടർ-17 ചാമ്പ്യൻഷിപ്പിൽ കിരീടം നിലനിർത്തി ഇന്ത്യ. കലാശപ്പോരിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. മുഹമ്മദ് കൈഫും എംഡി അർബാഷുമാണ് ഗോളടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 58-ാം മിനിറ്റില്‍ മുഹമ്മദ് കൈഫിലൂടെയാണ് ഇന്ത്യ ഗോള്‍ നേടിയത്. ഒരു കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് കൃത്യമായ ഹെഡറിലൂടെ കൈഫ് വലയിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ എം ഡി അര്‍ബാഷിന്റെ ഇടംകാലന്‍ ഫിനിഷിലൂടെ ഇന്ത്യ വിജയമുറപ്പിച്ചു.

ചാമ്പ്യൻഷിപ്പിൽ തോൽവിയറിയാതെയാണ് മുൻ ഇന്ത്യൻ താരം ഇഷ്ഫാക് അഹമ്മദ് പരിശീലിപ്പിച്ച ഇന്ത്യൻ ടീം കിരീടം നിലനിർത്തിയത്. ആദ്യ ഗ്രൂപ്പ് മത്സരത്തിലും ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ​ഗോളിന് കീഴടക്കിയിരുന്നു. തുടർന്ന് മാലെ ദ്വീപിനെ മറുപടിയില്ലാത്ത മൂന്ന് ​ഗോളുകൾക്കും തോൽപ്പിച്ചു. സെമിയിൽ നേപ്പാളിനെ രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്.

To advertise here,contact us