ഇന്ത്യയുടെ പ്ലെയിംഗ് ഇലവനില്‍ യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കാത്തത് ആരാധകരില്‍ നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും, മുന്‍നിര ഓപ്പണര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ 15-കാരനായ താരത്തെ എടുത്തുചാടി ടീമില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമായിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക്.
ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തില്‍ 'പ്ലെയര്‍ ഓഫ് ദി സീരീസ്' ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടും, പിന്നീട് അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ നടന്ന ടി20 പരമ്പരകളില്‍ സൂര്യവംശിക്ക് അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ രാജ്യത്തെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന യുവ പ്രതിഭകളില്‍ ഒരാളായി മാറിയെങ്കിലും, സ്വന്തം തട്ടകത്തില്‍ മുതിര്‍ന്ന ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിക്കാന്‍ ഈ കൗമാരക്കാരന് ഇതുവരെ സാധിച്ചിട്ടില്ല.
ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങളില്‍ ആരാധകര്‍ അദ്ദേഹത്തെ കളത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്യാന്‍ സൂര്യവംശിക്ക് അവസരം ലഭിക്കുകയും തന്റെ കഴിവ് തെളിയിക്കുകയും ചെയ്തിരുന്നുവെങ്കിലും, സീനിയര്‍ ടീമിന്റെ പ്ലെയിംഗ് ഇലവനില്‍ ഒരു സ്ഥിരസ്ഥിരമായ സ്ഥാനത്തിനായുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പ് തുടരുകയാണ്. സഞ്ജു സാംസണിന്റെയും അഭിഷേക് ശര്‍മ്മയുടെയും സംഭാവനകള്‍ എടുത്തുപറഞ്ഞുകൊണ്ട് നിലവിലുള്ള ഓപ്പണിംഗ് ജോഡിയെ നിലനിര്‍ത്താനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തെ കാര്‍ത്തിക് പിന്തുണച്ചു. കൂടാതെ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന് കിഷന്റെ ഫോം ഓപ്പണിംഗ് സ്ഥാനത്തിനായുള്ള മത്സരത്തെ കൂടുതല്‍ കടുപ്പമുള്ളതാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഒരു മാറ്റത്തിന് വേണ്ടി മാത്രം മാറ്റങ്ങള്‍ വരുത്തുന്ന ആളല്ല ഞാന്‍. മാറ്റം ശാശ്വതമാണെന്ന് എനിക്കറിയാം, എന്നാല്‍ അത് ശരിയായ കാരണങ്ങള്ക്കായിരിക്കണം. ഒരു മാറ്റം വരുമ്പോള്‍ അതിന് വ്യക്തമായ ഒരു കാരണം ഉണ്ടായിരിക്കണം. അതിനാല്‍ ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യത്തിന്റെ കാര്യം എടുത്താല്‍, അവര്‍ ചിലപ്പോള്‍ സ്ഥിരത പുലര്‍ത്താറില്ലെന്ന് എനിക്കറിയാം, എന്നാല്‍ നിങ്ങള്‍ക്ക് മത്സരങ്ങള്‍ ജയിപ്പിച്ചു തന്നത് അവരാണ്' -കാര്‍ത്തിക് പറഞ്ഞു.
സഞ്ജുവും അഭിഷേകും ചേര്‍ന്ന് 38 ടി20 ഇന്നിംഗ്സുകളില്‍ നിന്നായി 1,125 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്, ഇത് ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ കൂട്ടുകെട്ടാണ്. ഈ റെക്കോര്‍ഡും മറ്റ് മുന്‍നിര ബാറ്റര്‍മാരുടെ സാന്നിധ്യവും കണക്കിലെടുക്കുമ്പോള്‍, മറ്റൊരു യുവതാരത്തെ ഉള്‍പ്പെടുത്താന്‍ വേണ്ടി മാത്രം മാറ്റങ്ങള്‍ വരുത്തുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കാര്‍ത്തിക് കരുതുന്നു. 'സഞ്ജു സാംസണിന്റെയും അഭിഷേക് ശര്‍മ്മയുടെയും നിലവാരം നമ്മള് കണ്ടതാണ്, രണ്ടുപേരും മികച്ച ഫോമിലാണ് നില്‍ക്കുന്നത്. കൂടാതെ ഒന്നോ രണ്ടോ സ്ഥാനങ്ങളില്‍ കളിക്കാന്‍ സാധിക്കുന്ന ഇഷാന് കിഷനും ടീമിലുണ്ട്. അതിനാല്‍ പെട്ടെന്നൊരു മാറ്റം വരുത്തുക എന്നത് വളരെ പ്രയാസകരമാണ്' -അദ്ദേഹം പറഞ്ഞു.
യശസ്വി ജയ്സ്വാളുമായി താരതമ്യം ചെയ്ത് കാര്ത്തിക്ടെസ്റ്റ് ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ അവസരങ്ങള്‍ പരിമിതമായ യശസ്വി ജയ്സ്വാളിന്റെ സാഹചര്യവുമായി സൂര്യവംശിയുടെ അവസ്ഥയെ കാര്‍ത്തിക് താരതമ്യം ചെയ്തു. ഏകദിനത്തില്‍ രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും ഓപ്പണിംഗില്‍ നിലയുറപ്പിച്ചതോടെ ജയ്സ്വാളിന് തന്റെ അവസരത്തിനായി കാത്തിരിക്കേണ്ടി വന്നു. കഴിവ് ചോദ്യം ചെയ്യപ്പെടാന്‍ കഴിയില്ലെങ്കിലും, താന്‍ ലക്ഷ്യമിടുന്ന സ്ഥാനങ്ങളില്‍ നിലവില്‍ കളിക്കുന്ന പ്രമുഖ താരങ്ങളുമായി മത്സരിക്കേണ്ടി വരുന്ന സൂര്യവംശിയും സമാനമായ വെല്ലുവിളിയാണ് നേരിടുന്നതെന്ന് കാര്‍ത്തിക് കാണുന്നു. 'അതെ, അവന് ഒരു മികച്ച പ്രതിഭയായതുകൊണ്ട് നമ്മള് ആവേശഭരിതരാകാറുണ്ട്. അവന്റെ കഴിവിനെ നമ്മള് കുറച്ചുകാണുകയല്ല, എന്നാല്‍ ആത്യന്തികമായി ഇത് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ യശസ്വി ജയ്സ്വാളിന്റെ അവസ്ഥ പോലെയാണ്. ആരൈയെങ്കിലും ഒഴിവാക്കാന്‍ വേണ്ടി മാത്രം നിങ്ങള്‍ മാറ്റം വരുത്തുമോ? ഞാന്‍ അതിന് അനുകൂലമല്ല. ഞാന്‍ ഒരിക്കലും അതിന് അനുകൂലമായിരുന്നിട്ടില്ല, ഭാവിയിലും അതിന് അനുകൂലമായിരിക്കുമെന്ന് കരുതുന്നില്ല' -കാര്‍ത്തിക് പറഞ്ഞു. ഒരു കളിക്കാരന്റെ കഴിവ് മാത്രം കൊണ്ട് പ്ലെയിംഗ് ഇലവനില്‍ മാറ്റം വരുത്തുന്നത് ശരിയല്ലെന്ന് മുന്‍ സ്പിന്നര്‍ ആവര്‍ത്തിച്ചു. ഒരു യുവതാരത്തെക്കുറിച്ചുള്ള ആവേശത്തേക്കാള്‍, ടീമിന്റെ വ്യക്തമായ ആവശ്യകതയെ അടിസ്ഥാനമാക്കിയായിരിക്കണം സെലക്ഷന് തീരുമാനങ്ങളെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
'അവസരത്തിനായി കാത്തിരിക്കേണ്ടി വരും'മുന്‍നിര ബാറ്റര്‍മാരില്‍ ആര്‍ക്കെങ്കിലും തുടര്‍ച്ചയായി ഫോം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ സൂര്യവംശിക്ക് അവസരം ലഭിച്ചേക്കാമെന്ന് കാര്‍ത്തിക് പറഞ്ഞു. മുന്‍പ് സഞ്ജു സാംസണ് റണ്‍സ് കണ്ടെത്താന്‍ പാടുപെട്ട സമയത്താണ് ഇംഗ്ലണ്ടില്‍ വെച്ച് ഈ യുവതാരത്തിന് ഇന്ത്യയ്ക്കായി അരങ്ങേറാന്‍ അവസരം ലഭിച്ചത്, ഇത് ഫോമിലെ മാറ്റങ്ങള്‍ എങ്ങനെയെല്ലാമാണ് റിസര്‍വ്വ് ബെഞ്ചിലുള്ള കളിക്കാര്‍ക്ക് വഴി തുറക്കുന്നതെന്ന് വ്യക്തമാക്കുന്നു. എന്നിരുന്നാലും, അത്തരം ഒരു സാഹചര്യം എപ്പോള്‍ ഉണ്ടാകുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്ന് കാര്‍ത്തിക് പറഞ്ഞു. അതുവരെ, ടീമിന് ആവശ്യമുള്ളപ്പോള്‍ ഇറങ്ങാന്‍ സൂര്യവംശി സജ്ജനായിരിക്കണം. 'ദിവസാവസാനം, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പ്രവചിക്കാന്‍ നമുക്ക് കഴിയില്ല. നാളെ, ബാറ്റര്‍മാരില്‍ ഒരാള്‍ 15 ഇന്നിംഗ്സുകളില്‍ റണ്സെടുക്കാതിരിക്കുകയും മാറ്റം വരുത്താന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകുകയും ചെയ്തേക്കാം. ആ സമയത്ത്, പുറത്ത് കാത്തിരിക്കുന്ന രണ്ടാമത്തെ ആള് തയ്യാറായിരിക്കണം. വാതിലിനു പുറകില്‍ കാത്തിരിക്കുന്നയാള്‍ പുറത്തുവന്ന് 'കേള്‍ക്കൂ, ഞാന്‍ ഇവിടെയുണ്ട്' എന്ന് പറയാന്‍ സജ്ജനായിരിക്കണം. കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് അങ്ങനെയാണ്. അല്ലാതെ, 'അവനെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്, ആളുകള്‍ക്ക് അവനെ കാണണം, അതിനാല്‍ അവനെ ടീമിലെടുക്കാം' എന്ന് പറയുന്നതല്ല രീതി. അത് നിലവില്‍ ടീമിലുള്ള കളിക്കാരോട് ചെയ്യുന്ന അനീതിയായിരിക്കും' -കാര്‍ത്തിക് പറഞ്ഞു.
സെലക്ഷന് പുറമെ, ടീമിലെ സ്വന്തം സ്ഥാനത്തെക്കുറിച്ച് സൂര്യവംശിയോട് സത്യസന്ധമായി കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണെന്ന് കാര്‍ത്തിക് വിശ്വസിക്കുന്നു. ഹെഡ് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും നല്കിയ സന്ദേശങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യുവതാരം ക്ഷമയോടെയിരിക്കണമെന്നും തയ്യാറെടുപ്പുകളില്‍ സ്ഥിരത പുലര്‍ത്തണമെന്നുമാണ് അവര്‍ ഊന്നിപ്പറഞ്ഞത്. തന്റെ കഴിവ് തെളിയിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കളിക്കാരന് ഇത്തരം സന്ദേശങ്ങള്‍ കേള്‍ക്കുന്നത് പ്രയാസകരമായിരിക്കുമെങ്കിലും, ഭാവി അനിശ്ചിതത്വത്തിലാക്കുന്നതിനേക്കാള് നല്ലത് കടുത്ത യാഥാര്‍ത്ഥ്യം തുറന്നു പറയുന്നതാണെന്ന് കാര്‍ത്തിക് പറഞ്ഞു. 'അവര്‍ക്ക് കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടി വന്നാലും അത് പറയുന്നതാണ് നല്ലത്. കാരണം അവര്‍ക്കത് നേരിടാന്‍ സാധിക്കും. നിങ്ങള്‍ക്ക് അത് ഇഷ്ടപ്പെട്ടേക്കില്ല, കുറച്ചു കാലത്തേക്ക് അത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും, പക്ഷേ യാഥാര്‍ത്ഥ്യം അതാണ്. നിങ്ങള്‍ അത് അംഗീകരിക്കുകയും മുന്നോട്ട് പോകുകയും വേണം. കാര്യങ്ങളെ സമീപിക്കാനുള്ള ഏറ്റവും നല്ല വഴി ഇതാണെന്ന് ഞാന്‍ കരുതുന്നു. കാരണം ശ്രേയസും ഗൗതമും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അവര്‍ സൂര്യവംശിയോട് കൃത്യമായ കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം അവന് ടീമിന്റെ പദ്ധതികളിലുണ്ട്. അവന് ടീമില്‍ ഇല്ല എന്ന് ആരും പറയുന്നില്ല. മറ്റുള്ളവര്‍ നന്നായി കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കില്ല എന്ന് മാത്രം. അത് നിര്‍ഭാഗ്യകരമാണ്, പക്ഷേ യാഥാര്‍ത്ഥ്യം അതാണ്' -കാര്‍ത്തിക് വ്യക്തമാക്കി.
content highlights: 'Tell Vaibhav the Reality': Former Cricketer Advice on Youngster's India Team Prospects