ടി20 ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 18 റണ്‍സിന് പരാജയപ്പെടുത്തി നമീബിയ മികച്ച വിജയം നേടി. വിന്‍ഡ്ഹോക്കിലെ നമീബിയ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓള്‍റൗണ്ട് പ്രകടനത്തോടെയാണ് നമീബിയ വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയക്ക് ഓപ്പണര്‍മാരായ യാന്‍ ഫ്രൈലിങ്കും ലൗറന്‍ സ്റ്റീന്‍കാമ്പും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 84 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ഫ്രൈലിങ്ക് 38 പന്തില്‍ 60 റണ്‍സും സ്റ്റീന്‍കാമ്പ് 29 പന്തില്‍ 41 റണ്‍സുമെടുത്തു.
എന്നാല്‍ മധ്യ ഓവറുകളില്‍ ദക്ഷിണാഫ്രിക്ക ശക്തമായി തിരിച്ചുവന്നു. ക്യാപ്റ്റന്‍ ബിജോണ്‍ ഫോര്ചൂയിന്റെയും ഓഫ് സ്പിന്നര്‍ പ്രെനലന്‍ സുബ്രായന്റെയും ബൗളിംഗ് പ്രകടനത്തില്‍ നമീബിയ തകര്‍ച്ച നേരിട്ടു. 17 റണ്‍സിനിടെ നമീബിയക്ക് 5 വിക്കറ്റുകള്‍ നഷ്ടമായി. അരങ്ങേറ്റ മത്സരം കളിച്ച പേസര്‍ ദുവാന് യാന്‍സനും 2 വിക്കറ്റുകള്‍ നേടി. എന്നാല്‍ അവസാന ഓവറുകളില്‍ റൂബന്‍ ട്രംപല്മാന്റെയും (12) അലക്സാണ്ടര്‍ വോള്ഷെങ്കിന്റെയും (13*) ശ്രമങ്ങളിലൂടെ നമീബിയ 20 ഓവറില്‍ 9 വിക്കറ്റിന് 163 റണ്‍സ് നേടി.
164 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി നമീബിയ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. ലുആന് ഡ്രെ പ്രിറ്റോറിയസിനെയും ജോര്‍ദാന്‍ ഹെര്മാനെയും ടോണി ഡി സോര്‍സിയെയും തുടക്കത്തിലേ നഷ്ടമായതോടെ ദക്ഷിണാഫ്രിക്ക മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയിലേക്ക് വീണു. തുടര്‍ന്ന് ഡെവാള്‍ഡ് ബ്രെവിസ് 50 പന്തില്‍ 75 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ദുവാന് യാന്സന് 25 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കിയെങ്കിലും നമീബിയന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് ദക്ഷിണാഫ്രിക്കയെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സിലൊതുക്കി. നമീബിയക്കായി റൂബന്‍ ട്രംപല്‍മാനും, ജെജെ സ്മിറ്റും 3 വിക്കറ്റുവീതം വീഴ്ത്തി.
content highlights: Namibia Stuns South Africa with a Historic 18-Run Victory