ഗുജറാത്തിനെതിരെ വേണ്ടത് വമ്പൻ ജയം; ചെന്നൈയ്ക്ക് മുന്നിൽ ഇനിയുള്ള വഴിയെന്ത്?

13 മല്‍സരങ്ങളില്‍ നിന്ന് ആറ് ജയവും ഏഴ് തോൽവിയും അടക്കം 12 പോയിന്റാണ് ചെന്നൈയുടെ അക്കൗണ്ടിൽ ഉള്ളത്

അഞ്ച് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ചൂടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഇന്ന് നിർണായകം. നേരിയതായിട്ടാണെങ്കിലും പ്ലേഓഫ് സാധ്യത നിലനിർത്തൻ ചെന്നൈക്ക് ഇന്ന് ജയം അനിവാര്യമാണ്. ഇത് ചെന്നൈയുടെ സീസണിലെ അവസാന മത്സരം ആയിരിക്കുമോ എന്നത് കാത്തിരുന്നു തന്നെ കാണണം. ഇതിനകം തന്നെ പ്ലേഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റൻസാണ് സിഎസ്കെയുടെ എതിരാളികൾ. വിജയത്തില്‍ കുറഞ്ഞതൊന്നും തന്നെ ഇന്നത്തെ മത്സരത്തിൽ റുതുരാജ് ഗെയ്ക്വാദും സംഘവും ലക്ഷ്യമിടുന്നില്ല എന്നത് ഉറപ്പാണ്. അതേസമയം, ഈ കളിയില്‍ ജയിക്കുന്നതോടൊപ്പം മറ്റ് ടീമുകളുടെ മത്സരഫലങ്ങൾ കൂടി അനുകൂലമായാല്‍ മാത്രമേ ചെന്നൈക്ക് നേരിയ പ്ലേഓഫ് സാധ്യത നിലനില്‍ക്കുന്നുള്ളൂ. ചുരുക്കി പറഞ്ഞാൽ അത്ഭുതങ്ങൾ തന്നെ സംഭവിക്കേണ്ടതുണ്ട്.

ഇന്നത്തെ മത്സരത്തിലെ ജയം അനിവാര്യമാണ് എന്ന് പറയുമ്പോഴും വലിയ മാർജിനിൽ ചെന്നൈക്ക് ഇന്ന് ജയിക്കേണ്ടതുണ്ട്. അതായത് നെറ്റ് റണ്‍റേറ്റും മെച്ചപ്പെടുത്തണം എന്ന്. അവസാന മത്സരങ്ങളിൽ ഏറ്റ തോൽവിയാണ് ചെന്നൈക്ക് ഈ വിധത്തിൽ തിരിച്ചടിയായത്. അതുകൊണ്ട് തന്നെ ഈ സീസണിൽ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്ത് വരെ എത്തിയ ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇപ്പോൾ ഏഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. മുൻപ് ചെന്നൈയുടെ പോസിറ്റീവായിരുന്ന നെറ്റ് റണ്‍റേറ്റും ഇപ്പോൾ നെഗറ്റീവ് ആയി. 13 മല്‍സരങ്ങളില്‍ നിന്ന് ആറ് ജയവും ഏഴ് തോൽവിയും അടക്കം 12 പോയിന്റാണ് ചെന്നൈയുടെ അക്കൗണ്ടിൽ ഉള്ളത്.

നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബൈഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നി ടീമുകൾ ഇതിനായാണ് തന്നെ പ്ലേഓഫില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. രാജസ്ഥാന്‍, പഞ്ചാബ്, കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി എന്നീ അഞ്ച് ടീമുകളാണ് പ്ലേഓഫിലെത്താൻ പിടിവലി നടത്തുന്നത്. ഈ ടീമുകൾക്കെല്ലാം ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ജിടിയെ പരാജയപ്പടുത്തുന്നതിനൊപ്പം നെറ്റ് റണ്‍റേറ്റ് കൂടി മെച്ചപ്പെടുത്താനുമായാൽ ഒപ്പം മറ്റു ടീമുകളുടെ മത്സരഫലനങ്ങൾ അനുകൂലമായാലും ചെയ്‌താൽ മാത്രം ഒരു നേരിയ പ്ലേഓഫ് പ്രതീക്ഷ ഉണ്ടെന്ന് പറയാം. ഇന്ന് ജിടിക്കെതിരെ ആദ്യം ബാറ്റിങാണെങ്കില്‍ കുറഞ്ഞത് 25 റണ്‍സ് മാര്‍ജിനിലെങ്കിലും ജയിക്കുകയെന്നതാണ് റുതുരാജിനും സംഘത്തിനും മുന്നിലുള്ള പ്രധാന കടമ്പ. എങ്കില്‍ അവർക്ക് നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ നിന്ന് പോസിറ്റീവിലേക്ക് എത്തിക്കാനാകും. മറിച്ച് ജിടിക്കെതിരേ റണ്‍ചേസാണ് ചെന്നൈക്ക് ലഭിക്കുന്നതെങ്കില്‍ അവർ ഉയർത്തുന്ന വിജയലക്ഷ്യം 17.2 ഓവറിനുള്ളില്‍ പിന്തുടർന്ന് ജയിക്കാനും ചെന്നൈക്ക് കഴിയണം. ഇതിനൊപ്പം മറ്റ് ടീമുകളുടെ മത്സരഫലത്തെ കൂടി അവര്‍ ആശ്രയിക്കേണ്ടതുണ്ട്.

മുംബൈയോട് രാജസ്ഥാന്‍ തോൽക്കുകയും പഞ്ചാബിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ജയിക്കുകയും വേണം. കൂടാതെ ഡൽഹിയോട് കെകെആറും പരാജയപ്പെടേണ്ടതുണ്ട്. ഇങ്ങനെ കാര്യങ്ങള്‍ നടന്നാല്‍ റോയല്‍സിനും സിഎസ്‌കെയ്ക്കും 14 പോയിന്റ് വീതമാവുകയും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിൽ പ്ലേഓഫിലെ നാലാംസ്ഥാനക്കാരെ തീരുമാനിക്കുകയും ചെയ്യും.

Content highlight: IPL 2026: Chennai Super Kings playoff scenarios

To advertise here,contact us