മുംബൈക്ക് ജയിച്ചേ തീരൂ.. മുന്നില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; വാംഖഡെയില്‍ പോരാട്ടം കനക്കും

ഐപിഎലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം രാത്രി 7.30ന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന് ഇന്ന് നിര്‍ണായക മത്സരം. ഒമ്പതാം സ്ഥാനത്തുള്ള ടീമിന് മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ന് ജയം അനിവാര്യം. ഏഴുകളിയില്‍ രണ്ടുജയത്തോടെ നാലുപോയിന്റ് മാത്രമുള്ള മുംബൈ ഇന്ത്യന്‍സ് ഇതുവരെ തോറ്റത് അഞ്ചുമത്സരങ്ങളാണ്. എട്ടുകളിയില്‍ അഞ്ചുജയത്തോടെ ഹൈദരാബാദ് നാലാം സ്ഥാനത്താണ്. മൂന്നുമത്സരങ്ങളാണ് ഇതുവരെ ടീം തോറ്റത്. അവസാനം കളിച്ച നാലുമത്സരവും ജയിച്ചാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെതിരെ കളിക്കാനെത്തുന്നത്.

രാജസ്ഥാന്‍ റോയല്‍സിനെ 57 റണ്‍സിന് തോല്‍പ്പിച്ച ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പത്ത് റണ്‍സിന് കീഴടക്കി. ഡല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിന് തോല്‍പ്പിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സംഘം രാജസ്ഥാന്‍ റോയല്‍സിനെ ഒരിക്കല്‍ക്കൂടി തോല്‍പ്പിച്ചു. അഞ്ചുവിക്കറ്റിനായിരുന്നു ഹൈദരാബാദിന്റെ ജയം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവരോട് മാത്രമാണ് ടീം തോറ്റത്. അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും ഹെന്റിച്ച് ക്ലാസനും ഉള്‍പ്പെടുന്ന സംഘത്തിന്റെ മികവിലാണ് ഹൈദരാബാദിന്റെ ബാറ്റിങ് പ്രതീക്ഷ. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, ഇഷാന്‍ മലിംഗ, സാക്കിബ് ഹുസൈന്‍ തുടങ്ങി ബൗളിങ്ങ് കരുത്തരും ധാരാളം.

മുംബൈയാകട്ടെ അവസാന അഞ്ചുകളിയില്‍ നാലിലും തോറ്റാണ് വരുന്നത്. അവസാനം കളിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു. അന്ന് വാംഖഡെയില്‍ മുംബൈ തോറ്റത് 103 റണ്‍സിനാണ്. എന്നാല്‍ അതിന് തൊട്ടുമുമ്പുള്ള മത്സരത്തില്‍ ഗുജറാത്തിനെ 99 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. പഞ്ചാബ്, ആര്‍സിബി, രാജസ്ഥാന്‍, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളോടെല്ലാം പരാജയമറിഞ്ഞു. ക്വിന്റണ്‍ ഡി കോക്കും സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ഉള്‍പ്പെടുന്ന മുംബൈ സംഘവും മികച്ചതാണ്. ജസ്പ്രീത് ബുംറയും ഗസാനിഫറും മിച്ചല്‍ സാന്റ്‌നറും അശ്വിന കുമാറും ഉള്‍പ്പെടുന്ന ബൗളിങ് യൂണിറ്റും മികച്ചതാണ് എന്നത് ടീമിന് കരുത്തേകുന്നു.

content highlights: Must-win for Mumbai against Sunrisers Hyderabad; Battle heats up at Wankhede

To advertise here,contact us