വെടിക്കെട്ട് സെഞ്ച്വറിയിൽ ഓറഞ്ച് ക്യാപും തൂക്കി അഭിഷേക്; വിടില്ലെന്നുറച്ച് ക്ലാസൻ; ഇഞ്ചോടിഞ്ച്

റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഗുജറാത്ത് ടൈറ്റൻസ് നായകന്‍ ശുഭ്മാന്‍ ഗില്ലാണ്.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ഐ പിഎല്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കാനുള്ള പോരാട്ടത്തില്‍ മുന്നിലെത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 68 പന്തില്‍ 135 റണ്‍സുമായി പുറത്താകാതെ നിന്ന അഭിഷേക്, 7 മത്സരങ്ങളില്‍ നിന്ന് 53.83 ശരാശരിയിലും 215.33 സ്ട്രൈക്ക് റേറ്റിലും 323 റണ്‍സെടുത്താണ് അഭിഷേക് ഒന്നാം സ്ഥാനത്തെത്തിയത്.

323 റണ്‍സുമായി ഒന്നാം സ്ഥാനത്തുള്ള അഭിഷേകിന് തൊട്ടുപിന്നിലായി സഹതാരം ഹെന്‍റിച്ച് ക്ലാസനുമുണ്ട്. ഡല്‍ഹിക്കെതിരെ തകര്‍ത്തടിച്ച് 13 പന്തില്‍ 37 റണ്‍സുമായി അഭിഷേകിനൊപ്പം പുറത്താകാതെ നിന്ന ക്ലാസന്‍ 7 മത്സരങ്ങളില്‍ 53.33 ശരാശരിയിലും 153.11 സ്ട്രൈക്ക് റേറ്റിലും 320 റണ്‍സുമായാണ് അഭിഷേകിന് തൊട്ടുപിന്നിലെത്തിയത്.

റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഗുജറാത്ത് ടൈറ്റൻസ് നായകന്‍ ശുഭ്മാന്‍ ഗില്ലാണ്. മുംബൈ ഇന്ത്യൻസിനെതിരെ നിരാശപ്പെടുത്തിയെങ്കിലും അഭിഷേകിനെയും ക്ലാസനെയും അപേക്ഷിച്ച് 2 മത്സരം കുറച്ചു കളിച്ച ഗില്‍ 5 മത്സരങ്ങളില്‍ നിന്ന് 53 ശരാശരിയിലും 151.42 സ്ട്രൈക്ക് റേറ്റിലുമായി 265 റണ്‍സെടുത്തിട്ടുണ്ട്.

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ സീനിയർ താരമായ വിരാട് കോഹ്‌ലിയും ആദ്യ അഞ്ചിലുണ്ട്. ആറ് മത്സരങ്ങളില്‍ 49.40 ശരാശരിയും 157.32 സ്ട്രൈക്ക് റേറ്റുമടക്കം 247 റണ്‍സെടുത്ത താരം റണ്‍വേട്ടക്കാരില്‍ നാലാമനാണ്.

റണ്‍വേട്ടക്കാരുടെ ആദ്യ അഞ്ചില്‍ അഞ്ചാം സ്ഥാനത്ത് ഒരു 15കാരനാണ്. രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവംശി. ആറ് കളികളില്‍ 41 റണ്‍സ് ശരാശരിയിലും 236.53 എന്ന മാരക പ്രഹരശേഷിയിലും 246 റണ്‍സടിച്ചാണ് വൈഭവ് അഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചത്.

238 റൺസുമായിഇഷാൻ കിഷൻ, 30 റണ്‍സുമായി രജത് പാട്ടീദാർ, 223 റണ്‍സുമായി കൂപ്പര്‍ കൊണോലി, 223 റണ്‍സുമായി യശസ്വി ജയ്സ്വാൾ , 211 റണ്‍സുമായി പ്രിയാന്‍ഷ് ആര്യ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ.

Content highlights: ipl 2026 orange cap race abhishek sharma klaasen

To advertise here,contact us