ഐപിഎല്ലിൽ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ചെന്നൈയുടെ യുവതാരം ആയുഷ് മാത്രയെ അഭിനന്ദിച്ച് ഇന്ത്യൻ മുൻ താരം കെ ശ്രീകാന്ത്. 36 പന്തുകളിൽ നിന്ന് നാല് സിക്സറും മൂന്നു ബൗണ്ടറികളും അടക്കം 59 റൺസാണ് താരം അടിച്ചുകൂട്ടിയത്. മത്സരത്തിൽ സെഞ്ച്വറി നേടി തിളങ്ങിയ സഞ്ജുവിന് ഒത്ത പിന്തുണയുമായി ആയുഷും അർധസെഞ്ചുറിയോടെ തിളങ്ങി.
'ആയുഷ് മാത്രെ നല്ല പിന്തുണയാണ് സഞ്ജു സാംസണിനു നല്‍കിയത്. അതാണ് ചെന്നൈ സൂപ്പർ കിങ്സിനെ വലിയൊരു ടോട്ടലില്‍ എത്താന്‍ സഹായിച്ചത്. സഞ്ജുവിനെപോലെ 200 നടുത്ത് സ്ട്രൈക്ക് റേറ്റില്‍ തന്നെയാണ് മാത്രെയും ബാറ്റ് ചെയ്തത്. ഇന്നിങ്സിന്റെ അവസാനത്തേക്കു അല്‍പ്പം പതറിയെങ്കിലും വളലെ നല്ല ഇന്നിങ്സ് തന്നെയായിരുന്നു ആയുഷിന്റേതും', ശ്രീകാന്ത് വ്യക്തമാക്കി.
സഞ്ജു സാംസണിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടിലും മാത്രെ പങ്കാളിയായിരുന്നു. 68 പന്തിൽ നിന്ന് 113 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ഇരുവരുടെയും പ്രകടന മികവ് തന്നെയാണ് സിഎസ്കെയുടെ വിജയത്തിൽ നിർണായകമായതും. ആദ്യ മത്സരങ്ങളിൽ നിറം മങ്ങിയ സഞ്ജു തിരിച്ചെത്തിയതും ആയുഷിന്റെ മികച്ച പിന്തുണയും കൂടി ചേർന്നപ്പോൾ ചെപ്പോക്കിൽ സിഎസ്കെ തങ്ങളുടെ ഈ സീസണിലെ ആദ്യ ജയം സ്വന്തവുമാക്കി.
Content highlight: K Srikanth on Ayush Mahtre in CSK vs DC match