ആവേശ ജയത്തിന് പിന്നാലെ പഞ്ചാബ് നായകന് 12 ലക്ഷം രൂപ പിഴ; കാരണം ഇത്...

ഇന്ത്യൻ പ്രീമിയർ ലീഗ് പത്തൊമ്പതാം സീസണിലെ ആദ്യ ശിക്ഷാ നടപടി പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർക്കെതിരെ

ഇന്ത്യൻ പ്രീമിയർ ലീഗ് പത്തൊമ്പതാം സീസണിലെ ആദ്യ ശിക്ഷാ പഞ്ചാബ് കിങ്‌സ് നായകൻ ശ്രേയസ് അയ്യർക്കെതിരെ. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ താരത്തിന് 12 ലക്ഷം രൂപ ബിസിസിഐ പിഴയായി ചുമത്തിയത്. മത്സരത്തിൽ പഞ്ചാബ് ഗുജറാത്തിനെതിരെ മൂന്ന് വിക്കറ്റിന്‍റെ ആവേശജയം നേടിയിരുന്നു. അതിന് പിന്നാലെയാണ് നായകനെതിരെ ബിസിസിഐ കനത്ത പിഴ ചുമത്തിയിരിക്കുന്നത്.

ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരമാണ് ശിക്ഷ നടപടി. ഈ സീസണിലെ പഞ്ചാബിന്‍റെ ആദ്യ നിയമലംഘനമായതിനാലാണ് പിഴ 12 ലക്ഷം രൂപയിൽ ഒതുങ്ങിയത്. കഴിഞ്ഞ സീസണിലും ഇതേ കുറ്റത്തിന് ശ്രേയസ് രണ്ട് തവണ പിഴയൊടുക്കിയിരുന്നു. അന്ന് രണ്ടാമത്തെ തവണയും നിയമം ലംഘിച്ചപ്പോൾ പിഴത്തുക 24 ലക്ഷം രൂപയായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ ശിക്ഷാ നടപടി നേരിടേണ്ടി വന്നത് തിരിച്ചടിയായിരിക്കുകയാണ്. ഇനി വരും മത്സരങ്ങളിൽ ഓവർ റേറ്റിന്‍റെ കാര്യത്തിൽ ശ്രേയസ് അയ്യർക്ക് കരുതലെടുക്കേണ്ടി വരും. കാരണം, ഇനിയൊരു നിയമലംഘനം കൂടി ഉണ്ടായാൽ പിഴത്തുക ഇരട്ടിയാകാനും സസ്പെൻഷൻ അടക്കമുള്ള നടപടികൾ നേരിടേണ്ടതായും വരും.

ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗില്ലിനെയും സംഘത്തിനെയും 162 റൺസിൽ എറിഞ്ഞ് പിടിക്കാൻ പഞ്ചാബ് ബൗളർമാർക്ക് സാധിച്ചിരുന്നു. അതിൽ അര്‍ഷ്ദീപ് സിംഗ് മാത്രമാണ് ഏറെ നിരാശപ്പെടുത്തിയത്. ശുഭ്‌മാൻ ഗില്ലും (39), ജോസ് ബട്‌ലറും (38) മികച്ച തുടക്കം നൽകിയെങ്കിലും യുസ്‌വേന്ദ്ര ചാഹൽ, മാർക്കോ യാൻസൻ എന്നിവരുടെ കൃത്യതയാർന്ന ബൗളിംഗ് ഗുജറാത്തിനെ പിടിച്ചു കെട്ടി. അവസാന 5 ഓവറിൽ വെറും 34 റൺസ് മാത്രമാണ് ഗുജറാത്തിന് നേടാനായത്. മറുപടി ബാറ്റിംഗില്‍ പ്രഭ്സിമ്രാൻ സിംഗും കൂപ്പർ കോണോളിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്തതോടെ പഞ്ചാബ് അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.

Content highlight: PBKS captain fined 12 lakh immediately after thrilling victory against Gujarat Titans

To advertise here,contact us