കമ്മിൻസിന്റെ പരിക്ക്; സൺറൈസേഴ്‌സ് ക്യാപ്റ്റനായി ഇഷാൻ കിഷൻ; അഭിഷേക് വൈസ് ക്യാപ്റ്റൻ

ഐപിഎല്ലില്‍ പത്തൊമ്പതാം സീസൺ തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇടക്കാല ക്യാപ്റ്റനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് .

ഐപിഎല്ലില്‍ പത്തൊമ്പതാം സീസൺ തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇടക്കാല ക്യാപ്റ്റനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് . പരിക്കിനെത്തുടർന്ന് വിട്ടുനിൽക്കുന്ന നായകൻ പാറ്റ് കമ്മിൻസിന് പകരം ഇന്ത്യൻ താരം ഇഷാൻ കിഷനെ ടീമിന്‍റെ ഇടക്കാല നായകനായി നിയമിച്ചു. യുവ ഓപ്പണർ അഭിഷേക് ശർമയാണ് ടീമിന്‍റെ പുതിയ വൈസ് ക്യാപ്റ്റൻ.

കഴിഞ്ഞ രണ്ട് സീസണുകളിലും ഹൈദരാബാദിനെ നയിച്ച പാറ്റ് കമ്മിൻസിന് ആഷസ് പരമ്പരക്കിടെയേറ്റ പരിക്ക് മൂലം സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നുറപ്പായതോടെയാണ് പകരം നായകനെ ഹൈദരാബാദ് പ്രഖ്യാപിച്ചത്. കമിന്‍സ് പൂർണ്ണ കായികക്ഷമത കൈവരിക്കുന്നത് വരെ ഇഷാൻ കിഷൻ ടീമിനെ നയിക്കുമെന്ന് എസ്ആർഎച്ച് മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു. ഇഷാൻ കിഷൻ ക്യാപ്റ്റനായും അഭിഷേക് ശർമ വൈസ് ക്യാപ്റ്റനായും ടീമിനെ നയിക്കുമെന്ന് ഹൈദരാബാദ് എക്സ് പോസറ്റിലൂടെ അറിയിച്ചു.

കഴിഞ്ഞ സീസണിൽ 11.25 കോടി രൂപയ്ക്കാണ് ഇഷാൻ കിഷൻ സൺറൈസേഴ്സിൽ എത്തിയത്. അഭിഷേക് ശർമ്മയുടെ പേര് നായകസ്ഥാനത്തേക്ക് സജീവമായി ഉയർന്നു കേട്ടിരുന്നെങ്കിലും, സമീപകാലത്തെ മികച്ച പ്രകടനവും ആഭ്യന്തര ക്രിക്കറ്റിലെ നായകപാടവവുമാണ് കിഷനെ നായകനായി തെരഞ്ഞെടുക്കാന്‍ കാരണമായത്.

ജാർഖണ്ഡിനെ തങ്ങളുടെ ആദ്യ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്ക് നയിച്ചത് ഇഷാൻ കിഷനായിരുന്നു. ടൂർണമെന്‍റിൽ 197.33 സ്ട്രൈക്ക് റേറ്റിൽ 517 റൺസ് അടിച്ചുകൂട്ടി ഇഷാന്‍ ടോപ്പ് സ്കോററുമായി. ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തിലും ഇഷാൻ നിർണായക പങ്ക് വഹിച്ചിരുന്നു. ന്യൂസിലൻഡ് പരമ്പരയിലും ലോകകപ്പിലുമായി 207 സ്ട്രൈക്ക് റേറ്റിൽ 532 റൺസ് അടിച്ചുകൂട്ടിയ ഇഷാന്‍ മിന്നും ഫോമിലുമാണ്.

Content Highlights:ishan kishan new srh captain pat cummins injury abhishek sharma vice captain

To advertise here,contact us