2026 ടി20 ലോകകപ്പിൽ ദയനീയ പ്രകടനം കാഴ്ചവെക്കുകയും പുറത്താവുകയും ചെയ്തതിന് പിന്നാലെ പാക് താരങ്ങൾക്ക് പിഴശിക്ഷ ചുമത്തിയെന്ന വാർത്തകളിൽ പ്രതികരിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പാകിസ്താൻ താരങ്ങൾക്കെതിരെ നടപടി സ്വീകരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളെല്ലാം നിഷേധിച്ചിരിക്കുകയാണ് പിസിബി. താരങ്ങളിൽ നിന്ന് ഒരു പണവും ഈടാക്കിയിട്ടില്ലെന്നും ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും പിസിബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ടി20 ലോകകപ്പ് ടൂർണമെന്റിൽ ഗ്രൂപ്പ് 8 ഘട്ടത്തിൽ പുറത്തായതിനെ തുടർന്ന് ടീമിലെ ഓരോ താരത്തിനും 50 ലക്ഷം പാകിസ്താൻ രൂപ വീതം പിഴ ചുമത്തി എന്നായിരുന്നു ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഒരു താരത്തിനും പിഴ ചുമത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള ഒരു തീരുമാനവും പിസിബി മാനേജ്മെന്റ് എടുത്തിട്ടില്ലെന്നും ക്രിക്കറ്റ് ബോർഡ് വക്താവ് അമീർ മിർ മാധ്യമങ്ങളോട് പറഞ്ഞു.
'താരങ്ങൾക്ക് വർഷം തോറും ഏകദേശം 6 മുതൽ 7 കോടി പാകിസ്താൻ രൂപ വരെ വരുമാനമാണ് ഇപ്പോൾ ലഭിക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ചാൽ താരങ്ങൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കും. പ്രകടനം മോശമാകുമ്പോൾ അതിന്റെ ഉത്തരവാദിത്തവും താരങ്ങൾക്കുണ്ട്. അത് അനുസരിച്ചുള്ള ഒരു പുതിയ സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് ബോർഡ് ആലോചിക്കുന്നുണ്ട്', അമീർ മിർ പറഞ്ഞു.
2026 ടി20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ പാകിസ്താൻ സെമി കാണാതെ പുറത്താവുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോടേറ്റ പരാജയവും ആരാധകരെ നിരാശരാക്കിയിരുന്നു. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്താന് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയത്. നെതര്‍ലന്‍ഡ്സ്, യുഎസ്എ, നമീബിയ എന്നിവരെ പരാജയപ്പെടുത്തിയപ്പോള്‍ ഇന്ത്യയോട് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത്. സൂപ്പര്‍ എട്ടിലെ പോരാട്ടങ്ങള്‍ പാകിസ്താന് കടുപ്പമേറിയതായിരുന്നു. ന്യൂസിലന്‍ഡുമായുള്ള ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നതിന് പിന്നാലെ ഇംഗ്ലണ്ടിനോട് രണ്ട് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തു. ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് പാകിസ്താനെ തോല്‍പ്പിച്ചത്.
Content Highlights: No Pakistan player has been fined for T20 World Cup exit, PCB dismisses reports