'സഞ്ജു നേരിട്ടിരുന്ന അതേ അവസ്ഥയാണ് ഇപ്പോള്‍ അഭിഷേകിനും'; ഫോംഔട്ടില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യൻ കോച്ച്

ഇം​ഗ്ലണ്ടിനെതിരായ നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കവേയാണ് മോർ‌ക്കൽ അഭിഷേകിനെ പിന്തുണച്ചത്

ടി20 ലോകകപ്പിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ ഫോംഔട്ടിൽ‌ ആശങ്ക വേണ്ടെന്ന് ബോളിംഗ് പരിശീലകൻ മോണി മോർക്കൽ. ഇം​ഗ്ലണ്ടിനെതിരായ നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കവേയാണ് മോർ‌ക്കൽ അഭിഷേകിനെ പിന്തുണച്ചത്. അഭിഷേകിന്റെ മോശം ഫോമിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മലയാളി താരം സഞ്ജു സാംസൺ നേരിട്ട സാഹചര്യത്തോട് താരതമ്യം ചെയ്താണ് ഇന്ത്യൻ ബോളിങ് കോച്ച് മോർക്കൽ പ്രതികരിച്ചത്.

'ചിലപ്പോൾ ഗെയിം നിങ്ങളോട് വളരെ ക്രൂരമായി പെരുമാറും. സഞ്ജു നേരിട്ടതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ അഭിഷേകിന്റേതും. കരിയറിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാവുന്നത് കൂടുതൽ മെച്ചപ്പെടുന്നതിന് നല്ലതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു താരത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല പാഠമാണ്.', ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ മോര്‍ക്കല്‍ പറഞ്ഞു.

'അഭിഷേകിന്റെ ബാറ്റിങ് ശൈലി വെച്ച് നോക്കിയാല്‍, താളം വീണ്ടെടുക്കാൻ ഒന്നോ രണ്ടോ ഷോട്ടുകള്‍ മതിയാകും. അഭിഷേത് സാങ്കേതികതയെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്ന ഒരാളല്ല. അതുകൊണ്ട് തന്നെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ അധികം സമയം വേണ്ടിവരില്ല. ഇം​ഗ്ലണ്ടിനെതിരായ മത്സരം അദ്ദേഹത്തിന് ഒരു പുതിയ തുടക്കമാണ്. നേരത്തെ ഇംഗ്ലണ്ടിനെതിരെ അഭിഷേക് സെഞ്ച്വറി നേടിയിരുന്നു. ആ പഴയ വീഡിയോകള്‍ കണ്ട് തന്റെ മികച്ച നിമിഷങ്ങളെക്കുറിച്ച് ഓര്‍ത്തെടുക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടത്. നാളെ പൂജ്യത്തില്‍ നിന്നാണ് തുടങ്ങുന്നതെന്നും അതൊരു പുതിയ അവസരമാണെന്നും അദ്ദേഹം മനസ്സിലാക്കണം', മോര്‍ക്കല്‍ കൂട്ടിച്ചേർത്തു.

ടൂർണമെന്റിലെ ഇന്ത്യയുടെ കുതിപ്പിൽ നിർണ്ണായകമാകുമെന്ന് കരുതിയിരുന്ന അഭിഷേകിന് ഇതുവരെ തന്റെ സ്വാഭാവിക ശൈലിയിൽ കളിക്കാൻ സാധിച്ചിട്ടില്ല. സിംബാബ്‌വെക്കെതിരായ സെഞ്ച്വറി മാറ്റിനിർത്തിയാൽ, ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 13.33 ശരാശരിയിൽ 80 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. മൂന്ന് തവണ പൂജ്യത്തിന് പുറത്തായതും അഭിഷേകിന് മേൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.

Content Highlights: T20 World Cup: Morne Morkel backs Abhishek Sharma points Sanju Samson's form

To advertise here,contact us