2026 ടി20 ലോകകപ്പ് സെമി ഫൈനലിൽ പരാജയം വഴങ്ങി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീം. ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും അപരാജിതരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് പക്ഷേ ഒരിക്കൽ കൂടി നിർണായക പോരാട്ടത്തിൽ അടിപതറിയിരിക്കുകയാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും കരുത്തരായി അപകടം വിതച്ചിരുന്ന പ്രോട്ടിയാസിന് പക്ഷേ നിർണായകമായ ടി20 ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനെതിരെ മികവ് ആവർത്തിക്കാൻ സാധിച്ചില്ല.
ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റിന് അടിയറവ് പറഞ്ഞതോടെ ന്യൂസിലാൻഡ് ഫൈനലിലേക്ക് മുന്നേറി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം വെറും 12.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടക്കുകയായിരുന്നു.
ഐസിസി ടൂർണമെന്റുകളിൽ ഇത്രത്തോളം നിർഭാഗ്യം പിന്തുടർന്ന മറ്റൊരു ടീമില്ലെന്നുതന്നെ വേണം പറയാൻ. 2024 ടി20 ലോകകപ്പിലും അപരാജിതരായി ഫൈനലിലെത്തിയിട്ടും ജയിച്ചെന്ന പ്രതീക്ഷകൾ സമ്മാനിച്ച് ഒടുവിൽ ഇന്ത്യയോട് അടിയറവ് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷത്തെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയതു മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇക്കാലത്തിനിടെ ആശ്വസിക്കാവുന്ന ഒരു നേട്ടമായി അവശേഷിക്കുന്നത്.
Content Highlights: T20 World Cup 2026, SA vs NZ; Again Bad Luck for South Africa