ടി20 ലോകകപ്പില്‍ നിന്ന് പാകിസ്താന് സെമി ഫൈനൽ കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ലങ്കയെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയിട്ടും പാകിസ്താന് സെമിയിലെത്താനായില്ല. പാകിസ്താൻ പുറത്തായതോടെ സൂപ്പർ എട്ട് ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടിനുശേഷം രണ്ടാം സ്ഥാനക്കാരായി ന്യൂസിലൻഡ് സെമി ഫൈനലിന് യോഗ്യത നേടി.
പല്ലേക്കല്ലെയിൽ നടന്ന സൂപ്പര്‍ എട്ടിലെ നിർണായക പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ വച്ചത്. റണ്‍ റേറ്റ് പരിഗണിക്കുമ്പോള്‍ ലങ്കയെ 147 റണ്‍സില്‍ താഴെ പിടിച്ചുനിര്‍ത്തിയാല്‍ പാകിസ്താന് സെമിയില്‍ പ്രവേശിക്കാമായിരുന്നു. എന്നാല്‍ ലങ്ക 20 ഓവറില്‍ ആറു വിക്കറ്റിന് 207 റണ്‍സ് നേടി. ഇതോടെ ജയിച്ചിട്ടും പാകിസ്താന് ഔദ്യോഗികമായി പുറത്തായി. ഇതോടെ മൂന്ന് പോയിന്റുമായി ന്യൂസിലന്‍ഡ് സെമിയിലെത്തി. ശ്രീലങ്ക നേരത്തെ പുറത്തായിരുന്നു.
ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാന്റെ സെഞ്ച്വറിയാണ് പാകിസ്താന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. 59 പന്തിൽ 100 റൺസെടുത്ത ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്കോറർ. 42 പന്തിൽ നിന്ന് 84 റൺസെടുത്ത് ഫഖർ സമാനും മടങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി ദില്ഷന് മധുഷങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ പുറത്താകാതെ 31 പന്തില്‍ 76 റണ്‍സെടുത്ത ക്യാപ്റ്റൻ ദസുന്‍ ശനകയുടെ പ്രകടനം ലങ്കയ്ക്ക് അവസാന നിമിഷം വരെ വിജയപ്രതീക്ഷ നല്കി. 37 പന്തില്‍ 58 റണ്‍സെടുത്ത പവന് രത്നായകെയും തിളങ്ങി. പാകിസ്താന് വേണ്ടി അബ്രാര്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
T20 World Cup 2026: Pakistan Eliminated Despite Win Over Sri Lanka, New Zealand Enter Semi-Finals