ഇന്ത്യന്‍ ക്രിക്കറ്റില്‍ 'സര്‍വ്വം മായ'! ഏകദിന ടീമില്‍ നിന്ന് റിഷഭ് പന്ത് പുറത്തേക്ക്? പകരമെത്തുക ഈ താരം

2024 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെയാണ് റിഷഭ് പന്ത് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ കളിച്ചത്

ന്യൂസിലാൻഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്തേക്ക് റിഷഭ് പന്തിനെ പരി​ഗണിക്കില്ലെന്ന് റിപ്പോർട്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ സെലക്ഷന്‍ കമ്മിറ്റി 'വ്യത്യസ്തമായ വഴി' തിരഞ്ഞെടുത്തേക്കാൻ സാധ്യതയുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പന്തിന് പകരം ഇഷാൻ കിഷനെ ടീമിലേക്ക് തിരികെ വിളിക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ നീക്കമെന്നാണ് വിവരം.

2024 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെയാണ് റിഷഭ് പന്ത് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ കളിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. ടീം മാനേജ്‌മെന്റ് പുതിയൊരു ശൈലി പരീക്ഷിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പന്തിന് ടീമില്‍ സ്ഥാനം നഷ്ടമാകുന്നത്.

അതേസമയം ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിലുള്ള ഇഷാൻ കിഷൻ ടീമിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തിൽ ഏകദേശം ഉറപ്പായി. വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയ്‌ക്കെതിരെ വെറും 33 പന്തിൽ സെഞ്ച്വറി നേടി ഇഷാൻ സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയാണിത്.

Content Highlights: Rishabh Pant set to be dropped from New Zealand ODIs; Ishan Kishan likely to replace him

To advertise here,contact us