'അടുത്ത ടി20 ലോകകപ്പ് ഞാന്‍ കളിക്കും, മത്സരങ്ങള്‍ വിജയിപ്പിക്കും'; പ്രവചനവുമായി പഞ്ചാബ് കിംഗ്‌സ് താരം

33 വയസായെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് കളിക്കാന്‍ അതൊരു തടസമാവില്ലെന്നും താരം തുറന്നുപറഞ്ഞു

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ താനും സ്ഥാനം പിടിക്കുമെന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പഞ്ചാബ് കിംഗ്‌സിന്റെ സൂപ്പര്‍ താരമായ ശശാങ്ക് സിംഗ്. 2026 ശ്രീലങ്കയിലും ഇന്ത്യയിലുമായി നടക്കുന്ന ലോകകപ്പിലാണ് ദേശീയ ടീമില്‍ താനും തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രവചിച്ച് ശശാങ്ക് രംഗത്തെത്തിയത്. അടുത്ത ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് കപ്പുയര്‍ത്തുമെന്നും ശശാങ്ക് പറഞ്ഞു.

“ടീമിനെക്കുറിച്ചാണെങ്കിൽ പഞ്ചാബ് അടുത്ത വർഷത്തെ ഐ‌പി‌എൽ ഉയർത്തുമെന്ന് ഉറപ്പാണ്. ഇന്ത്യയിൽ വരാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പിൽ ഞാൻ കളിക്കുമെന്നും പ്രതീക്ഷിക്കുന്നു. ടീമിന് വേണ്ടി ഞാൻ മത്സരങ്ങൾ ജയിക്കും. അത് എങ്ങനെ സംഭവിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ അത് നടക്കുമെന്ന് ഞാൻ തീർച്ചയായും വിശ്വസിക്കുന്നു”

33 വയസായെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് കളിക്കാന്‍ അതൊരു തടസമാവില്ലെന്നും ശശാങ്ക് സിംഗ് തുറന്നുപറഞ്ഞു. സൂര്യകുമാര്‍ യാദവ് ഇന്ത്യയ്ക്ക് കളിച്ചു തുടങ്ങിയത് 30-ാം വയസിലാണ്. അതേ സൂര്യകുമാർ ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീം ക്യാപ്റ്റനാണെന്നും ശശാങ്ക് പറഞ്ഞു. സൂര്യകുമാറിനെ മാത്രമല്ല‌ 41-ാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറിയ പ്രവീണ്‍ ടാംബെയും ശശാങ്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ടാംബെയ്ക്ക് ഇന്ത്യക്ക് വേണ്ടി കളിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം 41-ാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറുമെന്ന് ആരെങ്കിലും കരുതിയിരുന്നോ എന്നും ശശാങ്ക് സിംഗ് ചോദിച്ചു.

കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി മികച്ച പ്രകടനമാണ് ശശാങ്ക് കാഴ്ച വെച്ചത്. ഫിനിഷറായി തിളങ്ങിയ ശശാങ്ക് 174 മത്സരങ്ങളില്‍ നിന്ന് 350 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് പഞ്ചാബ് നിലനിര്‍ത്തിയ രണ്ട് താരങ്ങളിലൊരാളുമായിരുന്നു ശശാങ്ക് സിംഗ്.

Content Highlights: 'I'll be playing in T20 World Cup and winning games for India', Says Shashank Singh

To advertise here,contact us