കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് 138ന് പുറത്ത്. കൊല്ലം സെയ്ലേർസിനെതിരെ നടന്ന മത്സരത്തിൽ 18ാം ഓവറിൽ 138 റൺസിൽ നിൽക്കെ എല്ലാവരും പുറത്താകുകയായിരുന്നു. 54 റൺസ് നേടിയ ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ രോഹൻ കുന്നുമ്മൽ മിന്നിയപ്പോൾ ബാക്കിയാർക്കും കാര്യമായ മികവ് പുലർത്താൻ സാധിച്ചില്ല.
25 റൺസ് നേടിയ മനു കൃഷ്ണനാണ് രണ്ടാം ടോപ് സ്കോറർ. സൽമാൻ നിസാർ 21 റൺസ് നേടി. കൊല്ലത്തിനായി ഷറഫുദ്ധീൻ എൻ എം നാല് വിക്കറ്റ് നേടിയപ്പോൾ അമൽ എജി മൂന്ന് പേരെ പറഞ്ഞുവിട്ടുു. മൂന്ന് ഓവറിൽ 16 റൺസ് മാത്രം വഴങ്ങിയാണ് ഷറഫുദ്ധീൻ നാല് വിക്കറ്റുകൾ സ്വന്തമാക്കിയത്.
അമൽ നാല് ഓവറിൽ 32 റൺസ് വഴങ്ങി മൂന്ന് പേരെ പുറത്താക്കി. ഓപ്പണിങ് ഇറങ്ങി തകർത്തടിച്ച രോഹൻ 22 പന്തിൽ നിന്നുമാണ് 54 റൺസ് നേടിയത് മൂന്ന് ഫോറും ആറ് സിക്സറും അദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു.
ടീം സ്കോർ 76ൽ നിൽക്കെ താരം കളംവിട്ടു. മറുവശത്ത് വിക്കറ്റ് കീപ്പർ ബാറ്ററായ സച്ചിൻ സുരേഷും (13 പന്തിൽ 10), അഖിൽ സ്കറിയയും (12 പന്തിൽ ഏഴ്) പതിയെ നീങ്ങിയപ്പോഴായിരുന്നു രോഹന്റെ വെടിക്കെട്ട്. തകർത്തടിച്ച രോഹൻ ബിജുനാരായണന്റെ പന്തിലാണ് പുറത്തായത്.
എം അജിനാസ് (3), പല്ലം അൻഫാൽ (9), കൃഷ്ണ ദേവൻ (2), ഹരികൃഷ്ണൻ എംയു (1), സുദേശൻ മിഥുൻ (1), എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ പ്രകടനം. 2 റൺസുമായി അഖിൽ ദേവ് പുറത്താകാതെ നിന്നു.
Content Highlights-- Calicut Globstars Allout for 38 againt kollam sailors