ഒരൊറ്റ പരമ്പരയിൽ ചാടികടന്നത് 89 സ്ഥാനങ്ങൾ! ഇനി ബ്രെവിസിന്റെ ടൈം

പരമ്പരയിൽ സെഞ്ച്വറി നേടിയ ബ്രെവിസ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു.

ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരക്ക് ശേഷം റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പർ കിങ്‌സിലെത്തിയതിന് ശേഷം മികച്ച ഫോമിലുള്ള ബ്രെവിസ് മികച്ച രീതിയിലാണ് നിലവിൽ കളിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരക്ക് മുമ്പ് ബാറ്റിങ് റാങ്കിങ്ങിൽ താഴെതട്ടിലുണ്ടായിരുന്ന ബ്രെവിസ് പരമ്പരക്ക് ശേഷം 89 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. നിലവിൽ 12ാം സ്ഥാനത്താണ് ബ്രെവിസുള്ളത്. പരമ്പരയിൽ സെഞ്ച്വറി നേടിയ ബ്രെവിസ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയായിരുന്നു.

പരമ്പരയിൽ ദക്ഷിണാഫ്രിക്ക തോറ്റെങ്കിലും ബ്രെവിസിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിനുള്ള വരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ആദ്യ മത്സരത്തിൽ പരാജയമായി മാറിയ ബ്രെവിസ് രണ്ടാം ടി20യിൽ 56 പന്തിൽ നിന്ന് 125 റൺസുമായി തകർത്തടിച്ചു. മത്സരത്തിൽ പ്രോട്ടീസ് വിജയിക്കുകയും ചെയ്തു.

തുടർന്ന് മൂന്നാം മത്സരത്തിലും ബ്രെവിസ് തന്റെ കരുത്ത് കാട്ടി. വെറും 26 പന്തിൽ നിന്ന് 53 റൺസ് നേടിയാണ് അദ്ദേഹം പരമ്പര അവസാനിപ്പിച്ചത്. മൂന്ന് ടി20കളിൽ നിന്ന് 180 റൺസ് നേടിയാണ് അദ്ദേഹം കളംവിട്ടത്.

അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പിന് ദക്ഷിണാഫ്രിക്കയുടെ പ്രധാന ആയുധങ്ങളിൽ ഒരാൾ ഈ 22 കാരനായിരിക്കും. ടി-20 പരമ്പരയിലെ മികച്ച പ്രകടനം അദ്ദേഹത്തിന് ഏകദിനത്തിലും ഇടം നൽകി. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്‌സറടിച്ചാണ് അദ്ദേഹം ഏകദിന കരിയറിന് തുടക്കമിട്ടതെങ്കിലും രണ്ടാം പന്തിൽ പുറത്തായി.

Content Highlights- DEWALD BREVIS HAS CLIMBED 89 POSITIONS AFTER AUSTRALIA T20IS.

To advertise here,contact us