ഫിനിഷറായി ട്രെന്റ് ബോൾട്ട്; മേജർ ലീ​ഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് ന്യൂയോർക്ക് ക്വാളിഫയറിൽ

രണ്ടാം ഇന്നിങ്സിനിടെ പലതവണ വിജയപരാജയങ്ങൾ മാറിമറിഞ്ഞു

മേജർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിൽ രണ്ടാം ക്വാളിഫയറിന് യോ​ഗ്യത നേടി മുംബൈ ഇന്ത്യൻസ് ന്യൂയോർക്ക്. ഇന്ന് നടന്ന എലിമിനേറ്ററിൽ സാൻഫ്രാൻസിസ്കോയെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് രണ്ടാം ക്വാളിഫയറിന് യോ​ഗ്യത നേടിയത്. അവസാന ഓവറുകളിൽ ട്രെന്റ് ബോൾട്ടിന്റെ ബാറ്റിങ് മികവാണ് മുംബൈ ഇന്ത്യൻസിനെ വിജയത്തിലെത്തിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സാൻഫ്രാൻസിസ്കോ 19.1 ഓവറിൽ 131 റൺസിൽ എല്ലാവരും പുറത്തായി. മുൻനിര ബാറ്റർമാർ ഡഗ്ഔട്ടിലേക്ക് കൂട്ടപാലായാനം നടത്തിയപ്പോൾ സാൻഫ്രാൻസിസ്കോ ഒരു ഘട്ടത്തിൽ അഞ്ചിന് 16 റൺസെന്ന നിലയിൽ തകർന്നടിഞ്ഞു. എട്ടാമനായി ക്രീസിലെത്തി 24 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം 44 റൺസെടുത്ത സേവ്യർ ബാർലെറ്റിന്റെ ബാറ്റിങ്ങാണ് സാൻഫ്രാൻസിസ്കോ സ്കോർ 100 കടത്തിയത്. 19 പന്തിൽ മൂന്ന് ഫോറുകൾ സഹിതം കൂപ്പർ കോണോലി 23 റൺസും നേടി.

രണ്ടാം ഇന്നിങ്സിനിടെ പലതവണ വിജയപരാജയങ്ങൾ മാറിമറിഞ്ഞു. 32 പന്തിൽ രണ്ട് സിക്സർ സഹിതം 33 റൺസെടുത്ത മൊണാങ്ക് പട്ടേൽ, 24 പന്തിൽ നാല് ഫോറും ഒരു സിക്സറും സഹിതം 33 റൺസെടുത്ത ക്വിന്റൺ ഡികോക്ക് എന്നിവർ മുംബൈ ഇന്ത്യൻസിനായി ഭേദപ്പെട്ട തുടക്കം നൽകി. സ്കോർ 43ൽ നിൽക്കെ ഡികോക്കിനെയാണ് ന്യൂയോർക്കിന് ആദ്യം നഷ്ടമായത്. പിന്നാലെ കൃത്യമായ ഇടവേളകളിൽ ന്യൂയോർക്ക് താരങ്ങൾ ഡ​ഗ്ഔട്ടിൽ തിരിച്ചെത്തി. 17 ഓവർ പിന്നിടുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 108 എന്നായിരുന്നു ന്യൂയോർക്ക് സ്കോർ.

ഒടുവിൽ 19-ാം ഓവറിൽ സാൻഫ്രാൻസിസ്കോ സ്പിന്നർ ഹസൻ ഖാനെ രണ്ട് സിക്സർ ഉൾപ്പെടെ 15 റൺസ് നേടി ട്രെന്റ് ബോൾട്ട് ന്യൂയോർക്കിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 13 പന്തിൽ രണ്ട് സിക്സറുകൾ സഹിതം 23 റൺസെടുത്ത ട്രെന്റ് ബോൾട്ടിന്റെ ഇന്നിങ്സാണ് ന്യൂയോർക്കിനെ വിജയത്തിലെത്തിച്ചത്. 19.3 ഓവറിൽ എട്ട് വിക്കറ്റിനായിരുന്ന മുംബൈ ഇന്ത്യൻസ് സംഘത്തിന്റെ വിജയം.

ജൂലൈ 12ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് ന്യൂയോർക്കിന് ടെക്സസ് സൂപ്പർ കിങ്സാണ് എതിരാളികൾ. ജൂലൈ 14ന് നടക്കുന്ന ഫൈനലിനായി വാഷിങ്ടൺ ഫ്രീഡം യോ​ഗ്യത നേടിയിട്ടുണ്ട്.

Content Highlights: Trent Boult, the hero for MI with bat in eliminator

To advertise here,contact us