അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ആവേശപ്പോരാട്ടം. വാഷിങ്ടൺ ഫ്രീഡവും ലോസ് ഏയ്ഞ്ചൽസ് നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിലാണ് ആവേശം അവസാനം പന്ത് വരെ നീണ്ടത്. മത്സരത്തിൽ അഞ്ച് വിക്കറ്റിന് വാഷിങ്ടൺ ഫ്രീഡമാണ് വിജയിച്ചത്. സ്കോർ ലോസ് ഏയ്ഞ്ചൽസ് നിശ്ചിത 20 ഓവറിൽ നാലിന് 213, വാഷിങ്ടൺ ഫ്രീഡം 20 ഓവറിൽ അഞ്ചിന് 214.
അവസാന പന്തിൽ ഒരു റൺ ആയിരുന്നു വാഷിങ്ടണിന് വിജയത്തിന് ആവശ്യമായിരുന്നത്. ഗ്ലെൻ ഫിലിപ്സ് ആയിരുന്നു ക്രീസിൽ. ലോസ് ഏയ്ഞ്ചൽസിനായി ആന്ദ്രേ റസ്സൽ പന്തെറിഞ്ഞു. ഫിലിപ്സിന്റെ ഷോട്ട് മിഡ് ഓഫിൽ ജേസൺ ഹോൾഡറുടെ കൈകളിലേക്കെത്തി. ആദ്യം ക്യാച്ച് കൈവിട്ട ഹോൾഡർ രണ്ടാമതും ക്യാച്ചിനായി ശ്രമിച്ചു. പക്ഷേ രണ്ടാം തവണയും ഹോൾഡറിന് പന്ത് കൈപ്പിടിയിലാക്കാൻ കഴിഞ്ഞില്ല. ഇതോടെ സിംഗിൾ പൂർത്തിയാക്കി വാഷിങ്ടൺ ഫ്രീഡം മത്സരം വിജയിച്ചു.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ വാഷിങ്ടൺ ഫ്രീഡം ലോസ് ഏയ്ഞ്ചൽസിനെ ബാറ്റിങ്ങിനയച്ചു. മുൻ നിര താരങ്ങളുടെ തകർപ്പൻ ബാറ്റിങ്ങാണ് ലോസ് ഏയ്ഞ്ചൽസിനെ മികച്ച സ്കോറിലെത്തിച്ചത്. ആദ്യ വിക്കറ്റിൽ ഉൻമുക്ത് ചന്ദും ആന്ദ്ര ഫ്ലെച്ചറും ചേർന്ന് 130 റൺസ് കൂട്ടിച്ചേർത്തു. 30 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം ചന്ദ് 41 റൺസ് നേടി. 60 പന്തുകൾ നേരിട്ട് ഏഴ് ഫോറും ആറ് സിക്സറും സഹിതം 104 റൺസെടുത്ത ആന്ദ്ര ഫ്ലെച്ചർ പിന്നീട് റിട്ടയർഡ് ഔട്ടാകുകയായിരുന്നു.
ഷെർഫെയ്ൻ റൂഥർഫോർഡ് 11 പന്തിൽ രണ്ട് സിക്സർ ഉൾപ്പെടെ 30 റൺസ്, ആന്ദ്ര റസ്സൽ 13 പന്തിൽ പുറത്താകാതെ 30 റൺസ്, ജേസൺ ഹോൾഡർ ആറ് പന്തിൽ ഒരു സിക്സർ ഉൾപ്പെടെ 11 റൺസ് എന്നീ സംഭാവനകളും ലോസ് ഏയ്ഞ്ചൽസ് സ്കോറിങ്ങിൽ നിർണായകമായി.
മറുപടി ബാറ്റിങ്ങിൽ വാഷിങ്ടൺ താരങ്ങളും മോശമാക്കിയില്ല. മിച്ചൽ ഓവൻ 16 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം 43 റൺസ്, ആന്ദ്രീസ് ഗൗസ് 27 പന്തിൽ ഒരു ഫോറും രണ്ട് സിക്സറും സഹിതം 31 റൺസ്, ക്യാപ്റ്റൻ ഗ്ലെൻ മാക്സ്വെൽ 23 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സറും സഹിതം 42 റൺസ് എന്നിവർ മികച്ച സംഭാവനകൾ നൽകി. 23 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 33 റൺസെടുത്ത ഗ്ലെൻ ഫിലിപ്സ്, 16 പന്തിൽ ഒരു ഫോറും ഒരു സിക്സറും സഹിതം 23 റൺസെടുത്ത ഒബസ് പിയേനാർ എന്നിവരുടെ പോരാട്ടമാണ് വാഷിങ്ടണിനെ വിജയത്തിലെത്തിച്ചത്.
Content Highlights: Washington Freedom beat Los Angels Knight Riders in last ball thriller