ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുമ്പോൾ ഇന്ത്യയുടെ പ്രതീക്ഷ മുഴുവൻ പേസ് കുന്തമുനയായ ജസ്പ്രീത് ബുംമ്രയിലാണ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് പിഴുത ബുമ്ര ഒരിക്കൽ കൂടി ഇന്ത്യയെ തോളിലേറ്റി. ഇന്ത്യൻ സ്റ്റാർ പേസറുടെ ഫൈഫർ നേട്ടത്തിന് പിന്നാലെ ബുംമ്രയുടെ ജീവിത പങ്കാളിയും സ്പോർട്സ് അവതാരികയുമായ സഞ്ജന ഗണേശന്റെ വാക്കുകളും ഇപ്പോൾ ചർച്ചയാവുന്നു.
ബുംമ്രയെ വിമർശിക്കുന്നവരോടുള്ള തക്കതായ മറുപടിയാണ് ലീഡ്സ് ടെസ്റ്റിന്റെ നാലാം ദിനം സോണി സ്പോർട്സിലെ ചർച്ചയ്ക്കിടെ സഞ്ജന നൽകിയത്. ബുംമ്രയുടെ ഫിറ്റ്നസിനെയും ലഭ്യതയെയും കുറിച്ചുള്ള നിരന്തരമായ അഭിപ്രായങ്ങളെ കുറിച്ച് സഞ്ജന പറഞ്ഞു. മിക്ക ആളുകളും അഭിപ്രായങ്ങൾ പറയുന്നത് താരങ്ങളെ കളിക്കളത്തിൽ കാണുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയാണെന്നും വ്യക്തിപരമായി ആർക്കും അവരെ അറിയില്ലെന്നും സഞ്ജന പറയുന്നു. മനുഷ്യരാണ് അതിന്റെ ബഹുമാനം എല്ലാവരും എല്ലാവരോടും കാണിക്കേണ്ടതുണ്ട് എന്നാണ് വിമർശകരോട് സഞ്ജന പറയുന്നത്.
"ഒരു പ്രൊഫഷണൽ അത്ലറ്റിനെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്ത ഈ കുറഞ്ഞ സമയത്തിനുള്ളിൽ, മറ്റുള്ളവർക്ക് താരങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും അറിയില്ലെന്ന് ഞാൻ മനസ്സിലാക്കി. ആളുകളുടെ അഭിപ്രായത്തിൽ ഞങ്ങൾ എങ്ങനെയാണെന്നും യഥാർത്ഥ ജീവിതത്തിൽ ഞങ്ങൾ എങ്ങനെയാണെന്നും എന്നത് വേർതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതിലൂടെ ഒരുപാട് സമാധാനം ലഭിക്കുന്നു. അവരും മനുഷ്യരാണ്. മനുഷ്യരെ കുറിച്ചാണ് നിങ്ങൾ ഈ അഭിപ്രായങ്ങളെല്ലാം പറയുന്നതെന്ന് ഓർക്കണം. പരസ്പരം ബഹുമാനം നൽകിയാണ് എല്ലാ മനുഷ്യരേയും പരിഗണിക്കേണ്ടത്", സഞ്ജന പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിച്ചതിന് പിന്നാലെ പ്രസ് കോൺഫറൻസിൽ ബുമ്രയും തന്റെ വിമർശകർക്ക് മറുപടി നൽകിയിരുന്നു. ഗുരുതര പരിക്കുകളുമായി പുറത്തുപോയപ്പോള്‍ തന്റെ കരിയര്‍ തീര്‍ന്നുവെന്ന് പറഞ്ഞവരുണ്ടെന്നും അവർക്കുള്ള മറുപടിയാണ് തന്റെ അഞ്ച് വിക്കറ്റ് നേട്ടമെന്നാണ് ബുംമ്ര പറഞ്ഞത്.
Content Highlights: Sanjana Ganesan responded calmly to criticism around Jasprit Bumrah