'തോറ്റ് കൊടുക്കാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ ഒരു കാരണവുമില്ല'; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലീഷ് പേസർ

സമനിലയ്ക്ക് വേണ്ടിയല്ല വിജയത്തിന് വേണ്ടിയാണ് കളിക്കുന്നതെന്ന് ടംഗ്

ലീഡ്സ് ടെസ്റ്റ് ഏറെ നിര്‍ണായകമായ അഞ്ചാം ദിനത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇംഗ്ലണ്ടിന് ഇനി 350 റണ്‍സ് കൂടി വേണം. ഇന്ത്യയ്ക്കാണെങ്കില്‍ വിജയ തീരമണയാന്‍ ഇംഗ്ലണ്ടിന്റെ പത്തുവിക്കറ്റുകളും വീഴ്ത്തണം. മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 364 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 371 റണ്‍സായി മാറി.

അഞ്ചാം ദിനം കളിയാരംഭിക്കുന്നതിന് മുമ്പേ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പേസര്‍ ജോഷ് ടംഗ്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സ് വിജയലക്ഷ്യം അഞ്ചാം ദിവസം ഇംഗ്ലണ്ട് പിന്തുടര്‍ന്ന് വിജയിക്കുമെന്ന് ടംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമനിലയ്ക്ക് വേണ്ടിയല്ല മറിച്ച് വിജയത്തിന് വേണ്ടിയാണ് തങ്ങള്‍ കളിക്കുന്നതെന്നും ടംഗ് വ്യക്തമാക്കി.

'ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കാന്‍ തന്നെയാണ് ഞങ്ങളിന്ന് ഇറങ്ങുന്നത്. ഇത് ഒരു അസാധ്യമായ ലക്ഷ്യമാണെന്ന് കരുതാന്‍ മാത്രം ഞങ്ങള്‍ക്ക് മുന്നില്‍ ഒരു കാരണവുമില്ല. സമനിലയ്ക്കായി കളിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ലഞ്ചിന് ശേഷം സ്ഥിതി വിലയിരുത്തി മുന്നോട്ട് പോകും. ഏത് വലിയ സ്‌കോറും പിന്തുടരാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട് ', ടംഗ് പറഞ്ഞു.

നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമാവാതെ 21 റണ്‍സെടുത്തിട്ടുണ്ട് ഇംഗ്ലണ്ട്. ബെന്‍ ഡക്കറ്റും സാക് ക്രോളിയുമാണ് ക്രീസില്‍. കെ എല്‍ രാഹുല്‍ (137), റിഷഭ് പന്ത് (118) എന്നിവരുടെ സെഞ്ച്വറികളുടെ മികവിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 364 റണ്‍സ് പടുത്തുയര്‍ത്തിയത്. ലീഡ്സിസിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ വിജയലക്ഷ്യങ്ങളിലൊന്നാണ് മുന്നോട്ട് വെക്കുകയായിരുന്നു.

Content Highlights: England can chase 371: Josh Tongue warns India ahead of Day 5

To advertise here,contact us