മേജർ ലീ​ഗ് ക്രിക്കറ്റ്; ടെക്സസ് സൂപ്പർ കിങ്സിനെ വീഴ്ത്തി വാഷിങ്ടൺ ഫ്രീഡം

ഓപണർമാരായ സമിത് പട്ടേലും ഫാഫ് ഡു പ്ലെസിസും ടെക്സസിന് മികച്ച തുടക്കം നൽകി

മേജർ ലീ​ഗ് ക്രിക്കറ്റിൽ ടെക്സസ് സൂപ്പർ കിങ്സിന്റെ വമ്പൻ സ്കോർ പിന്തുടർന്ന് വിജയിച്ച് വാഷിങ്ടൺ ഫ്രീഡം. ഏഴ് വിക്കറ്റിനാണ് വാഷിങ്ടൺ ഫ്രീഡത്തിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടെക്സസ് സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വാഷിങ്ടൺ ഫ്രീഡം ലക്ഷ്യത്തിലെത്തി.

നേരത്തെ ടോസ് നേടിയ വാഷിങ്ടൺ ഫ്രീഡം ടെക്സസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപണർമാരായ സമിത് പട്ടേലും ഫാഫ് ഡു പ്ലെസിസും ടെക്സസിന് മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ 55 റൺസ് പിറന്നു. സമിത് പട്ടേൽ 15 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം 24 റൺസാണ് ടെക്സസിന് സംഭാവന ചെയ്തത്. 31 പന്തിൽ എട്ട് ഫോറും നാല് സിക്സറും സഹിതം ടെക്സസ് നായകൻ ഫാഫ് ഡു പ്ലെസിസ് 69 റൺസെടുത്തു.

മധ്യനിരയിൽ മാർകസ് സ്റ്റോയിനിസ് 24 പന്തിൽ 32 റൺസ്, മിലിന്ദ് കുമാർ 18 പന്തിൽ 31 റൺസ് എന്നിങ്ങനെയും സംഭാവന ചെയ്തു. അവസാന ഓവറുകളിൽ കാൽവിൻ സാൽവേജ് എട്ട് പന്തിൽ പുറത്താകാതെ 15 റൺസ്, 10 പന്തിൽ പുറത്താകാതെ 26 എന്നിവരുടെ സംഭാവനകൾ ടെ​ക്സസ് സ്കോർ 200 കടത്തി.

മറുപടി ബാറ്റിങ്ങിൽ ടെക്സസിന്റെ വലിയ സ്കോറിനെതിരെ വാഷിങ്ടൺ ഫ്രീഡം നന്നായി തിരിച്ചടിച്ചു. 11 റൺസെടുത്ത ഓപണർ രചിൻ രവീന്ദ്രയുടെ വിക്കറ്റ് വാഷിങ്ടൺ ഫ്രീഡത്തിന് നേരത്തെ തന്നെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച മിച്ചൽ ഓവനും ആന്ദ്രീസ് ​ഗൗസും വാഷിങ്ടൺ സ്കോർ അനായാസം മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 119 റൺസ് പിറന്നു.

52 പന്തിൽ എട്ട് ഫോറും അഞ്ച് സിക്സറും സഹിതം 89 റൺസെടുത്താണ് ഓവൻ പുറത്തായത്. ടീമിനെ വിജയത്തിലെത്തിക്കുന്നത് വരെ ​ഗൗസ് പോരാട്ടം തുടർന്നു. 45 പന്തിൽ എട്ട് ഫോറും നാല് സിക്സറും സഹിതം പുറത്താകാതെ 80 റൺസാണ് ​ഗൗസ് നേടിയത്. ​ഗ്ലെൻ മാക്സ്‍വെൽ 20 റൺസ് നേടിയപ്പോൾ ​ഗ്ലെൻ ഫിലിപ്സ് പുറത്താകതെ 12 റൺസും സ്കോർ ചെയ്തു.

Content Highlights: Washington Freedom beat Texas Super Kings by seven wickets in MLC

To advertise here,contact us