ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുത്തവർക്കായുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ സായി സുദർശൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ സായി 41 റൺസ് നേടിയിരുന്നു. ഇതോടെ സീസണിൽ 14 മത്സരങ്ങൾ കളിച്ച സായി സുദർശൻ 679 റൺസ് നേടിക്കഴിഞ്ഞു. ഗുജറാത്ത് ടൈറ്റൻസ് നായകൻ കൂടിയായ ശുഭ്മൻ ഗില്ലാണ് റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുള്ളത്. 14 മത്സരങ്ങളിൽ നിന്ന് 649 റൺസാണ് ഗിൽ നേടിയിരിക്കുന്നത്.
മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവാണ് റൺവേട്ടയിൽ മൂന്നാമൻ. 13 മത്സരങ്ങളിൽ നിന്ന് 583 റൺസാണ് സൂര്യയുടെ നേട്ടം. ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മിച്ചൽ മാർഷാണ് നാലാം സ്ഥാനത്തുള്ളത്. 12 മത്സരങ്ങളിൽ നിന്ന് മാർഷ് 560 റൺസ് നേടി. രാജസ്ഥാൻ റോയൽസിന്റെ യശസ്വി ജയ്സ്വാളാണ് റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. 14 മത്സരങ്ങൾ പൂർത്തിയാക്കിയ ജയ്സ്വാൾ 559 റൺസ് നേടിയിട്ടുണ്ട്.
ഐപിഎൽ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയവർക്കുള്ള പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നൂർ അഹമ്മദാണ് മുന്നിലുള്ളത്. 14 മത്സരങ്ങൾ പിന്നിടുമ്പോൾ നൂർ 24 വിക്കറ്റുകൾ സ്വന്തമാക്കി. ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നൂർ മൂന്ന് വിക്കറ്റുകളാണ് നേടിയത്. ഗുജറാത്ത് ടൈറ്റൻസിന്റെ പേസർ പ്രസിദ്ധ് കൃഷ്ണ രണ്ടാം സ്ഥാനത്തുണ്ട്. 14 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ പ്രസിദ്ധ് സ്വന്തമാക്കി കഴിഞ്ഞു. ഇന്നലെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പ്രസിദ്ധ് രണ്ട് വിക്കറ്റുകൾ നേടി.
വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതുള്ളത് മുംബൈ ഇന്ത്യൻസ് താരം ട്രെന്റ് ബോൾട്ടാണ്. 13 മത്സരങ്ങൾ കളിച്ച ബോൾട്ട് 19 വിക്കറ്റുകൾ സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്സ് താരം ജോഷ് ഹേസൽവുഡാണ് പട്ടികയിൽ നാലാമതുള്ളത്. 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് ഹേസൽവുഡിന്റെ സമ്പാദ്യം. ഗുജറാത്ത് ടൈറ്റൻസിന്റെ സായി കിഷോർ 14 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ വീഴ്ത്തി അഞ്ചാം സ്ഥാനത്തുണ്ട്. ഇന്നലെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സായി കിഷോർ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.
Content Highlights: Sai Sudharsan holds orange cap, Noor Ahmed leads purple cap list