'ഞാനാണ് തോൽവിക്ക് കാരണം, സമ്മർദ്ദം കുറയ്ക്കാൻ ശ്രമിച്ചില്ല': മഹേന്ദ്ര സിങ് ധോണി

'ചെന്നൈ ബൗളർമാർ കൂടുതൽ യോർക്കറുകൾ എറിയാൻ പരിശീലിക്കണം. എതിർ ടീമിന്റെ ബാറ്റർമാർ നന്നായി കളിക്കുമ്പോൾ ചെന്നൈ ബൗളർമാർ യോർക്കറുകൾ എറിയണം'

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി. തോൽവിക്ക് കാരണം താനാണെന്ന് ധോണി കുറ്റസമ്മതം നടത്തി. 'അവസാന ഓവറുകളിൽ വിജയലക്ഷ്യം മനസിലാക്കി കൂടുതൽ ഷോട്ടുകൾ അടിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ടീമിന്റെ സമ്മർദ്ദം കുറയുമായിരുന്നു. അതുകൊണ്ട് ടീമിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു.' ധോണി മത്സരശേഷം പ്രതികരിച്ചു.

'ആർസിബി ബാറ്റിങ്ങിനെക്കുറിച്ചും ധോണി പ്രതികരിച്ചു. മത്സരത്തിൽ ആർസിബിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ ചെന്നൈ ശക്തമായി തിരിച്ചുവന്നു. പക്ഷേ അവസാന ഓവറുകളിൽ റൊമാരിയോ ഷെപ്പേർഡ് നന്നായി ബാറ്റ് ചെയ്തു. ചെന്നൈയുടെ ബൗളർമാർ നന്നായി പന്തെറിഞ്ഞിട്ടും ഷെപ്പേർഡ് പരമാവധി റൺസ് കണ്ടെത്തി,' ധോണി പറഞ്ഞു.

'ചെന്നൈ ബൗളർമാർ കൂടുതൽ യോർക്കറുകൾ എറിയാൻ പരിശീലിക്കണം. എതിർ ടീമിന്റെ ബാറ്റർമാർ നന്നായി കളിക്കുമ്പോൾ ചെന്നൈ ബൗളർമാർ യോർക്കറുകൾ എറിയണം. യോർക്കറുകൾ നന്നായി എറിഞ്ഞില്ലെങ്കിൽ അത് ലോ-ഫുൾഡോസുകൾ ആകും. അത്തരം പന്തുകളിലും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടാണ്,' ധോണി വ്യക്തമാക്കി.

ഐപിഎല്ലിൽ ആവേശകരമായ മത്സരത്തിൽ രണ്ട് റൺസിനാണ് ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ചെന്നൈ സൂപ്പർ കിങ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് വരെയെത്തി.

Content Highlights: Dhoni takes blame for CSK's defeat

To advertise here,contact us