രാജസ്ഥാൻ റോയൽസിന് തിരിച്ചടി; വിരലിന് പരിക്കേറ്റ സന്ദീപ് ശർമയ്ക്ക് സീസൺ നഷ്ടമാകും

സീസണിൽ 10 മത്സരങ്ങൾ കളിച്ച സന്ദീപ് ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയത്

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി. വിരലിന് പരിക്കേറ്റ സന്ദീപ് ശർമയ്ക്ക് സീസണിലെ അവശേഷിച്ച മത്സരങ്ങൾ നഷ്ടമാകും. ​ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെയാണ് സന്ദീപ് ശർമയ്ക്ക് പരിക്കേറ്റത്. രാജസ്ഥാൻ റോയൽസ് ഇക്കാര്യം സ്ഥിരീകരിച്ചു.

​ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ വിരലിന് പരിക്കേറ്റിട്ടും പന്തെറിയാൻ സന്ദീപ് കാണിച്ച അസാമാന്യ ധൈര്യം പ്രശംസനീയമാണ്. രാജസ്ഥാൻ റോയൽസിലെ എല്ലാവരും സന്ദീപിന് വേഗത്തിലുള്ള രോഗമുക്തി ആശംസിക്കുന്നു. രാജസ്ഥാൻ റോയൽസ് പ്രസ്താവനയിലൂടെ പ്രതികരിച്ചു.

ഐപിഎൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സന്ദീപിന് സാധിച്ചിരുന്നില്ല. രാജസ്ഥാനായി 10 മത്സരങ്ങൾ കളിച്ച സന്ദീപ് ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയത്. 9.89 ആണ് താരത്തിന്റെ എക്കണോമി. മുംബൈ ഇന്ത്യൻസിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിൽ ആകാശ് മദ്‍വാളാണ് സന്ദീപിന് പകരം കളിക്കുന്നത്.

ഐപിഎല്ലിൽ 10 മത്സരങ്ങൾ പിന്നിട്ട രാജസ്ഥാൻ റോയൽസ് മൂന്ന് വിജയങ്ങൾ മാത്രമാണ് നേടിയത്. ഇനിയുള്ള നാല് മത്സരങ്ങളും രാജസ്ഥാന് വിജയിക്കേണ്ടതുണ്ട്. ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടുകയാണ്.

Content Highlights: Injured Sandeep Sharma to miss remainder of IPL 2025

To advertise here,contact us