ഓസ്ട്രേലിയ ഈസ് സ്റ്റിൽ ഓസ്ട്രേലിയ; ചാംപ്യൻസ് ട്രോഫിയിലെ ഏക്കാലത്തെയും വലിയ റൺചെയ്സ്

2009ൽ ചാംപ്യന്മാരായതിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ ചാംപ്യൻസ് ട്രോഫിയിൽ ഒരു മത്സരം വിജയിക്കുന്നത്

പാറ്റ് കമ്മിൻസ് നായകനായില്ല. മിച്ചൽ സ്റ്റാർക്കിന്റെയും ജോഷ് ഹേസൽവുഡിന്റെയും പേസില്ല. മിച്ചൽ മാർഷിന്റെ ഓൾ റൗണ്ട് മികവില്ല, അപ്രതീക്ഷിതമായി വിരമിച്ച് മാർകസ് സ്റ്റോയിനിസ്. എന്നിട്ടും ചാംപ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയ വിജയിച്ചു തുടങ്ങി. ഐസിസി ചാംപ്യൻസ് ട്രോഫി ചരിത്രത്തിലെ എറ്റവും വലിയ റൺചെയ്സിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് അടിച്ചുകൂട്ടി. 47.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയൻ സംഘം ലക്ഷ്യം മറികടന്നു.

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഇം​ഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചാംപ്യൻസ് ട്രോഫി ചരിത്രത്തിൽ ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോർ അടിച്ചെടുത്ത് ബെൻ ഡക്കറ്റ് ഇം​ഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ചു. 143 പന്തുകൾ നേരിട്ട് 17 ഫോറിന്റെയും മൂന്ന് സിക്സറുകളുടെയും സഹായത്തോടെ 165 റൺസാണ് ഡക്കറ്റ് നേടിയത്.

21 വർഷം പഴക്കമുള്ള റെക്കോർഡാണ് ബെൻ ഡക്കറ്റ് തിരുത്തിയെഴുതിയത്. ന്യൂസിലാൻഡ് മുൻ താരം നഥാൻ ആസിലിന്റെ പേരിലായിരുന്നു ചാംപ്യൻസ് ട്രോഫിയിലെ എക്കാലത്തെയും ഉയർന്ന വ്യക്തി​ഗത സ്കോർ നേട്ടം. 2004ൽ യു എസ് എയ്ക്കെതിരെ പുറത്താകാതെ 145 റൺസ് ആസിൽ നേടിയിരുന്നു. 2002ൽ ഇന്ത്യയ്ക്കെതിരെ സിംബാബ്‍വെയുടെ ആൻഡി ഫ്ലവറും 145 റൺസ് നേടിയിരുന്നു. ഡക്കറ്റിനെ കൂടാതെ 68 റൺസെടുത്ത ജോ റൂട്ടാണ് ഇം​ഗ്ലീഷ് നിരയിൽ തിളങ്ങിയ മറ്റൊരു ബാറ്റർ. ഓസ്ട്രേലിയയ്ക്കായി ബെൻ ഡ്വാര്‍ഷുസ് മൂന്ന് വിക്കറ്റെടുത്തു.

മറുപടി പറഞ്ഞ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തിരിച്ചടിയാണുണ്ടായത്. ട്രാവിസ് ഹെഡ് ആറ് റൺസെടുത്തും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് അഞ്ച് റൺസെടുത്തും വിക്കറ്റ് നഷ്ടമാക്കി. എന്നാൽ ഒരുവശത്ത് മാറ്റ് ഷോർട്ട് മികച്ച തുടക്കം ഉറപ്പാക്കി. 66 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സറും സഹിതം ഷോർട്ട് 63 റൺസെടുത്തു. മാർനസ് ലബുഷെയ്ൻ 47, അലക്സ് ക്യാരി 69 എന്നിവർ മികച്ച സംഭാവനകൾ നൽകി.

Also Read:

Cricket
'ചാംപ്യൻസ് ട്രോഫിയിൽ കളിക്കാനാവാത്തതിൽ നിരാശയുണ്ട്, കെ സി എയുമായി പ്രശ്നങ്ങളില്ല': സഞ്ജു സാംസൺ

അഞ്ചാമനായി ക്രീസിലെത്തി 86 പന്തിൽ എട്ട് ഫോറും ആറ് സിക്സറും സഹിതം 120 റൺസുമായി പുറത്താകാതെ നിന്ന ജോഷ് ഇൻ​ഗ്ലീഷ് ആണ് ഓസ്ട്രേലിയൻ വിജയം ഉറപ്പാക്കിയത്. 15 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 32 റൺസുമായി ​ഗ്ലെൻ മാക്സ്‍വെല്ലും വിജയത്തിൽ നിർണായകമായി. 2009ൽ ചാംപ്യന്മാരായതിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ ചാംപ്യൻസ് ട്രോഫിയിൽ ഒരു മത്സരം വിജയിക്കുന്നത്.

Content Highlights: Australia beat England by five wickets in Champions Trophy

To advertise here,contact us