രോഹിത് വിരമിക്കാനൊരുങ്ങി, 'വെല്‍ വിഷേഴ്‌സ്' തടഞ്ഞു; 'യുടേണി'ല്‍ ഗംഭീറിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്

രോഹിത്തിന്റെ പിന്മാറ്റത്തില്‍ ഗൗതം ഗംഭീര്‍ അതൃപ്തനായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു

ഓസ്ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്കിടെ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ വിരമിക്കാനൊരുങ്ങിയതായി റിപ്പോര്‍ട്ട്. മെല്‍ബണ്‍ ടെസ്റ്റിന് പിന്നാലെ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ടീമിന് പുറത്തുള്ള അഭ്യുദയകാംക്ഷികളുടെ നിര്‍ബന്ധപ്രകാരം രോഹിത് നിലപാട് മാറ്റുകയായിരുന്നെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രോഹിത്തിന്റെ പിന്മാറ്റത്തില്‍ ഗൗതം ഗംഭീര്‍ അതൃപ്തനായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Reports 🚨 Gautam Gambhir wasn’t happy with Rohit Sharma’s decision to not retire from Tests. 😮❌(Via- Times of India) pic.twitter.com/KeGpi9WoJL

ഓസ്‌ട്രേലിയയ്‌ക്കെതിരെ നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും സമ്പൂര്‍ണപരാജയമായിരുന്ന രോഹിത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. പരമ്പരയില്‍ കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 31 റണ്‍സ് മാത്രമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയില്‍ നേരിട്ട മൂന്ന് മത്സരങ്ങളും ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുമടക്കം ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായ 6 മത്സരങ്ങളില്‍ രോഹിത്തിന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചിട്ടില്ല. ഇതെല്ലാം തന്നെ രോഹിത്തിനെ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചിരുന്നു.

Also Read:

Cricket
ബുംമ്രയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങളും നഷ്ടമായേക്കും? ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

എന്നാല്‍ സിഡ്നി ടെസ്റ്റിന് മുന്‍പായി അഭ്യുദയകാംക്ഷികളുടെ നിര്‍ബന്ധപ്രകാരം രോഹിത് പിന്മാറുകയായിരുന്നു. 'മെല്‍ബണ്‍ ടെസ്റ്റിന് ശേഷം വിരമിക്കുമെന്ന് രോഹിത് മനസ്സില്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ടീമിന് പുറത്തുനിന്നുള്ള അഭ്യുദയകാംക്ഷികള്‍ അദ്ദേഹത്തെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ഓസ്ട്രേലിയയില്‍ നമുക്ക് അശ്വിനെ കൂടാതെ മറ്റൊരു വിരമിക്കല്‍ കൂടി കാണാമായിരുന്നു', ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

രോഹിത്തിന്റെ പിന്മാറ്റം പരിശീലകന്‍ ഗൗതം ഗംഭീറിന് ഇഷ്ടപ്പെട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സിഡ്നി ടെസ്റ്റില്‍ രോഹിത് ഇറങ്ങിയിരുന്നില്ലെങ്കിലും ടീമിന്റെ പരിശീലന സെഷനുകളില്‍ ഗംഭീറും രോഹിത്തും തമ്മിലുള്ള അസ്വാരസ്യം പ്രകടമായിരുന്നു. സിഡ്നി ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നതോടെ രോഹിത് വിരമിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും എല്ലാം നിഷേധിച്ച് താരം തന്നെ രംഗത്തെത്തുകയും ചെയ്തു. അടുത്തമാസം ആരംഭിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലാകും ഇനി രോഹിത് കളിക്കുക. ടി20യില്‍ നിന്ന് വിരമിച്ച രോഹിത് ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഏകദിനത്തില്‍ നിന്നും വിരമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Gautam Gambhir Unhappy With Rohit Sharma's Test Retirement U-Turn, Report

To advertise here,contact us