'ഉടമയെ കൊല്ലുന്ന കറുത്ത വജ്രം'; ബ്ലാക്ക് ഓര്‍ലോവ് ഡയമണ്ടിന് പിന്നിലെ കഥകള്‍

വജ്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് ' ബ്ലാക്ക് ഓര്‍ലോവ്'(Black Orlov)

വശ്യമായ സൗന്ദര്യത്തിന് പേരുകേട്ടവയാണ് വജ്രങ്ങള്‍. പുരാണകാലം മുതല്‍ തന്നെ വജ്രങ്ങളെ ചുറ്റിപ്പറ്റി ധാരാളം കഥകളുണ്ട്. അവ ആഭരണങ്ങളുടെ ഭംഗിയും കൂട്ടുന്നു. അത്തരത്തില്‍ വളരെ പ്രത്യേകതയുള്ളതും നിഗൂഡതകള്‍ നിറഞ്ഞതുമായ ഒരു വജ്രമാണ് കറുത്ത വജ്രം എന്നറിയപ്പെടുന്ന ബ്ലാക്ക് ഓര്‍ലോവ്(Black Orliv)ഡയമണ്ട്. ഈ വജ്രത്തിന്റെ ഉത്ഭവത്തിനും കഥകള്‍ക്കും ശാസ്ത്രിയമായ പിന്‍ബലമില്ലെങ്കിലും ഇതേ ചുറ്റിപ്പറ്റി കഥകള്‍ ധാരാളമുണ്ട്.

അഭൗമമായ സൗന്ദര്യത്തിന് പേരുകേട്ട വജ്രമാണ് ബ്ലാക്ക് ഓര്‍ലോവ് . 1800കളിലാണ് ഇവ ആദ്യമായി കണ്ടെത്തിയതെന്നാണ് കരുതപ്പെടുന്നത്. ആരാണ് കറുത്ത നിറമുള്ള ഈ വജ്രം കണ്ടെത്തിയതെന്നോ, ഇവ എവിടുന്നെങ്കിലും ഖനനം ചെയ്‌തെടുത്തതാണോ എന്നതിനെക്കുറിച്ചൊന്നും രേഖകളൊന്നുമില്ല. എങ്കിലും ഇത് ഇന്ത്യയില്‍നിന്നാണ് കണ്ടെത്തിയതെന്ന ഒരു വാദമുണ്ട്. എന്നാല്‍ കറുത്ത രത്‌നങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ ഇന്ത്യ പ്രശസ്തമല്ലാത്തതുകൊണ്ട് പല വിദഗ്ധരും ഈ വാദം സ്ഥിരീകരിച്ചിട്ടില്ല. ആരെയും ആകര്‍ഷിക്കുന്ന വലിപ്പമുളള ഇവയ്ക്ക് 189.62 കാരറ്റ് (ഏകദേശം 37.924 ഗ്രാം) ഭാരമാണ്. വജ്രത്തിന്റെ വലിപ്പം മാത്രമല്ല അതിന്റെ നിറവും തിളക്കവുമെല്ലാം വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു.

കറുത്ത രത്‌നത്തിന്റെ കഥകള്‍ ഇങ്ങനെ

19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ വജ്രം ഇന്ത്യയില്‍നിന്ന് മോഷ്ടിക്കപ്പെട്ടതായി ഒരു കഥയുണ്ട്. അതൊരു ശാപത്തിന്റെ കഥയാണ്. തമിഴ്‌നാട്ടിലെ പുതുച്ചേരിക്ക് അടുത്തുളള ഒരു ക്ഷേത്രത്തില്‍ ബ്രഹ്‌മാവിന്റെ ഒരു വിഗ്രഹം ഉണ്ടായിരുന്നുവത്രേ. ആ വിഗ്രഹത്തിലെ ഒരു കണ്ണായിരുന്നു മോഷ്ടിക്കപ്പെട്ടുവെന്ന് പറയുന്ന ഈ വജ്രം. അതുകൊണ്ടുതന്നെ ഈ വജ്രത്തിനെ 'ബ്രഹ്‌മാവിന്റെ കണ്ണ്' എന്നും വിളിക്കുന്നു. എന്നാല്‍ ഈ കഥയിലെ ക്ഷേത്രമോ അത് നിന്നിരുന്ന സ്ഥലമോ ഏതാണെന്നതിന് രേഖകളൊന്നും ഇല്ല. അത് മാത്രമല്ല ഒരു സന്യാസിയാണ് വജ്രം മോഷ്ടിച്ചതെന്നും അയാള്‍ പിന്നീട് കൊല്ലപ്പെട്ടുവെന്നുമുള്ള ഒരു കഥയുണ്ട്. മറ്റൊരു കഥ ഒരു ജസ്യൂട്ട് വൈദികനാണ് വജ്രം മോഷ്ടിച്ചതെന്നും പിന്നീട് അയാളെ ആരും കണ്ടിട്ടില്ലെന്നും കഥയുണ്ട്. ഈ രത്‌നത്തിന് ബ്രഹ്‌മാവിന്റെ ശാപമുണ്ടെന്നും ഇത് കൈവശം വയ്ക്കുകയോ ഇതിനോട് സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ നാശം ഉണ്ടാകുമെന്നാണ് വിശ്വാസം.

മറ്റൊരു കഥ ഇങ്ങനെയാണ്. 1932 ല്‍ ജെ.ഡബ്ലിയു പാരിസ് എന്ന വജ്രവ്യാപാരി വജ്രം അമേരിക്കയിലേക്ക് കൊണ്ടുപോയി. പിന്നീട് ഈ വ്യാപാരി അംബര ചുംബിയായ കെട്ടിടത്തിന്റെ മുകളില്‍ ചാടി മരിക്കുകയായിരുന്നു. പലവട്ടം കൈമാറ്റം ചെയ്യപ്പെട്ടതിന് ശേഷം 18ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഓര്‍ലോവ് വജ്രം റഷ്യയില്‍ എത്തി. റഷ്യന്‍ ചക്രവര്‍ത്തിനിയായ കാതറിന്‍ ദി ഗ്രേറ്റ് ഈ വജ്രം സ്വന്തമാക്കി. ഓര്‍ലോവ് വജ്രം റഷ്യന്‍ സാമ്രാജ്യ കിരീടത്തെ അലങ്കരിച്ചതോടെ അത് രാജ്യത്തിന്റെ മഹത്വത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകമായി മാറി. അത് രാജകീയ പ്രഭയോടെ തിളങ്ങി. വജ്രം സൂക്ഷിച്ചിരുന്ന റഷ്യയിലെ ലിയോണില ഗാലിറ്റ്‌സിന്‍-ബരിയറ്റിന്‍സ്‌കി, നാദിയ വെജിന്‍-ഓര്‍ലോവ് എന്നീ രാജകുമാരിമാര്‍ 1947ല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഐതീഹ്യം. എന്നാല്‍ ഇതെല്ലാം വജ്രത്തെ ചുറ്റിപ്പറ്റിയുള്ള ശാപ കഥകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ മെനഞ്ഞെടുത്ത വെറും കെട്ടുകഥകളാണെന്ന് പല ചരിത്രകാരന്മാരും വാദിക്കുന്നുണ്ട്. വര്‍ഷങ്ങളായി, ഓര്‍ലോവ് വജ്രം റഷ്യയുടെ സമ്പന്നമായ ചരിത്രത്തിനും സാംസ്‌കാരിക പൈതൃകത്തിനും ഒരു തെളിവായി തുടര്‍ന്നു. ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള അതിന്റെ യാത്രയും റഷ്യന്‍ സാമ്രാജ്യത്വ കിരീടത്തില്‍ അതിന്റെ സ്ഥാനവും ലോകത്തിലെ ഏറ്റവും പ്രശസ്തവും പ്രിയങ്കരവുമായ രത്‌നക്കല്ലുകളില്‍ ഒന്നായി അതിന്റെ പദവി ഉറപ്പിച്ചു.

മറ്റൊരു സംഭവം ഇങ്ങനെയാണ്. ചാള്‍സ് വിന്‍ഡ്‌സണ്‍ എന്ന വജ്രവ്യാപാരി ഈ വജ്രം വാങ്ങുകയും മൂന്നായി മുറിക്കുകയും ചെയ്തു. വജ്രത്തിന്റെ നെഗറ്റീവ് ഊര്‍ജ്ജം മാറാനായിരുന്നുവത്രേ ഇങ്ങനെ ചെയ്തത്. ഇന്ന്, മോസ്‌കോയിലെ ക്രെംലിന്‍ ആയുധശാല മ്യൂസിയത്തിലെ ഗ്രാന്‍ഡ് ഹാളുകള്‍ക്കുള്ളിലും ന്യൂയോര്‍ക്കിലെ അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലും ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലും വജ്രത്തിന്റെ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ വജ്രത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ച് ഒരു നെക്ലെസും നിര്‍മ്മിച്ചിട്ടുണ്ട്. 2006ലെ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ ഫെലിസിറ്റി ഹഫ്മാന്‍ ഈ നെക്ലെയിസ് ധരിക്കാന്‍ തീരുമാനിച്ചിരുന്നതായും പിന്നീട് അതില്‍ നിന്ന് പിന്മാറുകയുമായിരുന്നു. അതേവർഷം തന്നെ നെക്ലേസ് 3.1 കോടി രൂപയ്ക്ക് വിറ്റുപോയി.

Content Highlights :The black diamond that destroys its owner; The stories behind the 'Black Overlove' diamond

To advertise here,contact us