ഒരു തുള്ളി രക്തം ശേഷിച്ചു, തുണച്ചത് ലാപ്ടോപിലെ DNA! ഇന്ത്യൻ യുവതിയുടെയും മകന്റെയും കൊലപാതകത്തിൽ വഴിത്തിരിവ്

കോഗ്നിസന്റ് ടെക്‌നോളജീസ് എന്ന കമ്പനിയില്‍ ഇരുവരും സഹപ്രവര്‍ത്തകരായിരുന്നു

എട്ടുവര്‍ഷം മുമ്പ് യുഎസിലെ ന്യൂജഴ്‌സിയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ആന്ധ്രപ്രദേശ് സ്വദേശിനിയെയും മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്തി അന്വേഷണ സംഘം. ശശികല നാരായെന്ന യുവതിയും അവരുടെ മകന്‍ അനീഷുമാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ പൗരനായ നസീര്‍ അഹമ്മദെന്നയാളാണ് ഇരുവരെയും ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.

ന്യൂജഴ്‌സി ആസ്ഥാനമായ കമ്പനിയിലാണ് ശശികലയുടെ ഭര്‍ത്താവ് ഹനു നാരാ ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു പ്രതിയായ നസീര്‍ അഹമ്മദ്. ശശികലയുടെ വീട്ടില്‍ നിന്നും നടക്കാവുന്ന ദൂരം മാത്രമാണ് നസീര്‍ താമസിച്ചിരുന്ന സ്ഥലത്തേക്കുണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം നസീർ ഇന്ത്യയിലേക്ക് കടന്നു. ഈയിടെ നടന്ന ഡിഎന്‍എ സാമ്പിള്‍ ടെസ്റ്റാണ് കേസില്‍ വഴിത്തിരിവായത്. പ്രതിയെ തിരിച്ചറിഞ്ഞതോടെ ഇയാളെ അമേരിക്കയിലേക്ക് നാടുകടത്തണമെന്ന് ബന്ധപ്പെട്ട അധികൃതര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2017 മാര്‍ച്ച് 23നാണ് കേസിനാസ്പദമായ സംഭവം. ഹനു നാരാ അപ്പാര്‍ട്ട്‌മെന്റിലെത്തുമ്പോള്‍ 38കാരിയായ തന്റെ ഭാര്യയും ആറുവയസുകാരനായ മകനും ചോരയില്‍ കുളിച്ച് മരിച്ച് കിടക്കുന്നതാണ് കണ്ടത്. ഇരുവര്‍ക്കും ശരീരത്തില്‍ നിരവധി കുത്തേറ്റ നിലയിലായിരുന്നു. ഇരുവരും അക്രമിയെ തടയാന്‍ ശ്രമിച്ചപ്പോള്‍ മാരകമായ കുത്തുകള്‍ ഏറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിൽ ബോധ്യപ്പെട്ടു. സംഭവസ്ഥലത്ത് നിന്നും നിരവധി രക്ത സാമ്പിളുകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇതില്‍ ഒരു തുള്ളി രക്തം ഇരകളുടെയോ ഹനു നാരായുടേതോ ആയിരുന്നില്ല. പിന്നീട് ഇതിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിച്ചത്.

മുമ്പ് ഹനു നാരായെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ നസീര്‍ അഹമ്മദിനെയാണ് പൊലീസ് ആദ്യം സംശയിച്ചത്. കോഗ്നിസന്റ് ടെക്‌നോളജീസ് എന്ന കമ്പനിയില്‍ ഇരുവരും സഹപ്രവര്‍ത്തകരായിരുന്നു. ഇന്ത്യയിലേക്ക് കടന്നെങ്കിലും ഇയാള്‍ വീണ്ടും അതേ കമ്പനിയില്‍ തന്നെ ജീവനക്കാരനായി തുടര്‍ന്നിരുന്നു. തന്റെ ക്രിമിനല്‍ ചരിത്രം മറച്ചുവച്ചാണ് ഇയാള്‍ കമ്പനിയെ കബളിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ഇന്ത്യയെ സമീപിച്ച് ഹമീദുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഇയാളോട് ഡിഎന്‍എ സാമ്പിള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹമീദ് അതിന് തയ്യാറായില്ല.

ഇതോടെ അന്വേഷണ സംഘം കോടതിയെ സമീപിച്ച് 2024ല്‍ ഒരു കോടതി ഉത്തരവ് നേടിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹമീദ് ജോലി ചെയ്തിരുന്ന കോഗ്നിസന്റ് കമ്പനിയോട് അയാള്‍ ഉപയോഗിച്ചിരുന്ന കമ്പനി - ലാപ്‌ടോപ് കൈമാറാന്‍ ആവശ്യപ്പെട്ടു. ഈ ലാപ്‌ടോപില്‍ നിന്നും ലഭിച്ച ഹമീദിന്റെ ഡിഎന്‍എയും കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച അജ്ഞാത രക്തതുള്ളിയുടെ ഡിഎന്‍എയുമായും മാച്ചായി. ഇതോടെയാണ് പ്രതിയാരെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞത്.

അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഹനു നാരായോടുള്ള വ്യക്തിവൈരാഗ്യമാകാം കാരണമെന്നാണ് നിഗമനം. നിലവില്‍ ഹമീദിനെ അമേരിക്കയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് ഉദ്യോഗസ്ഥര്‍.Content Highlights: a droplet of blood remains in crime scene helps to identify the murderer

To advertise here,contact us