ലോകമഹായുദ്ധങ്ങള്‍ക്ക് വീഴ്ത്താനാവാത്ത 1300 വര്‍ഷം പഴക്കമുള്ള ഹോട്ടല്‍

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹോട്ടലിന് 1,300 വര്‍ഷത്തിലധികം പഴക്കം; ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ വിശേഷങ്ങളറിയാം

ഒരു ഹോട്ടലിന് 1300 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നത് കൗതുകമുള്ള ഒരു കാര്യമാണല്ലേ.എന്നാല്‍ ഈ ഹോട്ടല്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നുപറഞ്ഞാല്‍ അത് അതിനേക്കാള്‍ കൗതുകമുള്ള കാര്യമാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടല്‍ എന്ന പദവി ജപ്പാനിലുള്ള നിഷിയാമ ഓണ്‍സെന്‍ കെയുങ്കനാണ്. മനോഹരമായ അകൈഷി പര്‍വ്വതനിരകള്‍ക്ക് സമീപമുളള യമനാഷി പ്രിഫെക്ചറിലെ ഹയാകാവ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. റയോകാന്‍ എന്നപേരുകൂടി ഈ ഹോട്ടലിനുണ്ട്.

എ.ഡി 705 ല്‍ മോണ്‍മു ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ജാപ്പനീസ് പ്രഭുവായ ഫുജിവാര മഹിതോയാണ് ഈ ഹോട്ടല്‍ നിര്‍മ്മിച്ചത്. അന്ന് മുതല്‍ ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജപ്പാന് ഓരോ കാലഘട്ടങ്ങളില്‍ വന്നിട്ടുളള മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഹോട്ടല്‍ കൂടിയാണിത്.

ചൂടുനീരുറവകള്‍ക്ക് പേരുകേട്ടതാണ് നിഷിയാമ ഓണ്‍സെന്‍ കെയുങ്കന്‍.ഹോട്ടലില്‍ 37 മുറികളാണ് ഉള്ളത്. ചിലതില്‍ ഓപ്പണ്‍എയര്‍ ബാത്ത്‌റൂമുകളും ബാല്‍ക്കണിയില്‍ നിന്നാല്‍ ചന്ദ്രനെ കാണാന്‍ അവസരവുമുണ്ട്. ആധുനിക രീതിയിലുള്ള പല നവീകരണങ്ങള്‍ ഹോട്ടലില്‍ നടത്തിയിട്ടുണ്ടെങ്കിലും ടാറ്റാമി നിലകള്‍, സ്‌ളൈഡിംഗ് വാതിലുകള്‍, തടി ഇന്റീരിയറുകള്‍ തുടങ്ങി പല ജാപ്പനീസ് സവിശേഷിതകള്‍ ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്.ഹോട്ടലിനെ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമാക്കുന്നത് 52 തലമുറകളായി ഒരേ കുടുംബമാണ് ഇത് നടത്തുന്നത് എന്നതാണ്. ചരിത്രംമാത്രമല്ല ഇവിടെ താമസിക്കുന്നതും വ്യത്യസ്തമായ അനുഭവമാണ്. സാധാരണയായി രണ്ട് പേര്‍ക്ക് ഒരു രാത്രി താമസിക്കാന്‍ 33,000 മുതല്‍ വാടകയുണ്ട്. മുറിയുടെ വ്യത്യസ്തത, സീസണുകള്‍, ഭക്ഷണം എന്നിവയെ ആശ്രയിച്ച് വാടക 66,000 വരെയും ആകാം.

ലോകമെമ്പാടും ധാരാളം ഹോട്ടലുകള്‍ അവയുടെ ഭംഗികൊണ്ടും ആഡംബരം കൊണ്ടും ചരിത്രം കൊണ്ടും ഒക്കെ പേരുകേട്ടതാണ്. പക്ഷേ ചരിത്രപരമായ നിരവധി സംഭവങ്ങള്‍, യുദ്ധങ്ങള്‍, പലതരം കാലാവസ്ഥകള്‍ ഇവയെയൊക്കെ അതിജീവിച്ച ഇത്തരത്തിലൊരു ഹോട്ടല്‍ നൂറ്റാണ്ടുകളോളം സജീവമായിരിക്കുന്നത് അത്ഭുതം തന്നെയാണ്.

Content Highlights :The world's oldest hotel is over 1,300 years old

To advertise here,contact us