റാമ ധുവാജി! ന്യൂയോർക്കിൻ്റെ 'Gen Z ഫസ്റ്റ് ലേഡി'!

ഈ വർഷം ആദ്യമാണ് മതപരമായ ചടങ്ങുകളെല്ലാം ഒഴിവാക്കി മംദാനിയും റാമയും വിവാഹിതരായത്

ഇന്ത്യൻ വംശജനും ന്യൂയോർക്ക് സിറ്റിയുടെ നിയുക്ത മേയറുമായ സൊഹ്‌റാൻ മംദാനിയുടെ ജീവിതപങ്കാളി റാമ ധുവാജി ഇനി നഗരത്തിന്റെ ഫസ്റ്റ് ലേഡിയാകും. 28കാരിയായ റാമ എന്നും സ്‌പോട്ട്‌ലൈറ്റിൽ നിന്നും മാറി നിൽക്കാൻ താൽപര്യം കാണിച്ചിട്ടുള്ള വ്യക്തിയാണ്. ഈ വർഷം ആദ്യമാണ് മതപരമായ ചടങ്ങുകളെല്ലാം ഒഴിവാക്കി മംദാനിയും റാമയും വിവാഹിതരായത്.

2021ലാണ് റാമ യുഎസിലേക്ക് എത്തിയത്. സിറിയൻ അമേരിക്കൻ കലാകാരിയായ റാമയാണ് ക്യാമ്പയിൻ ആരംഭിച്ചത് മുതൽ എല്ലാ പിന്തുണയുമായി മംദാനിക്കൊപ്പം നിലനിന്നത്. മംദാനിയുടെ ബ്രാൻഡ് ഐഡന്റിറ്റിയായ തെരഞ്ഞെടുപ്പ് ലോഗാ ഡിസൈന്‍ ചെയ്യുന്നതിലുള്‍പ്പെടെ വലിയ പങ്കുവഹിച്ചത് റാമയാണ്. തീർന്നില്ല ഭർത്താവിന്റെ സോഷ്യൽമീഡിയ സാന്നിധ്യം ബൂസ്റ്റ് ചെയ്യുന്നതിലുള്ള ഉത്തരവാദിത്തവും റാമയാണ് വഹിച്ചത്. തിരശ്ശീലയിൽ നിന്നും എല്ലാ പിന്തുണയും നൽകിയ റാമ, ഒരിക്കൽ പോലും ഭർത്താവിനൊപ്പം മാധ്യമങ്ങൾക്ക് മുന്നിലോ മാഗസിൻ പ്രൊഫൈലുകളിലോ പ്രത്യക്ഷപ്പെടാൻ ശ്രമിച്ചതുമില്ല.

ചൊവ്വാഴ്ച മംദാനിയുടെ വിജയം പ്രഖ്യാപിച്ചതോടെ 'Gen Z' വിഭാഗത്തിൽ നിന്നും ന്യൂയോർക്കിനെ സേവിക്കാൻ എത്തുന്ന ഫസ്റ്റ് ലേഡി എന്ന റെക്കോർഡും റാമ സ്വന്തമാക്കുകയാണ്. ഹിഞ്ച് ഡേറ്റിങ് ആപ്ലിക്കേഷനിലൂടെയാണ് മംദാനിയെ റാമ പരിചയപ്പെടുന്നത്. 2024 ഡിസംബറിൽ ഒരു സ്വകാര്യ ചടങ്ങിൽ ഇവരുടെ വിവാഹ നിശ്ചയം നടന്നിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ന്യൂയോർക്ക് സിറ്റിയിലെ വിവാഹവുമായി ബന്ധപ്പെട്ട നടപടികൾക്ക് ചുമതലപ്പെട്ട ഓഫീസിൽ മറ്റ് ചടങ്ങുകൾ എല്ലാം ഒഴിവാക്കിയാണ് ഇവർ ഈ വർഷമാദ്യം വിവാഹിതരായത്.Content Highlights: Let's know about Mamdani's wife Rama Duwaji

To advertise here,contact us