ഭര്‍ത്താക്കന്മാര്‍ക്കായി കഠിനവ്രതം നോറ്റ് 12 ഭാര്യമാര്‍;പിറ്റേന്ന് 30 ലക്ഷം രൂപയുടെ സ്വര്‍ണവും പണവുമായി മുങ്ങി

ഭര്‍ത്താക്കന്മാരുടെ ആയുര്‍ ആരോഗ്യ സൗഖ്യത്തിനായി വ്രതം നോറ്റ ശേഷം രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന നവവധുകള്‍ നേരം പുലര്‍ന്നപ്പോഴേക്ക് കാണാതാവുകയായിരുന്നു

ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ഉത്തേരേന്ത്യയില്‍ നടത്തി വരുന്ന ആചാരമാണ് കര്‍വാ ചൗത്ത്. ഈ ദിനം ഭക്ഷണമോ വെള്ളമോ കുടിക്കാതെ കഠിന വ്രതം നോക്കി സ്ത്രീകള്‍ കര്‍വാ ചൗത്ത് ആഘോഷിക്കുന്നു. എന്നാല്‍ ഇത്തവണത്തെ കര്‍വാ ചൗത്തില്‍ സംഭവബഹുലമായ ഒരു വഴിത്തിരിവുണ്ടായിരിക്കുകയാണ്. കര്‍വാ ചൗത്ത് ആഘോഷിച്ചതിന് പിന്നാലെ 12 നവവധുകള്‍ 30 ലക്ഷം രൂപയിലധികം സ്വര്‍ണവുമായി കടന്നുകളഞ്ഞുവെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.

ഉത്തര്‍പ്രദേശിലാണ് ഈ വിചിത്ര സംഭവമുണ്ടായിരിക്കുന്നത്. അലിഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. ഭര്‍ത്താക്കന്മാരുടെ ആയുര്‍ ആരോഗ്യ സൗഖ്യത്തിനായി വ്രതം നോറ്റ ശേഷം രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന നവവധുക്കളെ നേരം പുലര്‍ന്നപ്പോള്‍ കാണാതാവുകയായിരുന്നു. പിന്നീട് തിരച്ചില്‍ നടത്തിയപ്പോഴാണ് അവര്‍ 30 ലക്ഷത്തോളം വരുന്ന ആഭരണങ്ങളും കൊണ്ടാണ് കടന്നു കളഞ്ഞതെന്ന് മനസിലാക്കുന്നത്.

കര്‍വാ ആചരിച്ച ശേഷം ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി കുടുംബാംഗങ്ങളെ മയക്കി കിടത്തിയ ശേഷമാണ് ഇവര്‍ കടന്നുകളഞ്ഞത്. വലിയ സംഘടിത വിവാഹ തട്ടിപ്പിന്റെ ഭാഗമാണിതെന്ന സംശയത്തിലാണ് പൊലീസ്. ബിഹാറില്‍നിന്നും ജാര്‍ഖണ്ഡില്‍നിന്നും സ്ത്രീകളെ കൊണ്ടുവന്നത് ബ്രോക്കര്‍മാര്‍ വഴിയാണ്. ഇവിടെ നിന്നാവാം തട്ടിപ്പിന്റെ തുടക്കമെന്നാണ് പൊലീസ് കരുതുന്നത്. ബ്രോക്കര്‍ തുകയായി വലിയതോതില്‍ പണം നല്‍കിയിരുന്നു.

വധുക്കളെ പരിചയപ്പെടുത്തി നല്‍കിയ ബ്രോക്കര്‍മാരും അപ്രത്യക്ഷരായിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ നാല് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം. സാമ്പത്തിക സ്ഥിരതയുള്ള കുടുംബം നോക്കിയാണ് പെണ്‍കുട്ടികളെ വിവാഹം ചെയ്തുനല്‍കിയിരിക്കുന്നത്. വിശ്വാസം നേടിയെടുക്കുന്നതിനായി ചടങ്ങുകളിലും മറ്റും പങ്കെടുക്കുകയും നല്ലരീതിയില്‍ പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights- 12 wives kept a strict fast for their husbands; flewd with 30 lakhs

To advertise here,contact us