ജലദോഷം, അലര്‍ജി, ശ്വാകോശ അണുബാധ തുടങ്ങിയ പല കാരണങ്ങള്‍കൊണ്ട് കഫം ഉണ്ടാകാറുണ്ട്. തൊണ്ടയില്‍ കഫം കെട്ടിനില്‍ക്കുന്നതുപോലെ തോന്നുക, ഇടയ്ക്കിടെ തൊണ്ട വൃത്തിയാക്കിലോ എന്നപോലുള്ള തോന്നല്‍ ഉണ്ടാവുക, ചുമയും തൊണ്ടയില്‍ അസ്വസ്ഥതയും അനുഭവപ്പെടുക… പലരെയും അലട്ടുന്ന പ്രശ്നങ്ങളാണിവ. രാവിലെ ഉറക്കമുണരുമ്പോള്‍ ഈ ബുദ്ധിമുട്ട് കൂടുതലായി അനുഭവപ്പെടുന്നവരുമുണ്ട്.
ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ് കഫം. എന്നാല്‍ ചില സാഹചര്യങ്ങളില്‍ കഫത്തിന്റെ അളവ് കൂടുകയോ അത് കട്ടിയാകുകയോ ചെയ്യുമ്പോള്‍ തൊണ്ടയില്‍ കെട്ടിനില്‍ക്കുന്നതുപോലെ തോന്നാം.ജലദോഷവും അണുബാധയും- ജലദോഷം പോലുള്ള ശ്വാസകോശ അണുബാധകള്‍ കഫത്തിന്റെ അളവ് വര്‍ധിപ്പിക്കാം.
അലര്‍ജിയും സൈനസ് പ്രശ്നങ്ങളും- പൊടി, പൂമ്പൊടി തുടങ്ങിയവയോടുള്ള അലര്‍ജി മൂക്കില്‍ കഫം വര്‍ധിപ്പിക്കാം. മൂക്കില്‍നിന്ന് കഫം തൊണ്ടയുടെ പിന്‍ഭാഗത്തേക്ക് ഒഴുകിയെത്തുന്നതും അസ്വസ്ഥതയ്ക്ക് കാരണമാകാം.
വരണ്ട വായുവും പുകയും- വായുവിലെ ഈര്‍പ്പം കുറയുന്നതും പുക, പൊടി തുടങ്ങിയവയുമായി സമ്പര്‍ക്കത്തിലാകുന്നതും തൊണ്ടയില്‍ അസ്വസ്ഥതയുണ്ടാക്കാം.
ആസിഡ് റിഫ്ളക്സ്- ആമാശയത്തിലെ ആസിഡ് മുകളിലേക്ക് എത്തുമ്പോള്‍ തൊണ്ടയില്‍ കഫമുള്ളതുപോലുള്ള തോന്നലും ഇടയ്ക്കിടെ തൊണ്ട വൃത്തിയാക്കണമെന്നുള്ള തോന്നലും ഉണ്ടാകും.
ചൂടു വെള്ളം കുടിക്കാം
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കഫം നേര്‍ത്തതാക്കാനും പുറത്തുകളയാന്‍ എളുപ്പമാക്കാനും സഹായിക്കും. ചെറുചൂടുള്ള വെള്ളമോ സൂപ്പോ കുടിക്കുന്നതും തൊണ്ടയ്ക്ക് ആശ്വാസം നല്‍കാം.
ഉപ്പുവെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യാം
തൊണ്ടയില്‍ വേദനയോ അസ്വസ്ഥതയോ ഉണ്ടെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ അല്പം ഉപ്പ് ചേര്‍ത്ത് ഗാര്‍ഗിള്‍ ചെയ്യുന്നത് ആശ്വാസം നല്‍കാം. ഗാര്‍ഗിള്‍ ചെയ്ത വെള്ളം തുപ്പിക്കളയണം.
പുകയും പൊടിയും ഒഴിവാക്കുക
സിഗരറ്റ് പുക, പൊടി, ശക്തമായ ഗന്ധമുള്ള വസ്തുക്കള്‍ എന്നിവ തൊണ്ടയിലെ അസ്വസ്ഥത വര്‍ധിപ്പിക്കാം. ഇവയുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുക.
നിരന്തരം തൊണ്ട വൃത്തിയാക്കുന്നത് ഒഴിവാക്കാം
കഫം കെട്ടിയതുപോലെ തോന്നുമ്പോള്‍ ശക്തിയായി ചുമച്ചോ മറ്റോ അത് പുറത്തുകളയാന്‍ ശ്രമിക്കുന്നത് അസ്വസ്ഥത കൂട്ടാം. പകരം അല്പം വെള്ളം കുടിച്ച് സാവധാനം വിഴുങ്ങാന്‍ ശ്രമിക്കാം.
ഭക്ഷണശേഷം ഉടന്‍ കിടക്കരുത്
ആസിഡ് റിഫ്ളക്സ് മൂലമാണ് പ്രശ്നമെങ്കില്‍ ഭക്ഷണം കഴിച്ച ഉടന്‍ കിടക്കുന്നത് അസ്വസ്ഥത വര്‍ധിപ്പിക്കാം. ഉറങ്ങുന്നതിന് ഏകദേശം മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ശക്തമായ നെഞ്ചുവേദന, കഫത്തില്‍ രക്തം എന്നിവയുണ്ടെങ്കില്‍ അടിയന്തരമായി വൈദ്യസഹായം തേടണം. ഉയര്‍ന്ന പനി, വിഴുങ്ങാന്‍ ബുദ്ധിമുട്ട്, നീണ്ടുനില്‍ക്കുന്ന ചുമയും കഫവും എന്നിവയുണ്ടെങ്കിലും ഡോക്ടറെ സമീപിക്കുക.
കഫം കുറയ്ക്കാന്‍ ആന്റിബയോട്ടിക്കുകളോ മറ്റു മരുന്നുകളോ സ്വയം വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കണം. വൈറസ് ബാധ, അലര്‍ജി, ആസിഡ് റിഫ്ളക്സ് തുടങ്ങിയ വ്യത്യസ്ത കാരണങ്ങള്‍ക്ക് വ്യത്യസ്ത ചികിത്സകളാണ് ആവശ്യമായി വരുന്നത്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. മെഡിക്കല്‍ ഉപദേശത്തിന് പകരമാകില്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Mucus is part of the body's natural defense system. However, in certain situations, if the amount of phlegm increases or it becomes thick, it can feel as though it is accumulating in the throat.