വിശക്കുമ്പോള്‍ വയറ് മുരളുന്ന ശബ്ദമുണ്ടാക്കുന്നത് എന്തുകൊണ്ട്? ഗ്യാസ് നിറഞ്ഞതുകൊണ്ടൊന്നും അല്ല; കാരണം ഇതാണ്

സാധാരണയായി ഈ ശബ്ദം കേള്‍ക്കുമ്പോള്‍ നമ്മള്‍ ആദ്യം ചിന്തിക്കുന്നത് ഒറ്റ കാര്യമാണ് 'വിശക്കുന്നുണ്ട്'.

ശാന്തമായൊരു മുറിയില്‍ ഇരിക്കുമ്പോഴായിരിക്കും പലപ്പോഴും വയറില്‍നിന്ന് പെട്ടെന്ന് 'ഗര്‍ര്‍… ഗര്‍ര്‍…' എന്ന ശബ്ദം കേള്‍ക്കുക. ചുറ്റുമുള്ളവര്‍ കേള്‍ക്കുമോ എന്ന നാണക്കേടില്‍ വയറിന് മേല്‍ കൈവച്ച് ശബ്ദം നിര്‍ത്താന്‍ ശ്രമിച്ചിട്ടുമുണ്ടാകാം അല്ലേ?. സാധാരണയായി ഈ ശബ്ദം കേള്‍ക്കുമ്പോള്‍ നമ്മള്‍ ആദ്യം ചിന്തിക്കുന്നത് ഒറ്റ കാര്യമാണ് 'വിശക്കുന്നുണ്ട്'. എന്നാല്‍ വയറ് ശബ്ദമുണ്ടാക്കുന്നത് വിശക്കുന്നതുകൊണ്ട് മാത്രമാണോ? ശരിക്കും എന്താണ് വയറിനുള്ളില്‍ നടക്കുന്നത്?

വയറിന്റെ മുരളല്‍ ശബ്ദത്തിന് ഒരു പേരുണ്ട്

വയറിലും കുടലിലുമുണ്ടാകുന്ന ഇത്തരം ശബ്ദങ്ങള്‍ക്ക് മെഡിക്കല്‍ ഭാഷയില്‍ ബോര്‍ബോറിഗ്മി (Borborygmi) എന്നാണ് പറയുന്നത്. വയറും ചെറുകുടലും ഉള്‍പ്പെടുന്ന ദഹനനാളത്തിലെ പേശികള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുമ്പോഴാണ് പ്രധാനമായും ഈ ശബ്ദങ്ങള്‍ ഉണ്ടാകുന്നത്. ഭക്ഷണം, ദ്രാവകം, വായു എന്നിവ ദഹനനാളത്തിലൂടെ നീങ്ങുമ്പോള്‍ അവയുടെ ചലനം ശബ്ദമായി പുറത്തേക്ക് കേള്‍ക്കാം.

വിശക്കുമ്പോള്‍ ഈ ശബ്ദം കൂടുതല്‍ കേള്‍ക്കുന്നത് എന്തുകൊണ്ട്?

ഭക്ഷണം കഴിച്ച് കുറച്ചുസമയം കഴിഞ്ഞാല്‍ ദഹനനാളത്തില്‍ ഒരു പ്രത്യേക തരത്തിലുള്ള ചലനങ്ങള്‍ നടക്കും. ഇതിനെ Migrating motor complex എന്നാണ് വിളിക്കുന്നത്.ചുരുക്കി പറഞ്ഞാല്‍ ഭക്ഷണത്തിനിടയിലെ ഇടവേളകളില്‍ ദഹനനാളം സ്വയം 'വൃത്തിയാക്കുന്ന' ഒരു സംവിധാനമാണിത്. അവശേഷിക്കുന്ന ഭക്ഷണകണങ്ങള്‍, ദ്രാവകം, വാതകം എന്നിവ മുന്നോട്ട് നീക്കാന്‍ പേശികള്‍ ചുരുങ്ങുന്നു. ഏകദേശം 90 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെയുള്ള ഇടവേളകളില്‍ ഇത്തരം ചലനങ്ങള്‍ ഉണ്ടാകാം. വയറ് ഒഴിഞ്ഞിരിക്കുമ്പോള്‍ ഈ ചലനങ്ങള്‍ കൂടുതല്‍ വ്യക്തമായി കേള്‍ക്കുകയും ചെയ്യും.അതുകൊണ്ടുതന്നെ വയറ് ശബ്ദമുണ്ടാക്കുന്നത് .അതുകൊണ്ട് വയറ് കാലിയാണ് എന്നത് പൂര്‍ണമായും ശരിയല്ല. വിശപ്പുള്ളപ്പോള്‍ അത് കൂടുതല്‍ ശ്രദ്ധയില്‍പ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം.

ഭക്ഷണം കഴിച്ച ശേഷവും വയറ് ശബ്ദമുണ്ടാകുമോ?

ഭക്ഷണം കഴിച്ചതിന് ശേഷവും ദഹനപ്രക്രിയ സജീവമായതിനാല്‍ വയറിലും കുടലിലും ശബ്ദങ്ങളുണ്ടാകാം. ഭക്ഷണവും ദ്രാവകവും വാതകവും ദഹനനാളത്തിലൂടെ നീങ്ങുമ്പോഴുണ്ടാകുന്ന ചലനങ്ങളാണ് ഇതിന് കാരണം. അതിനാല്‍ ഭക്ഷണം കഴിച്ച ഉടന്‍ വയറില്‍ നിന്ന് ശബ്ദം കേട്ടാല്‍ വീണ്ടും വിശക്കുന്നുവെന്ന് കരുതേണ്ടതില്ല.

വിശപ്പിന് പിന്നില്‍ 'ഗ്രെലിന്‍' എന്ന ഹോര്‍മോണും

വിശപ്പുമായി ബന്ധപ്പെട്ട് ഗ്രെലിന്‍ (Ghrelin) എന്ന ഹോര്‍മോണിനും പ്രധാന പങ്കുണ്ട്. വയറ് കാലിയായിരിക്കുമ്പോള്‍ ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനം വര്‍ധിക്കുകയും തലച്ചോറിലെ വിശപ്പുമായി ബന്ധപ്പെട്ട സംവിധാനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യും. അതോടൊപ്പം ദഹനനാളത്തിലെ ചലനങ്ങളും വര്‍ധിക്കാം. അതിനാലാണ് വിശക്കുമ്പോള്‍ വയറില്‍ ഒരു 'വലിവ്', മുരളല്‍ ശബ്ദം തുടങ്ങിയ അനുഭവങ്ങള്‍ ഒരുമിച്ച് ഉണ്ടാകുന്നത്.

വെള്ളം കുടിച്ചാലും വയറ് ശബ്ദിക്കാം

വയറിന്റെ ശബ്ദം വിശപ്പുമായി മാത്രം ബന്ധപ്പെട്ടതല്ല. വെള്ളം കുടിച്ചതിന് ശേഷവും ദഹനനാളത്തിലൂടെ ദ്രാവകവും വായുവും നീങ്ങുന്നതിനാല്‍ ശബ്ദം കേള്‍ക്കാം. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നത്, ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ വായു ശരീരത്തിലെത്തുന്നത് തുടങ്ങിയവയും വയറിലെ ശബ്ദം വര്‍ധിപ്പിക്കാം.

ടെന്‍ഷന്‍ വരുമ്പോഴും വയറ് മുരളും

പരീക്ഷയ്ക്ക് മുമ്പ്, അഭിമുഖത്തിന് കാത്തിരിക്കുമ്പോള്‍, പ്രധാനപ്പെട്ട മീറ്റിംഗിനിടയില്‍..ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ടെന്‍ഷനാകുമ്പോള്‍ വയറില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നത് പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ടാകും. സമ്മര്‍ദ്ദവും ഉത്കണ്ഠയും ദഹനനാളത്തിന്റെ ചലനത്തെ സ്വാധീനിക്കാം. അതിനാല്‍ വയറില്‍ അസാധാരണമായ ചലനങ്ങളും ശബ്ദങ്ങളും അനുഭവപ്പെടാം.

എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്?

ഇടയ്ക്കിടെ വയറ് മുരളുന്ന ശബ്ദമുണ്ടാക്കുന്നത് സാധാരണമാണ്. അതിനായി പ്രത്യേകിച്ച് പേടിക്കേണ്ടതില്ല. എന്നാല്‍ ശബ്ദത്തോടൊപ്പം കടുത്തതോ തുടര്‍ച്ചയായതോ ആയ വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, മലബന്ധം, മലത്തില്‍ രക്തം, ഭാരം കുറയല്‍, സ്ഥിരമായ ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഉചിതം.

Content Highlights :Why does your stomach make noises when you're hungry? But does your stomach make noises just because you're hungry? What's really going on inside your stomach?

To advertise here,contact us