മഴക്കാലത്ത് ചൂടുവെളളത്തിൽ കുളിക്കണോ അതോ തണുത്തവെള്ളം മതിയോ? ഏതാണ് ശരീരത്തിന് നല്ലത്

കുളിക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. അതും മഴക്കാലമാണെങ്കില്‍

മഴക്കാലമെത്തിയാല്‍ കുളിക്കാന്‍ ചൂടുവെള്ളം വേണോ അതോ തണുത്ത വെള്ളം മതിയോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. മഴ നനയുകകൂടി ചെയ്താല്‍ ചൂടുവെള്ളത്തില്‍ കുളിക്കാനാണ് പലര്‍ക്കും ഇഷ്ടം. എന്നാല്‍ ചൂടുവെള്ളം തന്നെയാണോ നല്ലത്? ഏതാണ് ആരോഗ്യത്തിന് കൂടുതല്‍ ഗുണകരം.

ചൂടുവെള്ളത്തില്‍ കുളിച്ചാല്‍

ചൂടുവെള്ളം ശരീരത്തിലെ പേശികള്‍ക്ക് ആശ്വാസം നല്‍കാനും ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. ക്ഷീണവും പേശികളുടെ വേദനയും കുറയ്ക്കാനും ചൂടുവെള്ളത്തിലെ കുളി സഹായകമാണ്. രാത്രി ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് ഇളംചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ഒരുപാട് ചൂടുള്ളവെള്ളം ഏറെനേരം ശരീരത്തില്‍ ഒഴിക്കുന്നത് അത്ര നല്ലതല്ല. ഇത് ചര്‍മത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്ത് ചര്‍മം വരണ്ടതാക്കുകയും ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച് എക്‌സിമ പോലുള്ള ചര്‍മപ്രശ്‌നങ്ങളുള്ളവര്‍ ധാരാളം ചൂടുള്ള വെള്ളം ഒഴിവാക്കുന്നതാണ് നല്ലത്.

തണുത്ത വെള്ളമാണെങ്കിലോ?

തണുത്ത വെള്ളം ശരീരത്തിന് ഉണര്‍വും ഉന്മേഷവും നല്‍കുന്നു. തണുത്ത വെള്ളം ശരീരത്തില്‍ വീഴുമ്പോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങുകയും പിന്നീട് ശരീരം സാധാരണ താപനിലയിലേക്ക് മടങ്ങുമ്പോള്‍ രക്തയോട്ടത്തില്‍ മാറ്റമുണ്ടാകുകയും ചെയ്യും. ചില സാഹചര്യങ്ങളില്‍ തണുത്ത വെള്ളം പേശിവേദനയും വീക്കവും കുറയ്ക്കാന്‍ സഹായിച്ചേക്കാം. എന്നാല്‍ വളരെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് എല്ലാവര്‍ക്കും അനുയോജ്യമല്ല. പ്രത്യേകിച്ച് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരും ശ്വാസതടസ്സ പ്രശ്‌നങ്ങളുള്ളവരും ശ്രദ്ധിക്കണം.

മഴക്കാലത്ത് ഏതാണ് ഉത്തമം?

ശരീരം തണുത്തിരിക്കുകയോ മഴ നനഞ്ഞിരിക്കുകയോ ചെയ്താല്‍ ഇളംചൂടുവെള്ളത്തില്‍ കുളിക്കുന്നത് കൂടുതല്‍ സുഖകരമായിരിക്കും. ഇത് ശരീരത്തിന് ആശ്വാസം നല്‍കുന്നതിനൊപ്പം ചര്‍മ്മം വരണ്ടുപോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

ദിവസേനയുള്ള കുളിക്ക് ഇളംചൂടുള്ള വെള്ളമാണ് എപ്പോഴും ഉത്തമം. ഇത് ശരീരത്തിന് വളരെ സുഖകരമായിരിക്കും. സാധാരണയായി 37-40 ഡിഗ്രി സെല്‍ഷ്യസിനടുത്തുള്ള വെള്ളം മിക്ക ആളുകള്‍ക്കും അനുയോജ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വളരെ ചൂടുള്ള വെള്ളത്തില്‍ ദീര്‍ഘനേരം കുളിക്കരുത്
  • തണുത്ത വെള്ളം പെട്ടെന്ന് ശരീരത്തിലേക്ക് ഒഴിക്കുന്നതിന് പകരം കുറേശ്ശെയായി ഒഴിച്ച ശേഷം കുളിക്കുന്നതാണ് നല്ലത്
  • ചര്‍മം വരണ്ടുപോകുന്നുണ്ടെങ്കില്‍ കുളിച്ച ശേഷം മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാം
  • കുളിക്കുമ്പോള്‍ തലകറക്കം, ശ്വാസംമുട്ടല്‍ തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ കുളി നിര്‍ത്തുക
  • നിങ്ങളുടെ ശരീരാവസ്ഥയ്ക്കും ആവശ്യത്തിനും അനുസരിച്ച് വെള്ളത്തിന്റെ താപനില തിരഞ്ഞെടുക്കുന്നതാണ് ഉത്തമം
  • ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ വളരെ ചൂടുള്ളതോ വളരെ തണുത്തതോ ആയ വെള്ളം ഒഴിവാക്കി ഇളംചൂടുവെള്ളത്തില്‍ കുളിക്കുന്നതാണ് സുരക്ഷിതമായ ഓപ്ഷന്‍

Content Highlights: Should you bathe in hot water or cold water during the monsoon? Which is better for the body? There are certain things to consider regarding the water used for bathing—especially during the rainy season.

To advertise here,contact us