പുറത്ത് പോകുന്നതിന് മുമ്പ് വാതിലുകളും ബാഗും പരിശോധിക്കുന്ന ശീലമുണ്ടോ? എന്താണ് ഇതിന് പിന്നില്‍

ഒരു തവണയെങ്കിലും വാതിലും പൂട്ടി പുറത്തിറങ്ങിയ ശേഷം വീണ്ടും വാതിലടച്ചോ എന്ന് പരിശോധിച്ചിട്ടുണ്ടോ?

ഒരു തവണയെങ്കിലും വാതിലും പൂട്ടി പുറത്തിറങ്ങിയ ശേഷം വീണ്ടും വാതിലടച്ചോ എന്ന് പരിശോധിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ബാഗിനുള്ളില്‍ എല്ലാ സാധനങ്ങളും എടുത്ത് വച്ചിട്ടുണ്ടെന്ന് വീണ്ടും പരിശോധിച്ചിട്ടുണ്ടോ? സ്വാഭികമായും ഒരു സംശയമുണ്ടായാല്‍ അത് തീര്‍ക്കാനായി ഒന്ന് പരിശോധിച്ച് നോക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ചിലരില്‍ ഇത് ഒസിഡിയുടെ ലക്ഷണമാകും. ഇതെങ്ങനെ തിരിച്ചറിയാന്‍ കഴിയും. ഭൂരിപക്ഷം ആളുകളിലും ഒന്നോ രണ്ടോ തവണ വാതില്‍ പൂട്ടിയോ, ബാഗില്‍ എല്ലാ സാധനങ്ങളും കൃത്യമായുണ്ടോ എന്ന് പരിശോധിക്കുന്നത് സാധാരണയായ ഒരു കാര്യം മാത്രമാണ്. അതിന് കാരണാകുന്നത് പെട്ടെന്ന് ഉണ്ടാകുന്ന ഒരു സംശയമോ ചിന്തയോ ആകാം. അത് പേടിക്കേണ്ട കാര്യമേയല്ല.

എന്നാല്‍ മറ്റുചിലരില്‍ അവസ്ഥ അങ്ങനെയാകില്ല. ഇത് ഡസന്‍ കണക്കിന് തവണ ആവര്‍ത്തിക്കാം. ലൈറ്റ്, ഗ്യാസ്, വാതില്‍, വീട്ടിലെ മറ്റ് ഉപകരണങ്ങള്‍, ഇവയെല്ലാം അവര്‍ ഒന്നും രണ്ടും തവണയൊന്നും ആയിരിക്കില്ല പരിശോധിക്കുന്നത്. ചിലര്‍ പുറത്ത് പോകുന്നതിന് മുമ്പ് നിരവധി തവണ അവരുടെ വേഷം തന്നെ മാറിയിട്ടുണ്ടാകാം. ഞാന്‍ അത് മറന്നെങ്കിലോ? എന്തെങ്കിലും അപകടം സംഭവിച്ചാലോ ഇങ്ങനെയുള്ള ഉത്കണ്ഠകള്‍ ആദ്യം ഉടലെടുക്കും. സാധാരണ എല്ലാവര്‍ക്കും ഉണ്ടാകുന്ന വെറുമൊരു ഉത്കണ്ഠയുടെ തീവ്രത പിന്നീട് കൂടും. കൂടിക്കൂടി വരികയാണ് ഈ വിഭാഗത്തില്‍പ്പെട്ടവരില്‍ കാണപ്പെടുക. അതോടെ എല്ലാ ശരിയാണെന്ന് വരുത്താനുള്ള പരിശോധനകളും പ്രക്രിയകളും ആവര്‍ത്തിക്കും. ഇത് മുന്നോട്ടുള്ള ജീവിതത്തെ നന്നായി ബാധിക്കുകയും ചെയ്യും.

പരിഹരിക്കാതെ പോയ ഏതെങ്കിലും ഒരു ട്രോമ, ഉത്തരവാദിത്ത ബോധം അമിതമായി പ്രകടിപ്പിക്കുന്നത് ഇത്തരം അവസ്ഥകളാകും ഇതിന്റെ അടിസ്ഥാനം. ഇതോടെ തലച്ചോറ് യുക്തിരഹിതമായ സുരക്ഷാ മാര്‍ഗങ്ങളാകും പ്രവര്‍ത്തിപ്പിക്കുക. അപകടം ഒഴിവാക്കാനുള്ള അബോധാവസ്ഥയിലുള്ള ഒരു വഴിയാണ് പരിശോധന നടത്തുകയെന്നതെന്നാണ് പറയുന്നത്. കുട്ടിക്കാലത്ത് ചിലരില്‍ സാധനങ്ങള്‍ വരിയായി വയ്ക്കുന്നത്, ചില കാര്യങ്ങള്‍ പരിശോധിക്കുന്നതൊക്കെ ഉത്കണ്ഠയുടെ ലക്ഷണങ്ങളാകാം. വലുതാകുമ്പോള്‍ ഒറ്റപ്പെടലും അമിതമായ മാനസിക സമ്മര്‍ദവും ഇത്തരം അവസ്ഥകളെ കൂടുതല്‍ വഷളാക്കാം.

ഇത്തരം അവസ്ഥകള്‍ക്ക് ഏറ്റവും അനുയോജ്യമായ പരിഹാരമാര്‍ഗങ്ങളിലൊന്ന് കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയാണ്. ഇതില്‍ തന്നെ എക്‌സ്‌പോഷര്‍ ആന്‍ഡ് റെസ്‌പോണ്‍സ് പ്രിവന്‍ഷനാണ് ഒസിഡിയുള്ളവര്‍ക്ക് മികച്ച വഴി. ഇത്തരം ആളുകളെ അവരുടെ ഭയത്തെ നേരിടാന്‍ ഇതിലൂടെ പ്രാപ്തമാക്കും. ഇതേസമയം തന്നെ സ്വയം സഹായിക്കുന്ന രീതികളും ഫലം തരുന്നവയാണ്. സ്വന്തം പ്രവര്‍ത്തിയിലെ യുക്തിയില്ലായ്മയെ മനസിലാക്കുക, പുതിയ ശീലങ്ങള്‍ ഉണ്ടാക്കുക, മറ്റുള്ളവരെ അമിതമായി ആശ്രയിക്കാതെ മാറ്റങ്ങള്‍ ഉണ്ടായോയെന്ന് വല്ലപ്പോഴും പ്രിയപ്പെട്ടവരോട് ചോദിക്കാം.

ബാഗില്‍ എന്തെങ്കിലും എടുത്ത് വയ്ക്കാന്‍ വിട്ടുപോയോയെന്നോ ഡോര്‍ അടച്ചോ എന്നെല്ലാം പരിശോധിക്കുന്നത് തികച്ചും സാധാരണമായ കാര്യമാണ്. എന്നാല്‍ ശ്രദ്ധ നല്‍കേണ്ട സാഹചര്യം ഉണ്ടാകുന്നത്, ഇത്തരം ശീലങ്ങള്‍ നിങ്ങളുടെ സമയം കവരുന്നു, നിങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാക്കുന്നു, നിങ്ങളുടെ ദൈന്യദിന ജീവിതത്തെ ബാധിക്കുന്നു, ഒറ്റപ്പെടുന്നു, പല യാത്രകളും നിങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നു, പലപ്പോഴും നിങ്ങള്‍ വൈകുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമ്പോഴാണ്. ഇവ ശ്രദ്ധിച്ചാല്‍ ഒസിഡി പെട്ടെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കാം.

Content highlights: repeatedly checking doors and bags habit anxiety ocd symptoms explained

To advertise here,contact us