വൃക്ക മാറ്റിവച്ച വ്യക്തി ദീർഘകാലം ജീവിക്കുമോ? ശസ്ത്രക്രിയ പരാജയപ്പെട്ടാൽ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പരാജയപ്പെട്ടാൽ, ഉടൻ തന്നെ ഡയാലിസിസ് ആരംഭിക്കുകയാണ് ആദ്യം ചെയ്യുന്നത്

പ്രശസ്ത ബോളിവുഡ് താരം സതീഷ് ഷായുടെ മരണം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പോലെ ആരാധകർക്കും വലിയ വേദനയാണ് ഉണ്ടാക്കിയത്. വൃക്ക സംബന്ധമായ പ്രശ്‌നമായിരുന്നു അദ്ദേഹത്തിനെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മുമ്പ് അദ്ദേഹം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. താരത്തിന്റെ മരണത്തോടെ വൃക്ക മാറ്റിവയ്ക്കുന്ന ഒരു രോഗി എത്രകാലം ജീവിക്കും എന്നതിനെ കുറിച്ചുള്ള ചർച്ചകളും സജീവമാകുകയാണ്. മറ്റൊരാളുടെ വൃക്ക, രോഗി സ്വീകരിക്കുകയാണല്ലോ ചെയ്യുന്നത്, ഈ വൃക്ക രോഗിയുടെ ശരീരം നിരസിച്ചാൽ എന്ത് ചെയ്യും? ചില സമയങ്ങളിൽ ഇത്തരം നിർഭാഗ്യങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്ന ചില മനുഷ്യരുണ്ട്. ഇക്കാര്യത്തിലെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ അറിയാം.

വൃക്കരോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നയാൾ, രോഗാവസ്ഥയുടെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോഴാണ് അവയവം മാറ്റിവയ്ക്കാം എന്നൊരു തീരുമാനത്തിലെത്തുന്നത്. ആരോഗ്യമുള്ളൊരു ദാതാവിൽ നിന്നും വൃക്ക സ്വീകരിച്ചാലും അത് സ്വീകരിക്കുന്നയാളുടെ ശരീരം നിരസിക്കുക എന്ന അവസ്ഥ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നാളുകളായി ഡയാലിസിസ് ചെയ്ത് ബുദ്ധിമുട്ടുന്നവർക്കും വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് അതിൽ നിന്നും മുക്തിനേടാനുള്ള ഏക ആശ്രയം. എന്നാൽ പല ഘടകങ്ങളെ ആശ്രയിച്ചാണ് ഈ പ്രക്രിയ നടപ്പിലാക്കുന്നത്. ഇന്ത്യയിൽ ഏകദേശം അഞ്ച് ലക്ഷം രൂപ മുതൽ 15 ലക്ഷം വരെയാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്കുള്ള ചിലവ്. ആശുപത്രി, വൃക്ക മാറ്റിവയ്ക്കുന്ന രീതി, രോഗിയുടെ ആരോഗ്യം, ശസ്ത്രക്രിയ നടത്തിയതിന് ശേഷമുള്ള പരിപാലനം എന്നിവയെല്ലാം ആശ്രയിച്ചാണ് ഈ ചിലവ് കണക്കാക്കുക. മികച്ച ആരോഗ്യ പരിപാലനവും ആധുനിക ചികിത്സാ മാർഗങ്ങളും വൃക്ക സ്വീകരിക്കുന്ന രോഗികൾ പതിറ്റാണ്ടുകൾ ജീവിക്കാൻ അവസരം ഉണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളിൽ ആധുനികമായ മെഡിക്കൽ സംവിധാനങ്ങളുടെ ഉപയോഗത്തിനൊപ്പം ഇമ്യൂണോ സപ്രഷൻ മരുന്നുകളുടെ ഉപയോഗം, മികച്ച ഡോണർ എന്നിവയെല്ലാം രോഗികളുടെ ആയുസ് നീട്ടാൻ സഹായിച്ചിട്ടുണ്ട്.

ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷമായ രോഗി, അയാൾക്ക് മാറ്റിവച്ച വൃക്ക എന്നിവയുടെ അതിജീവന നിരക്ക് യഥാക്രമം 95 ശതമാനവും 90- 95 ശതമാനവുമാണെന്ന് 2024ൽ ഇന്ത്യൻ ജേർണൽ ഒഫ് നെഫ്രോളജിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു. ശസ്ത്രക്രിയ നടത്തിയ അഞ്ചുവർഷമായ രോഗികളിലാണെങ്കിൽ ഇത് യഥാക്രമം 85-90%വും 75 -80 ശതമാനവുമാണ്. അതേസമയം പത്തുവർഷമായവരിൽ ഇത് യഥാക്രമം 70-75ശതമാനവും 60-65ശതമാനവുമാണ്. ജീവിച്ചിരിക്കുന്ന ഡോണറിൽ നിന്നും സ്വീകരിക്കുന്നത് ആരോഗ്യമുള്ള വൃക്കയായിരിക്കും. പ്രായം കുറവുള്ള, പ്രമേഹമോ ഹൃദയസംബന്ധമായ അസുഖങ്ങളോ ബാധിക്കാത്ത ഒരാളിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്ക് ശേഷം വലിയ പ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കുറവായിരിക്കും. മരുന്നുകൾ കഴിക്കുന്നതിന് പുറമേ കൃത്യമായ പരിശോധനകൾ നടത്തുന്നതും അണുബാധ ഉണ്ടാകാതെ സൂക്ഷിക്കുന്നതും വളരെ പ്രാധാന്യമുള്ള കാര്യങ്ങളാണ്. ഡയാലിസിസ് ചെയ്യുന്ന ആളുകളെക്കാൾ ആയുർദൈർഘ്യം വൃക്കമാറ്റിവയ്ക്കുന്നവർക്കുണ്ടാകും.

വൃക്ക മാറ്റിവയ്ക്കുന്നത് പരാജയപ്പെടുന്നത്, അവ പ്രവർത്തനരഹിതമാമ്പോഴാണ്. ചിലപ്പോൾ അത് ഉടനടി സംഭവിക്കാം, മറ്റുചിലപ്പോൾ പതിയെ മാത്രമാകും ഇത് സംഭവിക്കുക. അണുബാധ, മരുന്നുകഴിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, മുമ്പേ ഉണ്ടായിരുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമാകാം. മറ്റൊന്ന് ശരീരം തന്നെ ഈ വൃക്കയെ നിരസിക്കുന്ന അവസ്ഥയാണ്. വൃക്ക സ്വീകരിച്ചയാളിന്റെ പ്രതിരോധ വ്യവസ്ഥ ഇത് സ്വന്തം അവയവമല്ലെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് ഇങ്ങനെ സംഭവിക്കുക. ഇത് ശസ്ത്രക്രിയ കഴിഞ്ഞ ഒരു മാസത്തിനുള്ളിലോ ഒരു വർഷത്തിനുള്ളിലോ സംഭവിക്കാം. 10-15 ശതമാനം പേരിൽ ഈ അവസ്ഥ കണ്ടുവരാറുണ്ട്. ആശ്വാസകരമായ കാര്യം ഇത്തരം അവസ്ഥകൾ ചികിത്സിക്കാൻ കഴിയുന്ന മരുന്നുകൾ ഇക്കാലത്ത് ലഭ്യമാണെന്നതാണ്.

രക്തം കട്ടപിടിക്കുന്ന അവസ്ഥയിൽ, വൃക്കകളിലേക്ക് രക്തയോട്ടം നടക്കില്ല, ഇതും വൃക്കകൾ പ്രവർത്തനരഹിതമാകാൻ കാരണമാകും. ചില സമയങ്ങളിൽ റീനൽ ആർട്ടറി ചുരുങ്ങുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകാം. അണുബാധ, വൃക്ക രോഗം ഉണ്ടാവാൻ കാരണമായ അവസ്ഥ വീണ്ടും ഉണ്ടാവുക, മരുന്നുകളിൽ നിന്നുണ്ടായ പാർശ്വഫലങ്ങൾ, ശസ്ത്രക്രിയയിലുണ്ടായ പ്രശ്‌നങ്ങൾ, വൃക്കയുടെ ഗുണനിലവാരം, ഡോണറുടെ ആരോഗ്യപ്രശ്‌നങ്ങൾ, രോഗിയുടെ ആരോഗ്യ ഘടകങ്ങൾ എന്നിവയെല്ലാം വൃക്ക മാറ്റിവച്ചിട്ടും രോഗിയുടെ ജീവന് ഭീഷണിയുണ്ടാക്കാം.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പരാജയപ്പെട്ടാൽ, ഉടൻ തന്നെ ഡയാലിസിസ് ആരംഭിക്കുകയാണ് ആദ്യം ചെയ്യുന്നത്. മാത്രമല്ല രണ്ടാമതൊരു ശസ്ത്രക്രിയയ്ക്കുള്ള അവസരമുണ്ടോയെന്ന പരിശോധിക്കാം. ശരീരം വൃക്കയെ നിരസിച്ചതിന്റെ ആദ്യ ലക്ഷണങ്ങളാണ് പനി, ക്ഷീണം, കണങ്കാലിലെ നീര്, മൂത്രത്തിന്റെ അളവ് കുറയുക, ശസ്ത്രക്രിയ നടത്തിയ സ്ഥലത്ത് അനുഭവപ്പെടുന്ന വേദന, ഓക്കാനം, അമിതമായ ഭാരം എന്നിവ. ഇത്തരം അവസ്ഥകളിൽ രക്തപരിശോധന ആവശ്യമാണ്. ചില കേസുകളിൽ ഇമ്മ്യൂണോ സപ്രസന്റ് മരുന്നുകൾ ഉപയോഗിക്കും. രക്തം കട്ടപിടിക്കുന്ന പ്രശ്‌നമാണെങ്കിൽ ശസ്ത്രക്രിയ ചിലപ്പോൾ വേണ്ടിവരും. വൃക്ക മാറ്റിവയ്ക്കൽ സാധാരണയായി വിജയകരമാണ്. എന്നാൽ ചില സമയങ്ങളിൽ ബ്ലീഡിങ്, അണുബാധ, രക്തംകട്ടപിടിക്കുക എന്നിവ പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട്.Content Highlights: Know about Kidney transplant and its challenges

To advertise here,contact us