ഇക്കാലത്ത് സോഷ്യല് മീഡിയ ഉപയോഗിക്കാത്തവര് വളരെ വിരളമാണ്. കുട്ടികളടക്കം എല്ലാവരും സോഷ്യല് മീഡിയയുടെ ലോകത്താണ് ഉറങ്ങുന്നതും ഉണരുന്നതും പോലും. ഒന്ന് സമയം പോകാന് ഫോണെടുക്കുന്നവര് റീലുകള് കണ്ടിരിക്കുന്നത് മണിക്കൂറുകളാണ്. സോഷ്യല് മീഡിയയില് ഒരുപാട് നല്ല കാര്യങ്ങള് ഉണ്ടെങ്കിലും നിരന്തരമായി റീല്സ് കാണുന്ന ഒരാള്ക്ക് ആദ്യം സംഭവിക്കാന് പോകുന്നത് ശ്രദ്ധ പുലര്ത്താനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ്. അവര് വിഷാദരോഗത്തിന് അടിമപ്പെടാനും സാധ്യതയുണ്ട്.
വിദ്യര്ഥികളാണെങ്കില് അവര്ക്ക് പഠിക്കാനുള്ള താല്പര്യം നഷ്ടപ്പെടുന്നു. പഠനം വളരെയധികം ശ്രദ്ധയും മനസാന്നിധ്യവും വേണ്ട കാര്യമാണ്. റീല്സിന്റെ പ്രത്യേകത അത് ഏതാനും സെക്കന്റുകള് മാത്രമേയുള്ളൂ എന്നതാണ്. ഇത് കണ്ട് ശീലിക്കുന്ന കുട്ടികള്ക്ക് ക്ഷമയില്ലാതാകും. എല്ലാം പെട്ടെന്ന് കിട്ടണം എന്ന തോന്നലുണ്ടാകും.
അതുപോലെ ഒന്നിനെയും അഭിമുഖീകരിക്കാന് കഴിയാത്ത ഒരു പുതിയ തലമുറയാണ് നമ്മുടെ ഇടയില് വളര്ന്നുവരുന്നത്. സ്കൂളില് അസൈന്മെന്റ് ചെയ്യാത്തതിന് ടീച്ചര് വഴക്ക് പറഞ്ഞാലോ ടിവി കാണേണ്ട എന്ന് പറഞ്ഞാലോ മൊബൈല് ഫോണ് പിടിച്ചുവച്ചാലോ അവര്ക്ക് താങ്ങാന് സാധിക്കുന്നില്ല. പ്രത്യേകിച്ച് ബോര്ഡര്ലൈന് പേഴ്സണാലിറ്റി ഡിസോര്ഡര് (ഇമോഷണലി ബാലന്സ്ഡ് അല്ലാത്ത അവസ്ഥ)ഉള്ളവര്ക്ക് .മറ്റുള്ളവരേക്കാള് ഇത്തരക്കാര്ക്ക് മൂഡ് സ്വിംഗ്സ്(സ്വഭാവത്തിലെ വ്യത്യാസങ്ങള് ) കുറച്ച് കൂടുതലായിരിക്കും.
ഇവരെ ആരെങ്കിലും വഴക്കുപറയുന്നതോ, വേണ്ടപ്പെട്ടവര് തിരസ്കരിക്കുന്നതോ പോലെയുള്ള സാഹചര്യമുണ്ടാകുമ്പോള് ലോകം മുഴുവന് തനിക്കെതിരെ വരുന്നതായി തോന്നുകയും വളരെ വലിയ വേദന മനസിന് ഉണ്ടാവുകയും ചെയ്യും. അപ്പോള് അവര് സ്വയം ഉപദ്രവിക്കും, ജീവിക്കേണ്ട എന്ന് തോന്നലുമൊക്കെ വരാം . ഇതെല്ലാം തലച്ചോറിന്റെ രാസപ്രവര്ത്തനങ്ങളുടെ ഫലമാണ്. ഇങ്ങനെയുള്ള വ്യക്തിത്വത്തിലൂടെ കടന്നുപോകുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ജീവിക്കേണ്ട എന്ന് തോന്നുന്ന ഘട്ടത്തില് ആത്മഹത്യയിലേക്ക് പോയേക്കാം.
മരിക്കണം എന്ന് തോന്നുന്ന ആ ഒരു നിമിഷം അതിജീവിച്ചാല് നമുക്ക് രക്ഷപെടാന് സാധിക്കും. ആ സമയത്ത് നിങ്ങള് എവിടെയാണോ നില്ക്കുന്നത് അവിടെനിന്ന് ഇറങ്ങി എങ്ങോട്ടെങ്കിലും മാറുക. അടുത്ത മുറിയില് മാതാപിതാക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില് അങ്ങോട്ടേക്ക് പോവുക. അവിടെ പോയി വെറുതെയിരിക്കുക. എവിടെയും പോകാനില്ലെങ്കില് ആ മുറിയില് നിന്ന് മാറുക. വീടിനുള്ളില്ലായാലും ഹോസ്റ്റലിലായാലും സ്റ്റെപ്പുകളിലൂടെ ഒന്ന് കയറി ഇറങ്ങുക. അടുത്ത സുഹൃത്തിനെ വിളിക്കുക. ഒന്നുമില്ലെങ്കില് ഒരു പേന എടുത്ത് പേപ്പറില് വെറുതെ കുത്തിവരച്ചാല് പോലും ബ്രയിനില് എന്തെങ്കിലും മാറ്റങ്ങള് വരും. ആ നിമിഷം അതിജീവിച്ചാല് പല ജീവനുകളും നഷ്ടപ്പെടില്ല. പിടിച്ചുനില്ക്കുക എന്നതാണ് ഏറ്റവും അടിസ്ഥാനമായിട്ടുള്ള കാര്യം. വഴക്ക് പറഞ്ഞോട്ടെ, നഷ്ടങ്ങള് സംഭവിച്ചോട്ടെ, വേണ്ടപ്പെട്ടവര് മരിച്ച് പൊയ്ക്കോട്ടെ ,ജീവിതത്തില് എല്ലാം നഷ്ടപ്പെട്ടോട്ടെ പക്ഷേ പിടിച്ചുനില്ക്കാനുള്ള കരുത്തുളളവരായിരിക്കണം.
Content Highlights :Those who watch the reels may become depressed