ശരീരഭാരം കുറയ്ക്കാന്‍ ഈന്തപ്പഴം; ഫ്രഷായതോ ഉണങ്ങിയതോ ഏതാണ് ഗുണപ്രദം

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏത് തരം ഈന്തപ്പഴമാണ് കഴിക്കേണ്ടത്

ഈന്തപ്പഴത്തിന് ആരോഗ്യഗുണങ്ങള്‍ ധാരാളമാണ്. പോഷകസമൃദ്ധവും സ്വാഭാവിക മധുരവും ഒക്കെക്കൊണ്ട് ലോകമെമ്പാടും ഈന്തപ്പഴം ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. ഉണങ്ങിയതും ഫ്രഷായ പഴങ്ങളായും അവ ലഭ്യവുമാണ്. എന്നാല്‍ ഇവയില്‍ ഏതിനാണ് പോഷകമൂല്യം കൂടുതല്‍. ഫ്രഷായ ഈന്തപ്പഴത്തില്‍ മൃദുവും ജലാംശം കൂടുതലും കലോറിയും പഞ്ചസാരയും കുറവുമാണ്. അതേസമയം ഉണങ്ങിയ ഈന്തപ്പഴം കൂടുതല്‍ മധുരമുള്ളതും നാരുകളും ആവശ്യധാതുക്കളും കൊണ്ട് സമ്പന്നമാണ്. ഉണങ്ങിയതിലായാലും ഫ്രഷായ പഴത്തിലായാലും രണ്ടിലും പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജം, ദഹനം മൊത്തത്തിലുളള ആരോഗ്യം എന്നിവയെ സഹായിക്കുന്നു. സയന്‍സ്ഡയറക്ടില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈന്തപ്പഴത്തന്റെ ഗുണങ്ങളെക്കുറിച്ച് വിശദമായി പറയുന്നത്.

ഉണങ്ങുമ്പോള്‍ ഈന്തപ്പഴത്തില്‍ സംഭവിക്കുന്നത്

രണ്ട് തരത്തിലുള്ള ഈന്തപ്പഴങ്ങളിലും ആവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രകൃതിദത്ത പഞ്ചസാര എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പക്ഷേ ഉണക്കുമ്പോള്‍ അവയുടെ പോഷകങ്ങളുടെ അവസ്ഥയില്‍ മാറ്റം വരുന്നു. ഫ്രഷായ ഈന്തപ്പഴത്തില്‍ 60 ശതമാനം വെളളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈന്തപ്പഴം ഉണക്കുമ്പോള്‍ 25 ശതമാനം വെള്ളം മാത്രമേ ഉണ്ടാവൂ.

വെള്ളം കുറയുന്നതുകൊണ്ടുതന്നെ ഈന്തപ്പഴത്തിന്റെ കലോറി, പോഷകഘടകങ്ങള്‍ എന്നിവയില്‍ കൂടുതല്‍ സാന്ദ്രതയുണ്ടാവും. 100 ഗ്രാം ഫ്രഷായ ഈന്തപ്പഴം ഏകദേശം 142 കലോറിയും അതേ അളവിലുളള ഉണങ്ങിയ ഈന്തപ്പഴം 277 കലോറിയും നല്‍കും. ഉണങ്ങിയ ഈന്തപ്പഴത്തില്‍ കൂടിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റും(75ഗ്രാം,37ഗ്രാം)നാരുകളും (8ഗ്രാം,3.5ഗ്രാം)അടങ്ങിയിട്ടുണ്ട്. എന്നാല്‍ രണ്ടിലും പൊട്ടാസ്യം , മഗ്നീഷ്യം,ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം ഉണങ്ങുമ്പോള്‍ പോഷകസാന്ദ്രത വര്‍ധിക്കുന്നതുകൊണ്ട് കാല്‍സ്യത്തിന്റെയും സൂക്ഷ്മ പോഷകങ്ങളുടെയും അളവ് അല്‍പ്പം കൂടുതലാണ്. പോഷക സമൃദ്ധവും നാരുകളാല്‍ സമ്പന്നവുമായ ഉണങ്ങിയ ഈന്തപ്പഴം ഊര്‍ജ്ജം വര്‍ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും.

ഫ്രഷായ ഈന്തപ്പഴം ആന്റീ ഓക്‌സിഡന്റുകളാല്‍ സമ്പന്നം

ഉണങ്ങിയ ഈന്തപ്പഴങ്ങളെ അപേക്ഷിച്ച് ഫ്രഷായ ഈന്തപ്പഴത്തില്‍ കൂടുതല്‍ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശത്തിലോ ചൂടിലോ ഉണക്കുമ്പോള്‍ അതിലെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ചില ബി വിറ്റാമിനുകള്‍ എന്നിവയുടെ അളവ് കുറയും. രണ്ട് തരത്തിലുള്ളവയ്ക്കും ധാരാളം ഗുണങ്ങളുണ്ടെങ്കിലും ഫ്രഷായ ഈന്തപ്പഴത്തിന് നേരിയ ഗുണം കൂടുതലുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഫ്രഷായ ഈന്തപ്പഴമാണ് നല്ലത്.

Content Highlights :Are fresh dates or dried dates more beneficial?

To advertise here,contact us