നിങ്ങൾ സമ്മർദ്ദത്തിലാണോ; അങ്ങനെയെങ്കിൽ മൂക്ക് തണുക്കുമെന്ന് പഠനം

സസെക്സ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നിൽ

സമ്മർദ്ദത്തിലാകുമ്പോൾ നമ്മുടെ മൂക്ക് തണുക്കുന്നുവെന്ന് പഠനം. തെർമൽ ഇമേജ് ഉപയോ​ഗിച്ചുള്ള പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയത്. സസെക്സ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നിൽ.

സമ്മർദ്ദവുമായി ബന്ധപ്പെട്ട വികാരങ്ങൾ അനുഭവിക്കുമ്പോൾ നമ്മുടെ മുഖത്തേക്കുള്ള രക്തയോട്ടം എങ്ങനെ മാറുന്നു എന്നാണ് ഇവർ തെർമൽ ഇമേജിംഗ് ഉപയോഗിച്ച് വിശകലനം ചെയ്തത്.

പഠനത്തിനായി നടത്തിയ പരീക്ഷണത്തിൽ പങ്കെടുത്ത ആളുകളുടെ സമ്മർദ്ദ നില ഉയരുമ്പോൾ മുഖത്തെ രക്തപ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങൾ ട്രാക്ക് ചെയ്യാൻ തെർമൽ ഇമേജിംഗ് രീതിയാണ് ഉപയോ​ഗിച്ചത്. പരീക്ഷണത്തിൽ പങ്കെടുത്ത 29 വളണ്ടിയർമാരിൽ ഓരോരുത്തരുടെയും മൂക്കിന്റെ താപനില മൂന്ന് മുതൽ ആറ് ഡിഗ്രി വരെ താഴ്ന്നതായാണ് കണ്ടെത്തിയത്. നമ്മുടെ ഉത്തേജന സംവിധാനം സജീവമാകുമ്പോൾ രക്തപ്രവാഹത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നുവെന്നാണ് കണ്ടെത്തൽ. ബാഹ്യ സമ്മർദ്ദങ്ങളോട് പ്രതികരിക്കാൻ മനുഷ്യരുടെ തലച്ചോറും ശരീരവും കൂടുതൽ ജാഗ്രത പാലിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. എല്ലാ ജീവികളുടെയും പ്രാഥമിക സെൻസറി രീതി കാഴ്ചയായതിനാൽ നമ്മുടെ ദൃശ്യ സാധ്യതകളിലേയ്ക്ക് ശ്രദ്ധ വർദ്ധിപ്പിക്കാൻ നമ്മൾ ശ്രമിക്കുന്നു. അതുവഴി മുഖത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള രക്തയോട്ടം കുറയുന്നു. ഈ മാറ്റം മൂക്കിനു ചുറ്റുമുള്ള വാസകോൺസ്ട്രിക്ഷന് കാരണമാകുന്നു. ഇത് നമ്മൾ ശാന്തമായിരിക്കുമ്പോൾ ഉള്ളതിനേക്കാൾ മൂക്കിന്റെ അഗ്രത്തിന്റെ താപനിലയിൽ ഗണ്യമായ കുറവ് സൃഷ്ടിക്കുന്നുവെന്നാണ് ഇതിലെ വിശദീകരണം.

ഒക്ടോബർ 18 ന് ലണ്ടനിൽ നടക്കുന്ന ന്യൂ സയന്റിസ്റ്റ് ലൈവ് പരിപാടിയിൽ മുഖ്യ ഗവേഷകയായ പ്രൊഫസർ ഗില്ലിയൻ ഫോറസ്റ്റർ പ്രേക്ഷകർക്ക് മുന്നിൽ ഇത് പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോ‍ർ‌ട്ട്. എല്ലാ ജീവികളിലും കാണപ്പെടുന്ന ഒരു പരിണാമ പ്രതികരണമായതിനാൽ മനുഷ്യരെപ്പോലെ കുരങ്ങുകളിലും സമ്മർദ്ദ നില അളക്കാൻ ഇത് ഉപയോഗിക്കാമെന്നാണ് ശാസ്ത്രജ്ഞരെ ഉദ്ധരിച്ചുള്ള റിപ്പോ‍ർട്ട്.

Content Highlights: Your nose gets colder when you’re stressed, new thermal images show

To advertise here,contact us