വയറിലെ ഗ്യാസ് ആണോ പ്രശ്‌നം? പോംവഴി ഉണ്ട്

ശരിയായി ഭക്ഷണം കഴിച്ച ശേഷവും വയറ് വീര്‍ക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്

ശരിയായി ഭക്ഷണം കഴിച്ചാലും വയറില്‍ ഗ്യാസ് ഉരുണ്ടുകൂടി അസ്വസ്ഥതയുണ്ടാവുന്നവര്‍ ഒരുപാടുണ്ട്. ഭക്ഷണത്തിന് പിന്നാലെ വയറ് വീര്‍ക്കുകയും വയറുവേദന ഉണ്ടാവുകയും ചെയ്യുന്നത് ഏറ്റവും വലിയ ബുദ്ധിമുട്ടുതന്നെയാണ്. പല വിധത്തിലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ 'ബ്ലോട്ടിംഗ്' എന്ന് അറിയപ്പെടുന്ന വയറിലെ ഗ്യാസ്‌കെട്ടലിന് സാധിക്കും. നാം കഴിക്കുന്ന ഭക്ഷണം, കഴിക്കുന്ന രീതി ഇവയെല്ലാം വയറില്‍ ഗ്യാസ് കെട്ടുന്നതിന് കാരണമാകുന്നു.

ഭക്ഷണം കഴിക്കുന്നതുമൂലമുണ്ടാകുന്ന കാരണങ്ങള്‍ക്ക് പുറമേ ചില മെഡിക്കല്‍ അവസ്ഥകളും ഗ്യാസിന് കാരണമാകും. കുടല്‍ സംബന്ധമായ അസുഖങ്ങള്‍, ചെറുകുടലിലെ ബാക്ടീരിയയുടെ അമിത വളര്‍ച്ച, മലബന്ധം ഇവയും കാരണങ്ങളാണ്. വയറിലെ ഗ്യാസ്‌കെട്ടലിന് ആശ്വാസം കിട്ടാന്‍ ചില സിമ്പിള്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

ചൂടുവെള്ളത്തില്‍ കുളിക്കാം

വയറില്‍ ഗ്യാസ് കെട്ടിയിരിക്കുന്ന സമയത്ത് ചൂടുവെള്ളത്തില്‍ ഒന്ന് കുളിക്കുക. വെള്ളത്തിന്റെ ചൂട് ഗ്യാസ് കെട്ടലിനെ തടയാന്‍ ഒരു പരിധിവരെ സഹായിക്കും.

ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാം

ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗ്യാസ് കെട്ടലിനെ ഒഴിവാക്കാന്‍ സഹായിക്കും. അതുകൊണ്ട് കൂടുതല്‍ ഫൈബര്‍ അടങ്ങിയ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഭക്ഷണപാനിയങ്ങളില്‍ ശ്രദ്ധിക്കുക

വെള്ളം കുടിക്കാന്‍ മറക്കരുത്. ആവശ്യത്തിന് വെളളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഗ്രീന്‍ടീ കുടിക്കുക, ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. അതുപോലെ പഴം, പുളിയില്ലാത്ത തൈര് എന്നിവയും ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്.

വ്യായാമങ്ങള്‍

വയറില്‍ ഗ്യാസ് കയറി വിഷമിച്ചിരിക്കുന്ന അവസ്ഥയാണെങ്കില്‍ യോഗ, നടത്തം പോലുള്ള വ്യായാമങ്ങള്‍ ഫലം ചെയ്യും. ശരീരം അനങ്ങുമ്പോള്‍ വയറിലെ പേശികള്‍ ചുരുങ്ങുകയും അത് ഗ്യാസിന് ശമനമുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്യും.

വയറില്‍ ഗ്യാസ് ഉണ്ടാക്കുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങള്‍

  • സോഡ, ബിയര്‍ പോലെയുള്ള കാര്‍ബണേറ്റ് പാനിയങ്ങള്‍ വയറിലെ വാതകം വര്‍ധിപ്പിക്കും
  • വേഗത്തില്‍ വാരിവലിച്ച് ഭക്ഷണം കഴിക്കുക, സ്‌ട്രോയിലൂടെ പാനിയങ്ങള്‍ കുടിക്കുക, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സംസാരിക്കുക എന്നീ ശീലങ്ങള്‍ കൂടുതല്‍ വായു ഉള്ളിലെത്താന്‍ കാരണമാകുന്നു.
  • ചില പഞ്ചസാര രഹിത ഭക്ഷണങ്ങളിലും പാനിയങ്ങളിലും കാണപ്പെടുന്ന പഞ്ചസാരയ്ക്ക് പകരമുള്ള ക്രിത്രിമ മധുരം വന്‍കുടലില്‍ ഗ്യാസ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Is gas in the stomach the problem? There is a solution

To advertise here,contact us