രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ 'കോള്ഡ്രിഫ്' എന്ന കഫ്സിറപ്പിന്റെ വാര്ത്തകള് നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്ക്ക് കഫ്സിറപ്പ് നല്കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്ത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ കുട്ടികൾക്ക് കഫ്സിറപ്പ് നൽകുന്നത് നല്ലതാണോ എന്ന ചർച്ചയും നടക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് പ്രമുഖ ന്യൂറോളജിസ്റ്റ് ഡോക്ടറായ സുധീര് കുമാർ നടത്തിയ പ്രതികരണം ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.
കുട്ടികളിലെ കഫ്സിറപ്പ് ഉപയോഗം
കുട്ടികള്ക്ക് യഥാര്ത്ഥത്തില് കഫ്സിറപ്പ് ആവശ്യമില്ലെന്നാണ് ഡോ. സുധീര് കുമാര് വെളിപ്പെടുത്തുന്നത്. കഫ്സിറപ്പുകള്ക്ക് വേഗത്തിലുള്ള രോഗശാന്തിക്കുള്ള കഴിവില്ലെന്ന് മാത്രമല്ല ഇത് രോഗം സുഖപ്പെടുത്തില്ലെന്നും അദ്ദേഹം പറയുന്നു. ഇവയില് ഉള്പ്പെട്ടിട്ടുള്ള ആന്റിഹിസ്റ്റാമിന്സ്, ഡികണ്ജെസ്റ്റന്റസ്, കോഡിയിന് എന്നിവ മയക്കം, ക്രമരഹിതമായ നെഞ്ചിടുപ്പുകള് ശ്വസന പ്രശ്നങ്ങള് എന്നിവയ്ക്ക് കാരണമാകുന്നുവെന്നും ഡോ. സുധീര് കുമാര് എക്സില് കുറിച്ചു. മധ്യപ്രദേശിലെ കഫ്സിറപ്പ് മരണങ്ങള്ക്ക് പിന്നാലെയാണ് ഡോ. സുധീര് ഇതിന്റെ ദൂഷ്യഫലങ്ങള് ചൂണ്ടിക്കാട്ടി പോസ്റ്റിട്ടത്.
എന്താണ് കഫ്സിറപ്പ് മരണങ്ങള്ക്ക് പിന്നിലെ കാരണം ?
മധ്യപ്രദേശിലും രാജസ്ഥാനിലുമായി നടന്ന കഫ്സിറപ്പ് മരണങ്ങള്ക്ക് പിന്നില് ഡൈഎഥിലിന് ഗ്ലൈകോള് അല്ലെങ്കില് എഥിലിന് ഗ്ലൈകോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവ വിഷ പദാര്ത്ഥങ്ങള് ഉള്ളില് ചെന്നാല് വലിയ ആരോഗ്യ പ്രശ്നങ്ങള് തുടങ്ങി മരണം വരെ സംഭവിക്കാം. ഇവയുടെ ചെറിയ അളവിലെ ഉപയോഗം പോലും വൃക്കയെ തകരാറിലാക്കിയേക്കാം.
കുട്ടികളിലാണ് ഇവയുടെ പ്രത്യാഘാതങ്ങള് ഏറ്റവും കൂടുതല് ബാധിക്കുക. കഫ്സിറപ്പ് കഴിച്ച ശേഷം തലകറക്കം, ഛര്ദ്ദില്, അപസ്മാരം എന്നീ അവസ്ഥകളുണ്ടായാല് ഉടന് ആശുപത്രിയില് പ്രവേശിപ്പിക്കുക. നിരവധിയിടങ്ങളില് ഇത്തരത്തില് വ്യാജ മരുന്നുകള് നിര്മ്മിക്കുന്നുണ്ട്. യഥാര്ത്ഥ ബ്രാന്ഡുകളേ പോലെയാണ് അവ കാഴ്ചയിലെങ്കിലും ഉള്ളില് അടങ്ങിയിട്ടുള്ള ചേരുവകള് വളരെ കുറവാണ്.
പല വ്യാജ മരുന്നുകളിലും മെര്ക്കുറി, ആര്സെനിക്, എലി വിഷം എന്നിവ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധര് പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം മിക്ക വികസ്വര രാജ്യങ്ങളിലും 10 മരുന്നുകള് എടുത്താല് അവയില് ഒരെണ്ണം വ്യാജമായിരിക്കുമെന്ന് പറയുന്നു.
Content Highlights- cough syrup for coughs? Health expert says there is no benefit