അധികമായാൽ പണിപാളും; അത്രയ്ക്ക് 'പഞ്ചാര' വേണ്ട?

അമിതമായ പഞ്ചസാര ഉപയോഗം ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിയാം

പഞ്ചസാര അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നതില്‍ സംശയമില്ല. പഞ്ചസാര എന്നുപറയുമ്പോള്‍ മധുരം. പ്രത്യേകിച്ച് മധുരം അടങ്ങിയ സോഡകള്‍, മധുരപലഹാരങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയില്‍ നിന്നുള്ള പഞ്ചസാര ഉയര്‍ന്ന എല്‍ഡിഎല്‍ (മോശം) കൊളസ്‌ട്രോള്‍, കൂടിയ അളവില്‍ ട്രൈഗ്ലിസറൈഡുകള്‍, കുറഞ്ഞ എച്ച്ഡിഎല്‍ (നല്ല) കൊളസ്‌ട്രോള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാലക്രമേണ, ഈ മാറ്റങ്ങള്‍ രക്തപ്രവാഹത്തിനും ഹൃദ്രോഗത്തിനും ഉപാപചയ വൈകല്യങ്ങള്‍ക്കും ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പഞ്ചസാരയും കൊളസട്രോളും

സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ നിന്നും മധുരപാനിയങ്ങളില്‍നിന്നും ശരീരത്തിലെത്തുന്ന പഞ്ചസാര കൊളസ്‌ട്രോളിന്റെ അളവിനെ പ്രതികൂലമായി ബാധിക്കും. സയന്‍സ് ഡയറക്ടില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് ട്രൈഗ്ലിസറൈഡിന്റെയും എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെയും അളവ് ഗണ്യമായി വര്‍ധിപ്പിക്കും.

ഇത്തരത്തിലുള്ള ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പതിവായി പഞ്ചസാര അടങ്ങിയ ഭക്ഷ്യവസ്തുക്കളും പാനിയങ്ങളും കഴിക്കുന്നത് രക്തത്തില്‍ നിന്ന് കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന നല്ല കൊളസ്‌ട്രോളായ ലിപ്പോപ്രോട്ടീന്‍ HDL ന്റെ അളവ് കുറയ്ക്കുന്നു. HDL കൊളസ്‌ട്രോള്‍ കൊഴുപ്പ് തന്മാത്രകളെ കരളിലേക്ക് തിരികെ കൊണ്ടുപോയി പുറംതള്ളുന്ന ക്ലീനറായി പ്രവര്‍ത്തിക്കുന്നു.

ദിവസവും എത്ര അളവില്‍ മധുരം കഴിക്കാം

ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് അമിത വണ്ണം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ കുറയ്ക്കുന്നതിന് പഞ്ചസാര അടങ്ങിയ ഭക്ഷണത്തിന്റെ അളവ് ദിവസേന ഉള്ള ഊര്‍ജ്ജ ഉപയോഗത്തിന്റെ 10 ശതമാനത്തില്‍ താഴെയേ ആകാവൂ എന്നാണ്. അതായത് 2,000 കലോറി ഭക്ഷണത്തില്‍ ഏകദേശം 50 ഗ്രാം (12 സ്പൂണ്‍) പഞ്ചസാരക്ക് തുല്യം. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ കണക്കനുസരിച്ച് ദിവസേനെയുള്ള കലോറിയുടെ 6 ശതമാനം അല്ലെങ്കില്‍ 7 ടീസ്പൂണ്‍ പഞ്ചസാര ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

പഞ്ചസാരയുടെ അളവ് ശരീരത്തിന്റെ ഓരോ ഭാഗങ്ങളെ ബാധിക്കുന്നത് എങ്ങനെ

പഞ്ചസാര അടങ്ങിയ ഭക്ഷണം കൊളസ്‌ട്രോളിനെ ബാധിക്കുമെന്ന് മാത്രമല്ല അമിതമായി പഞ്ചസാര കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്‌രോഗം എന്നിവയ്ക്ക് കാരണമാകും. ഇത് പല്ലുകള്‍ പൊടിഞ്ഞുപോവുക, മെറ്റബോളിക് സിന്‍ഡ്രോം എന്നിവയിലേക്കും നയിച്ചേക്കാം. പഞ്ചസാര അടങ്ങിയ പാനിയങ്ങള്‍ കുടിക്കുന്നതുമൂലം വളരെ വേഗത്തില്‍ പഞ്ചസാര രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനാലാണ് അപകടം വര്‍ധിക്കുന്നത്.

പഞ്ചസാരയുടെ അളവ് എങ്ങനെ കുറയ്ക്കാം

പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്നല്ല പറഞ്ഞുവരുന്നത്. ശ്രദ്ധാപൂര്‍വ്വമായ ചില മാറ്റങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും.

  • പഞ്ചസാര അടങ്ങിയ പാനിയങ്ങള്‍ പരിമിതപ്പെടുത്തുക. ഇവയ്ക്ക് പകരം സോഡകളോ എനര്‍ജി ഡ്രിങ്കുകളോ വെള്ളമോ മധുരമില്ലാത്ത ഹെര്‍ബല്‍ ടീയോ ഉപയോഗിക്കാവുന്നതാണ്.
  • മധുര പലഹാരങ്ങള്‍ക്ക് പകരം പഴങ്ങള്‍ കഴിക്കാം. പഴങ്ങളില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്.അവയില്‍ നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
  • വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശീലിക്കുക

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Learn how excessive sugar consumption affects different parts of the body.

To advertise here,contact us