20 കളിലും 30കളിലും ഉള്ള അകാലനരയ്ക്ക് കാരണം എന്താണെന്നറിയാമോ?

ചെറുപ്പക്കാരിലെ നര മാറ്റാന്‍ കഴിയുമോ? അതിന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്

തലമുടി വാര്‍ദ്ധക്യത്തിന്റെ ലക്ഷണമായി കണ്ടിരുന്ന കാലം ഒക്കെ കഴിഞ്ഞു. ഇന്ന് ചെറുപ്പക്കാരിലും നര ധാരാളമായി കണ്ടുവരുന്നു. 20കളിലും 30 കളിലും ഉണ്ടാകുന്ന നരച്ച മുടി ചെറുപ്പക്കാർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്തുകൊണ്ടായിരിക്കാം ഈ പ്രായത്തില്‍ അകാല നര വര്‍ധിച്ചുവരുന്നത്. ഇതിന് എന്തെങ്കിലും പ്രതിവിധികളുണ്ടോ? ഫരീദാബാദിലെ Genesis Skin and Hair Clinic ലെ ഡര്‍മറ്റോളജിസ്റ്റ് ഡോ. അനില്‍ കെ.വി ചെറുപ്പക്കാരിലെ അകാല നരയെക്കുറിച്ച് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ ലേഖനത്തില്‍ പറയുന്നത് ഇങ്ങനെയാണ്.

എന്തുകൊണ്ടാണ് ചെറുപ്പക്കാരില്‍ അകാല നര ഉണ്ടാകുന്നത്

മുടിയിലെ മെലാനിന്‍ പിഗ്മെന്റ് നഷ്ടപ്പെട്ട് ചെറിയ പ്രായത്തില്‍ത്തന്നെ മുടി നരയ്ക്കുന്ന അവസ്ഥയാണ് അകാല നര. ഇക്കാലത്ത്, 20 നും 30 നും ഇടയില്‍ പ്രായമുള്ള നിരവധി ചെറുപ്പക്കാര്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട്. നിങ്ങളുടെ തലമുടി മെലാനിന്‍ പിഗ്മെന്റ് ഉത്പാദിപ്പിക്കുന്നത് നിര്‍ത്തുമ്പോഴാണ് മുടി നരയ്ക്കുന്നത്. വെയിലില്‍നിന്നുളള അള്‍ട്രാവയലറ്റ് രശ്മികള്‍, വായു മലിനീകരണം, പുകവലി, വൈകാരിക സമ്മര്‍ദ്ദം തുടങ്ങിയ ഘടകങ്ങളോടൊപ്പം പല ജനിതക ഘടകങ്ങളും ഇതിനെ സ്വാധീനിക്കുമെന്ന് ഡോക്ടര്‍ അനില്‍ പറയുന്നു.

കെമിക്കലുകള്‍ അടങ്ങിയ ഹെയര്‍ ഡൈകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് (വിറ്റാമിന്‍ ബി 12, ഇരുമ്പ്, ചെമ്പ്, സിങ്ക് പോലുള്ളവ), ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ (അറ്റോപിക് ഡെര്‍മറ്റൈറ്റിസ്, തൈറോയ്ഡ് പോലുള്ളവ), ഹൈപ്പോതൈറോയിഡിസം പോലുള്ള ഹോര്‍മോണ്‍ തകരാറുകള്‍ എന്നിവയാണ് അകാല മുടി നരയ്ക്കലിനുള്ള മറ്റ് പ്രധാന കാരണങ്ങള്‍. അതുപോലെ വിറ്റാമിന്‍ ബി 12, ഫോളേറ്റ് എന്നിവയുടെ കുറഞ്ഞ അളവും അകാല നരയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അകാല നര എങ്ങനെ തടയാം

പുകവലി നിര്‍ത്തുക

പുകവലിക്കുന്നവരില്‍ അകാലനര ഉണ്ടാകാനുളള സാധ്യത വളരെ കൂടുതലാണ്. പുകവലിയും വാപ്പിംഗും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം ത്വരിതപ്പെടുത്തുകയും മെലാനിന്‍ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ അത്തരക്കാര്‍ പുകവലി നിര്‍ത്തേണ്ടതാണ്.

ഭക്ഷണക്രമത്തിലെ വ്യത്യാസം

പ്രോട്ടീന്‍ സമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരുക. വിറ്റാമിന്‍ ബി 12 അടങ്ങിയ മത്സ്യം, മുട്ട അല്ലെങ്കില്‍ പാലുല്‍പ്പന്നങ്ങള്‍ പോലുള്ള ഭക്ഷണങ്ങളും ചീര, കാബേജ് പോലുള്ള ഇലക്കറികളും കടല, പയര്‍ പോലുള്ള പയറ് വര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം

ഫ്രീ റാഡിക്കലുകളില്‍(അസ്ഥിരമായുളള തന്മാത്രകള്‍. ഇവ അടിഞ്ഞുകൂടുന്നത് കോശങ്ങളിലെ ഡിഎന്‍എ നശിപ്പിക്കും) നിന്നുള്ള ഓക്സിഡേറ്റീവ് സ്‌ട്രെസ് മുടിയുടെ ഫോളിക്കിളുകളെ നശിപ്പിക്കും. മുടിയെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ നട്സ്, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

സമ്മര്‍ദ്ദം കുറയ്ക്കുക

വിട്ടുമാറാത്ത സമ്മര്‍ദ്ദം മുടികൊഴിച്ചില്‍ ഉള്‍പ്പെടെ പല വിധത്തിലുളള ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിനാല്‍ കഴിയുന്നത്ര സമ്മര്‍ദ്ദം കുറയ്ക്കുക. ദിവസവും ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങുക. സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ദിവസവും വ്യായാമം ചെയ്യുകയോ യോഗ പ്രാക്ടീസ് ചെയ്യുകയോ ചെയ്യാം.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Do you know what causes premature graying in your 20s and 30s? Can graying in young people be reversed?

To advertise here,contact us