മച്ചാ ഒരു മാച്ചാ കുടിച്ചാലോ? പച്ച നിറത്തിലെ കിടിലന്‍ ചായ! പക്ഷേ ഒരു പ്രശ്‌നമുണ്ട്

നിരവധി ആരോഗ്യ ഗുണങ്ങളാണ് മാച്ചാ കുടിക്കുന്നത് കൊണ്ട് ശരീരത്തിനുണ്ടാവുന്നത്. എന്നാല്‍ അമിതമാകുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും

കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയ ട്രെന്‍ഡിങാണ് മാച്ചാ എന്ന ചായ. പേരു പോലെ തന്നെ ഈ ചായ കാണാനും വ്യത്യസ്തമാണ്. നല്ല പച്ച നിറത്തിലാണ് ചായ എങ്കില്‍ കാണാന്‍ തന്നെ വെറൈറ്റിയല്ലേ? മാച്ചാ എന്നാല്‍ തണലില്‍ വളര്‍ത്തുന്ന(മരച്ചില്ലയുടെയോ തുണിയുടെയോ) തേയില ചെടിയുടെ ഇല കൊണ്ട് ഉണ്ടാക്കുന്ന പച്ച നിറത്തിലുള്ള ചായയാണ്. സാധാരണ ഗ്രീന്‍ ടീ ഉണ്ടാക്കുന്ന പോലെ തേയില കുതിര്‍ത്ത ശേഷം അവ അരിച്ചുമാറ്റുകയല്ല ഇവിടെ ചെയ്യുന്നത്. മാച്ചായില്‍ ഇല പൂര്‍ണമായും ഉപയോഗിക്കും. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ മാച്ചായ്ക്ക് ആരോഗ്യ ഗുണങ്ങളേറെയാണ്.

പക്ഷേ അമിതമായാല്‍ അമൃതവും വിഷമാണെന്നാണല്ലോ പറയുന്നത്. മാച്ചായോടുള്ള ഇഷ്ടം കൂടി അവസാനം ആശുപത്രിയില്‍ ചികിത്സതേടിയ ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വാഷിങ്ടണില്‍ നിന്നുള്ള 28കാരിയായ നഴ്‌സ് ലിന്‍ ഷെസീനാണ് മാച്ചാ കുടിച്ച് ആശുപത്രിയിലായത്. മാച്ചായുടെ ഗുണങ്ങളെ കുറിച്ച് മനസിലാക്കിയാണ് ലിന്‍ അത് കുടിക്കാന്‍ ആരംഭിച്ചത്. ആദ്യം ആഴ്ചയിലൊരിക്കലാണ് യുവതി മാച്ചാ കുടിച്ചിരുന്നത്. പക്ഷേ ഇഷ്ടം കൂടിയതോടെ മാച്ചാ കുടിക്കുന്നതും കൂടി. മൂന്നുമാസത്തിനുള്ളില്‍ ശരീരത്തില്‍ പല മാറ്റങ്ങളും വന്നു തുടങ്ങി. ക്ഷീണം, ചൊറിച്ചില്‍, ശരീരത്തിലൊരു തണുപ്പു അനുഭവപ്പെടുക എന്നിവ ശ്രദ്ധിച്ച യുവതി ഡോക്ടറെ സമീപിച്ചു. കടുത്ത വിളര്‍ച്ചയാണ് യുവതിക്കെന്ന് രക്ത പരിശോധനയില്‍ വ്യക്തമായി. മുമ്പ് ചെറിയ രീതിയില്‍ വിളര്‍ച്ച ഉണ്ടായിരുന്ന യുവതിയുടെ മാച്ചാ ശീലമാണ് അവസ്ഥ കൂടുതല്‍ മോശമാക്കിയത്. അയണ്‍ ഇന്‍ഫ്യൂഷന്‍ മാത്രം ചെയ്തുകൊണ്ടിരുന്ന യുവതിക്ക് ഇതേ തുടര്‍ന്ന് അയണ്‍ ഗുളികയ്‌ക്കൊപ്പം വൈറ്റമിന്‍ സിയും ചേര്‍ത്ത് കഴിക്കാനാണ് ഡോക്ടര്‍ നല്‍കിയ നിര്‍ദേശം. ഇതോടെ മാച്ചാ ഉപേക്ഷിച്ച് യുവതി വീണ്ടും സാധാരണ ചായ കുടിക്കാന്‍ ആരംഭിച്ചു.

നിരവധി ആരോഗ്യ ഗുണങ്ങളാണ് മാച്ചാ കുടിക്കുന്നത് കൊണ്ട് ശരീരത്തിനുണ്ടാവുന്നത്. എന്നാല്‍ അമിതമാകുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

എന്നിരുന്നാലും ആവശ്യത്തിന് മാത്രമാണ് മാച്ചാ കുടിക്കുന്നതെങ്കില്‍ അത് ആരോഗ്യത്തിന് ഉത്തമവുമാണ്.Content Highlights:What happens when you consume excess Matcha ?

To advertise here,contact us