ബുള്ളറ്റ് കോഫി കുടിക്കാറുണ്ടോ; പ്രമേഹ രോ​ഗികൾക്ക് നല്ലതല്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

സെലിബ്രിറ്റികൾക്കിടയിൽ താരമാണ് ബുള്ളറ്റ് കോഫി

നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത് ചിലപ്പോൾ ഒരു കാപ്പി കുടിച്ച് കൊണ്ടോ ചായ കുടിച്ച് കൊണ്ടോ ഒക്കെ ആയിരിക്കും. പത്രവും കൂടെ ഉണ്ടെങ്കിൽ ഒന്ന് കൂടി ഉഷാറാകും, അല്ലെ? ചിലർ പാലും പഞ്ചസാരയും തിരഞ്ഞെടുക്കുമ്പോൾ മറ്റ് ചിലർ പാലിന് പകരം വെള്ളം തിരഞ്ഞെടുക്കുന്നു. എന്നാലിപ്പോൾ കട്ടൻ കാപ്പിയിൽ വെണ്ണയോ നെയ്യോ ചേർത്ത് കുടിക്കുന്ന ഒരു പതിവ് ഉണ്ട്. ഈ ഉയർന്ന കാലറിയുള്ള പാനീയം, ബുള്ളറ്റ് പ്രൂഫ് കോഫി അല്ലെങ്കിൽ ബുള്ളറ്റ് കോഫി എന്ന് വിളിക്കപ്പെടുന്നു. സെലിബ്രിറ്റികൾക്കിടയിൽ താരമാണ് ബുള്ളറ്റ് കോഫി. കാർബോഹൈഡ്രേറ്റ് ഇല്ലാത്തപ്പോൾ കൊഴുപ്പിനെ തടയാൻ ശരീരത്തെ സഹായിക്കുന്ന കീറ്റോജെനിസിസ് ഉണ്ടാക്കാൻ പലരും ഇത് കുടിക്കുന്നു. വ്യായാമത്തിന് മുമ്പുള്ള നല്ലൊരു പാനീയമായത് കൊണ്ട് തന്നെ ബുള്ളറ്റ് കോഫിക്ക് ആരാധകരേറെയാണ്.

Also Read:

Health
ഇന്ന് ലോക കേൾവി ദിനം; ചെവിയെ സംരക്ഷിക്കാൻ നമുക്കും ചിലത് ചെയ്യാം

സാധാരണയായി ഉയർന്ന കൊഴുപ്പുളള ഈ പാനീയത്തിൽ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ്, എണ്ണ, അല്ലെങ്കിൽ ഉപ്പില്ലാത്ത വെണ്ണ എന്നിവ ഉപയോ​ഗിച്ചാണ് നിർമിക്കുന്നത്. കീറ്റോജെനിക് ഡയറ്റിലുള്ള ആളുകൾ പലപ്പോഴും ഉപയോഗിക്കുന്ന ബുള്ളറ്റ് കോഫി, വളരെ കുറച്ച് കാർബോഹൈഡ്രേറ്റ് കഴിക്കുന്നവരിൽ ദ്രുതഗതിയിലുള്ള ഊർജം നൽകുന്നു. പക്ഷേ പ്രമേഹ രോ​ഗികൾ ഇത് ഉപയോ​ഗിക്കുന്നത് സൂക്ഷിക്കണം എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പ്രമേഹ രോ​ഗികൾ ബുള്ളറ്റ് കോഫി കുടിക്കുന്നത് ഉചിതമല്ലെന്ന് പിജിപി (ഡയബറ്റോളജി) ഫിസിഷ്യൻ ഡോ. കമൽജിത് സിംഗ് കൈന്ത് ഇന്ത്യൻ എക്‌സ്പ്രസിനോട് പറയുന്നുണ്ട്.

ഒരു ഫുൾ മീലിന് പകരം ബുള്ളറ്റ് കോഫി കഴിക്കുകയാണെങ്കിൽ, ശരീരഭാരം കൂടുക, ഹാനികരമായ കൊളസ്‌ട്രോൾ, വൈറ്റമിൻ കുറവ് എന്നിവയാണ് പ്രമേഹരോഗികൾക്കു സംഭവിക്കാവുന്ന പ്രാഥമിക അപകടങ്ങൾ.

കൂടാതെ, പാനീയം ഒരു പൂർണ ഭക്ഷണം അല്ലാത്തതിനാൽ, മറ്റ് ഭക്ഷണങ്ങളുമായി സന്തുലിതമാക്കിയില്ലെങ്കിൽ ആവശ്യമായ പോഷകങ്ങൾ ശരീരത്തിനു ലഭിക്കില്ല. ബുള്ളറ്റ് കോഫിയുടെ ക്രമരഹിതമായ ഉപയോഗം കൊളസ്ട്രോൾ നില ഉയര്‍ത്താന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചും എണ്ണ, നെയ്യ്, വെണ്ണ എന്നിവയുടെ ഉപയോ​ഗം വളരെ കൂടുതാണ്. അത്കൊണ്ട് തന്നെ ഇത്തരം ‍ഡയറ്റുകൾക്ക് പിന്നാലെ പോകുന്നതിന് മുൻപ് ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രം തീരുമാനമെടുക്കുക.

Content Highlights : Do you drink bullet coffee; Health experts say that it is not good for diabetic patients

To advertise here,contact us