വയോജന സൗഹൃദ കേരളം; കരുതലിന്റെയും അവകാശത്തിന്റെയും പുതിയ ചരിത്രം

ഒരു ജനതയുടെ പുരോഗതി അളക്കപ്പെടുന്നത് ആ രാജ്യം അവിടുത്തെ വയോജനങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലാദ്യമായി ഒരു പ്രത്യേക 'വയോജന ബജറ്റ്' അവതരിപ്പിച്ചുകൊണ്ട് കേരളം രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ്

ഒരു ജനതയുടെ പുരോഗതി അളക്കപ്പെടുന്നത് ആ രാജ്യം അവിടുത്തെ വയോജനങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. കേരളത്തിന്റെ മാറുന്ന ജനസംഖ്യാ ക്രമത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് ഒരു വെല്ലുവിളിയായല്ല, മറിച്ച് സ്‌നേഹത്തോടെയും അന്തസ്സോടെയും ഏറ്റെടുക്കേണ്ട ഒരു ഉത്തരവാദിത്തമായാണ് കേരള സര്‍ക്കാര്‍ കാണുന്നത്. വയോജനങ്ങളെ കേവലം ഗുണഭോക്താക്കളായി കാണുന്ന 'ക്ഷേമ' കാഴ്ചപ്പാടില്‍ നിന്നും മാറി, അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള 'അവകാശം' ഉറപ്പാക്കുന്ന ഒരു 'വയോജന സൗഹൃദ സംസ്ഥാനം' എന്ന ലക്ഷ്യത്തിലേക്കാണ് കേരളം ചുവടുവെക്കുന്നത് എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. ഇതിന്റെ ഭാഗമായി 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലാദ്യമായി ഒരു പ്രത്യേക 'വയോജന ബജറ്റ്' അവതരിപ്പിച്ചുകൊണ്ട് കേരളം രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ്.

മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്ത് അവര്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കുകയാണ് ഈ ബജറ്റിന്റെ ലക്ഷ്യം.കേവലം ക്ഷേമപദ്ധതികള്‍ എന്നതിലുപരി, മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ക്കും അന്തസ്സുള്ള ജീവിതത്തിനും മുന്‍ഗണന നല്‍കുന്ന ഒരു 'അവകാശ അധിഷ്ഠിത സമീപനമാണ്' (Rights-based approach) ഈ ബജറ്റിലൂടെ ലക്ഷ്യമിടുന്നത് എന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.

ബജറ്റിലെ പ്രധാന പദ്ധതികള്‍

2026-27 വര്‍ഷത്തെ ബജറ്റില്‍ 46,236.52 കോടി രൂപയാണ് വയോജനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇത് ആകെ ബജറ്റ് വിഹിതത്തിന്റെ 19.07 ശതമാനമാണ്. ഈ ബജറ്റിന്റെ പ്രധാന സവിശേഷതകള്‍ താഴെ പറയുന്നവയാണ്:

ആരോഗ്യ സംരക്ഷണം:

ബി.പി.എല്‍ വിഭാഗത്തിലെ വയോജനങ്ങള്‍ക്ക് ന്യൂമോകോക്കല്‍ വാക്‌സിനേഷന്‍, (pneumococcal vaccination) മെഡിക്കല്‍ കോളേജുകളില്‍ വയോജന സൗഹൃദ സജ്ജീകരണങ്ങള്‍, മന്ദഹാസം (സൗജന്യ ദന്തനിര), വയോമധുരം (ഗ്ലൂക്കോമീറ്റര്‍) തുടങ്ങിയ പദ്ധതികള്‍ക്കായി വലിയ തുക നീക്കിവെച്ചു. പ്രായമായവരില്‍ വര്‍ദ്ധിച്ചുവരുന്ന മാനസികാരോഗ്യ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി IMHANS-ല്‍ ഒരു വയോജന മാനസികാരോഗ്യ, പുനരധിവാസ കേന്ദ്രത്തിനും ബജറ്റ് വ്യവസ്ഥ ചെയ്യുന്നു.

സാമൂഹിക സുരക്ഷ:

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വയോജന പിന്തുണയുടെ നട്ടെല്ലായി തുടരുന്നു, പദ്ധതിയേതര മേഖലയ്ക്ക് കീഴില്‍ ₹44,894.80 കോടി അനുവദിച്ചിട്ടുണ്ട്. സാര്‍വത്രിക സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പ്രതിമാസം ₹ 2,000 ആയി വര്‍ദ്ധിപ്പിച്ചു, കേരളത്തിലെ വയോജന ജനസംഖ്യയുടെ 75% ത്തിലധികം പേര്‍ നിലവില്‍ വിവിധ പെന്‍ഷന്‍ പദ്ധതികളുടെ പരിധിയില്‍ വരുന്നുണ്ട്. അതോടൊപ്പം കിടപ്പിലായവരെ പരിചരിക്കുന്നവര്‍ക്ക് 'ആശ്വാസകിരണം' പദ്ധതിയിലൂടെ 1,000 രൂപ ധനസഹായം നല്‍കുന്നു.

സില്‍വര്‍ ഇക്കണോമി:

മുതിര്‍ന്നവരുടെ അനുഭവപരിചയവും വൈദഗ്ധ്യവും സമൂഹത്തിന് പ്രയോജനപ്പെടുത്തുന്ന 'ന്യൂ ഇന്നിംഗ്സ്', സ്വയംതൊഴില്‍ കണ്ടെത്താന്‍ 'നവജീവന്‍' തുടങ്ങിയ പദ്ധതികള്‍ വഴി വയോജനങ്ങളെ നാടിന്റെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കുന്നു.

സ്ഥാപനപരമായ സുരക്ഷ:

വയോജന കമ്മീഷന്റെ രൂപീകരണവും ആധുനിക രീതിയിലുള്ള റിട്ടയര്‍മെന്റ് ഹോമുകളും ഈ മേഖലയിലെ വലിയ മാറ്റങ്ങളാണ്.

യങ് സീനിയേഴ്‌സും (Young Seniors) വയോജന സൗഹൃദ കേരളവും

സര്‍ക്കാരിന്റെ ഈ മഹത്തായ ലക്ഷ്യത്തിലേക്ക് കൈകോര്‍ക്കാന്‍ വയോജനക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന 'യങ് സീനിയേഴ്‌സ്' എന്ന സംഘടനയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. സജീവമായ വയോജനങ്ങളെ (Active Seniors) സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവശത അനുഭവിക്കുന്നവര്‍ക്ക് താങ്ങാവാനും 'യങ് സീനിയേഴ്സ്' തുടരുന്ന പദ്ധതികള്‍ക്ക് ഈ ബജറ്റ് വലിയ ആശ്വാസമാണ് പകരുന്നത്. സര്‍ക്കാരിന്റെ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ 'യങ് സീനിയേഴ്‌സ്' എല്ലാ വിധ പിന്തുണയും നല്‍കും.

അവബോധവും സേവനവും:

സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ അര്‍ഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ 'യങ് സീനിയേഴ്‌സ്' സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സാധിക്കും. പ്രത്യേകിച്ചും ഡിജിറ്റല്‍ സാക്ഷരത കുറഞ്ഞ മുതിര്‍ന്നവര്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികള്‍ കൂടുതല്‍ സജീവമാക്കും.

ആരോഗ്യ പരിപാലനം:

സായംപ്രഭ പോലുള്ള പദ്ധതികളുമായി ചേര്‍ന്ന് വയോജനങ്ങള്‍ക്കായി പ്രാദേശിക തലത്തില്‍ ഹെല്‍ത്ത് ക്യാമ്പുകളും യോഗാ ക്ലാസുകളും സംഘടിപ്പിക്കാന്‍ യങ് സീനിയേഴ്സ് മെഡിക്കല്‍സംഘത്തിന്റെ സേവനം ഉറപ്പുനല്‍കും .

നൈപുണ്യ വികസനം:

വിരമിച്ച പ്രൊഫഷണലുകളുടെ കൂട്ടായ്മകളിലൂടെ 'യങ് സീനിയേഴ്‌സിന്' സര്‍ക്കാരിന്റെ 'ന്യൂ ഇന്നിംഗ്സ്' പദ്ധതിയില്‍ പങ്കാളികളായി യുവതലമുറയ്ക്ക് പരിശീലനം നല്‍കുന്നതിലും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിലും നേതൃപരമായ പങ്ക് വഹിക്കാനാവും..

വയോജനങ്ങള്‍ എന്നത് സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും വിരമിച്ചവരോ പുറന്തള്ളപ്പെട്ടവരോ അല്ല. മറിച്ച് അനുഭവങ്ങളുടെ കരുത്തുള്ള, സമൂഹത്തെ നയിക്കാന്‍ പ്രാപ്തിയുള്ള വലിയൊരു വിഭാഗമാണെന്ന് ഈ ബജറ്റ് അടിവരയിടുന്നു. കേരള സര്‍ക്കാരിന്റെ ഈ വിപ്ലവകരമായ ചുവടുവെപ്പിനെ 'യങ് സീനിയേഴ്‌സ്' പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. വയോജന സൗഹൃദ കേരളം എന്ന ലക്ഷ്യം കേവലം സര്‍ക്കാര്‍ പദ്ധതിയല്ല, മറിച്ച് ഓരോ പൗരന്റെയും കടമയാണ്.

ഈ മഹത്തായ ലക്ഷ്യത്തിലേക്ക് സര്‍ക്കാരിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് 'യങ് സീനിയേഴ്‌സ്' ഉറപ്പുനല്‍കുന്നു. വയോജനങ്ങളുടെ അന്തസ്സും ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഒരു നവകേരള നിര്‍മ്മിതിയില്‍ ഞങ്ങളുടെ എല്ലാ വൈദഗ്ധ്യവും സേവനസന്നദ്ധതയും വാഗ്ദാനം ചെയ്യുന്നു. വയോജനങ്ങള്‍ ആദരിക്കപ്പെടുന്ന, സ്‌നേഹിക്കപ്പെടുന്ന ഒരു നാളേക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം.

Content Highlights : The progress of a nation is measured by how that country treats its elderly. Kerala has set a model for the country by introducing a special 'Elderly Budget' for the first time in India in the financial year 2026-27.

To advertise here,contact us