ഉത്തരേന്ത്യയിലെ ഹിന്ദ്വുത്വ രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണശാലയാണ് അസം. ബി ജെ പിയുടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ എങ്ങനെയാണ് സംസ്ഥാനത്തെ ദലിത്, മുസ്ലിം മനുഷ്യരെ കുടിയൊഴിപ്പിക്കുന്നത് എന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇക്കഴിഞ്ഞ ദിവസം മാധ്യമപ്രവര്ത്തകയായ റാണ അയ്യൂബ് പുറത്തു വിട്ടത്. രാഷ്ട്രീയാധികാരം ഉപയോഗിച്ച് സുപ്രീംകോടതി വിധി പോലും മറികടന്നാണ് അസമില് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മയുടെ പൂര്ണമായ ഒത്താശയോടെ ബുള്ഡോസര്രാജും കൂട്ടമായ കുടിയൊഴിപ്പിക്കലും നിര്ബാധം തുടരുന്നത്.
“കഴിഞ്ഞ ആഴ്ച ഞാന് അസമിലുണ്ടായിരുന്നു. കഴിഞ്ഞ വര്ഷത്തെ നിര്ബന്ധിത കുടിയൊഴിപ്പിക്കലിനിടെ പോലീസ് കൊലപ്പെടുത്തിയ ഹൈദര് അലിയെന്ന 19 കാരന്റെ കുടുംബത്തെ സന്ദര്ശിച്ചു. ഒമ്പത് മാസത്തിനു ശേഷം ആ കുടുംബത്തിന് നീതി ലഭിച്ചു കാണുമോ എന്നറിയാനായിരുന്നു അവരെ വീണ്ടും സന്ദര്ശിച്ചത്. ഹൈദര് അലിയെ കൊലപ്പെടുത്തിയ പൊലീസുകാര്ക്കെതിരെ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല ആ കുടുംബം ഇന്ന് കുടിയൊഴിക്കപ്പെട്ടിരിക്കുന്നു” - ഹൈദര് അലിയുടെ കുടുംബത്തോട് സംസാരിക്കുന്ന വീഡിയോ ദൃശ്യത്തിന് വിവരണമായി റാണ അയ്യൂബ് എക്സില് പങ്കുവെച്ചതാണിത്.
മുഖം പൊത്തി കരഞ്ഞു കൊണ്ട് റാണ അയ്യൂബിനോട് സംസാരിക്കുന്ന കൊല്ലപ്പെട്ട ഹൈദര് അലിയുടെ മാതാവ് സഹര്ബാനു, സംഘപരിവാര് അതിന്റെ എല്ലാവിധ രാഷ്ട്രീയ സാധ്യതകളും ഉപയോഗിച്ച് യോഗിയിലൂടെ ഉത്തര്പ്രദേശില് തുടങ്ങി ഗുജറാത്തിലും മധ്യപ്രദേശിലും ഹരിയാനയിലും അസമിലും കശ്മീരിലുമെല്ലാം തുടരുന്ന ഏകപക്ഷീയമായ കുടിയൊഴിപ്പിക്കലിന്റെ, ബിജെപിയുടെ രാഷ്ട്രീയ ആയുധമായി മാറിയ ബുള്ഡോസര് രാജിന്റെ ഇരകളില് ഒരാള് മാത്രമാണ്. പതിറ്റാണ്ടുകളായി സോനാപൂരില് താമസിക്കുന്നവരാണ് ഹൈദര് അലിയുടെ കുടുംബം. തങ്ങളുടെ രേഖകളെല്ലാം അവര് റാണ അയ്യൂബിന് കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്റെ മകന് ബംഗ്ലാദേശിയാണോ എന്നാണ് ഹൈദര് അലിയുടെ പിതാവ് കരഞ്ഞ് കൊണ്ട് ചോദിക്കുന്നത്.
2024 സെപ്തംബർ 12 നായിരുന്നു ഹൈദർ അലിയെന്ന 19 കാരന് അസമിലെ കാംരൂപ് ജില്ലയിലെ കുടിയൊഴിപ്പിക്കലിനിടെ അസം പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്. ഹൈദർ അലി ഓട്ടോ ഡ്രൈവറായിരുന്നു. സ്കൂളില് നിന്ന് കുട്ടികളെ വീട്ടിലെത്തിക്കാന് പോയതായിരുന്നു അവനെന്നാണ് കരഞ്ഞു കൊണ്ട് മാതാവ് സഹർബാനു പിന്നീട് പറഞ്ഞത്. ഓട്ടോയിലുണ്ടായിരുന്ന ഹൈദർ അലിയുടെ 9 വയസ് മാത്രം പ്രായമുള്ള സഹോദരിയുടെ മകൾക്ക് അന്ന് പരുക്കേല്ക്കുകയും ചെയ്തിരുന്നു. കൃത്യം ഒരാഴ്ചക്ക് ശേഷം സെപ്തംബർ 19 നു ഹൈദർ അലിയുടെ കുടുംബത്തെ സർക്കാർ കുടിയൊഴിപ്പിക്കുകയും ചെയ്തു.
ഹൈദർ അലിയെ കൊലപ്പെടുത്തിയ പൊലീസുകാർക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല കുടിയിറക്കപ്പെട്ട ആ കുടുംബം ഇന്ന് അസമിലെ സൊനാപൂരില് ഒളിവിലെന്ന പോലെയാണ് താമസിക്കുന്നത്. എല്ലാ രേഖകളും കൈവശമുണ്ടായിട്ടും ഹൈദര് അലിയെ കൊലപ്പെടുത്തി എന്ന് മാത്രമല്ല വെറും രണ്ടാഴ്ചക്കു ശേഷം അവരുടെ വീട് ഇടിച്ചു നിരത്തുകയാണ് അസമിലെ ഹിമന്ത ബിശ്വ ശർമ സര്ക്കാര് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില് കൂടിയാണ് ദി വാഷിംഗ് ടണ് പോസ്റ്റില് പ്രസിദ്ധീകരിച്ച ഇന്ത്യ എങ്ങനെയാണ് പൗരന്മാരെ ഇല്ലാതാക്കുന്നത് എന്ന റാണ അയ്യൂബിന്റെ ലേഖനം പ്രസക്തമാകുന്നത്.
ഭരണകൂടം എങ്ങനെയാണ് രാജ്യത്തെ പൗരന്മാരെ ഇല്ലാതാക്കുന്നതെന്ന വലിയ ചോദ്യത്തിന്റെ ഉത്തരവും അസമില് തന്നെയുണ്ട്. ബംഗാളി ഭാഷ സംസാരിക്കുന്നവരെയെല്ലാം നുഴഞ്ഞു കയറ്റക്കാരായി ചിത്രീകരിച്ച് നാടുകടത്തുന്നതിന്റെ ഭാഗമായി ലക്ഷക്കണക്കിനു മനുഷ്യരെയാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ മറവില് പൗരത്വത്തില് നിന്ന് പുറത്തു നിര്ത്തിയിരിക്കുന്നത്. അവരില് കൂടുതല് പേരും ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങളാണ്. ഇക്കഴിഞ്ഞ ജൂണ് 16 ന് അസമിലെ ഗോല്പാറ ജില്ലയില് ഒറ്റ രാത്രി കൊണ്ട് 700 വീടുകളാണ് ഹിമന്ത ബിശ്വ സര്ക്കാര് ഇടിച്ചു നിരത്തിയത്. വീട് വെച്ചത് നിയമാനുസൃതമല്ലെന്നും ഇവരെല്ലാം ബംഗ്ലാദേശികളാണെന്നുമായിരുന്നു സര്ക്കാരിന്റെ വാദം. അസമിലെ തന്നെ ദുബ്രി ജില്ലയില് 1400 മുസ്ലിം കുടുംബങ്ങളെ ജില്ലാ ഭരണകൂടം വൈദ്യതി പദ്ധതിക്കെന്ന പേരില് കുടിയൊഴിപ്പിച്ചു. അദാനിയുടെ താപ വൈദ്യുത നിലയത്തിനു വേണ്ടിയാണ് ഈ കുടിയൊഴിപ്പിക്കല്. സര്ക്കാര് ഭൂമിയെന്ന് കാണിച്ച് വര്ഷങ്ങളായി ദുബ്രി ജില്ലയില് താമസിക്കുന്ന മനുഷ്യരെയാണ് ഇത്തരത്തില് ഭരണകൂട ഒത്താശയോടെ പുറത്താക്കിയത്.
പൊലീസിന്റെ അകമ്പടിയോടെ ബുള്ഡോസറുമായി എത്തിയായിരുന്നു ദുബ്രിയിലെ കുടിയൊഴിപ്പിക്കല്. ജൂണ് 30 നു അസമിലെ നാല്ബാരി ജില്ലയിലെ 93 മുസ്ലിം കുടുംബങ്ങളെയും ജൂലൈ ആദ്യ വാരം ലാഖിംപൂര് ജില്ലയില് നിന്നുള്ള 220 ഓളം കുടുംബങ്ങളെയുമാണ് ഇതേ പോലെ അസം സര്ക്കാര് കുടിയൊഴിപ്പിച്ചത്. 2025 ജൂണ്-ജൂലൈ മാസത്തിനിടെ മാത്രം 3300 കുടുംബങ്ങളെയാണ് ഭൂമി കൈയേറ്റം ആരോപിച്ച് അസമിലെ ബിജെപി സര്ക്കാര് പുറത്താക്കിയത്. 2025 ലെ ഒരു മാസക്കാലയളവിലെ മാത്രം കണക്കുകളാണിത്. ഗോല്പാറ, നല്ബാരി, ലഖിംപൂരടക്കമുള്ള ജില്ലകളിലടക്കം അസമിലെ ഓരോ ഗ്രാമങ്ങളിലും ആയിരക്കണക്കിന് മനുഷ്യരെ കുടിയൊഴിപ്പിക്കുന്ന, വീടുകള് തകര്ത്ത് മനുഷ്യരെ തെരുവിലേക്ക് വലിച്ചെറിയുന്ന ബിജെപിയുടെ ക്രൂര വിനോദം ഹിമന്ത ബിശ്വ ശര്മയുടെ നേതൃത്വത്തില് നിര്ബാധം തുടരുന്നുണ്ട്.
2016 ല് സര്ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില് ബിജെപിയുടെ ആദ്യ സര്ക്കാര് നിലവില് വന്നതോടെയാണ് അസമിനെ ഹിന്ദ്വുത്വയുടെ പരീക്ഷണശാലയാക്കുന്ന നടപടികള് ആരംഭിക്കുന്നത്. വര്ഗീയ പരാമര്ശങ്ങളും വിദ്വേഷ പ്രസംഗങ്ങളും നിരന്തരം നടത്തി ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ പ്രീതി പിടിച്ചു പറ്റിയ ഹിമന്ത ബിശ്വ ശര്മ 2021 ല് അസം മുഖ്യമന്ത്രിയായതോടെ ഈ പരീക്ഷണം ശക്തിയാര്ജ്ജിച്ചു. വിദ്വേഷ പ്രസംഗത്തിലെന്ന പോലെ ബുള്ഡോസര് രാജിലും യോഗി ആദിത്യനാഥ് തന്നെയാണ് ഹിമന്ത ബിശ്വ ശര്മ്മയുടെ രാഷ്ട്രീയ ഗുരു.
മുസഫര് നഗര് കലാപത്തിനുശേഷം ഉത്തര് പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപി വിജയിക്കുകയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തതോടെയാണ് അതുവരെയും ജെസിബി മാത്രമായിരുന്ന, കുട്ടികളെല്ലാം കൗതുകത്തോടെ മാത്രം നോക്കി നിന്നിരുന്ന ബുള്ഡോസര് അവരുടെ മനസില് ഭീതി മാത്രം നിറച്ച രാഷ്ട്രീയ ആയുധമായി മാറിയത്. ഈ സാധ്യതയെയാണ് 2021 ല് അധികാരമേറ്റ ശേഷം ഹിമന്ത ബിശ്വ ശര്മയും പിന്തുടരുന്നത്. ഭൂമി ജിഹാദെന്ന് ആരോപിച്ചും ബംഗ്ലാദേശികളെന്ന് മുദ്രകുത്തിയും 2016 മുതല് 2024 വരെ 10620 പേരെയാണ് അസം സര്ക്കാര് കുടിയൊഴിപ്പിച്ചത്. ഇതിന്റെ തുടര്ച്ചയായിട്ടാണ് കഴിഞ്ഞ ഒരു മാസത്തോളമായി ബുള്ഡോസറുകള് ഉപയോഗിച്ചുള്ള ഇടിച്ചു നിരത്തല് നിര്ബാധം തുടരുന്നത്.
ഇതിനിടെ കുടിയൊഴിപ്പിക്കലും വിദ്വേഷ പ്രസംഗവും ആക്രമണവുമടക്കം അസമില് മുസ്ലികള്ക്കെതിരായി സമാനതകളില്ലാത്ത അതിക്രമങ്ങള് നടക്കുന്നതായും ഇതിന്റെ പ്രധാന പങ്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മക്കാണെന്നും വാഷിംഗ്ടണ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇന്ത്യ ഹേറ്റ് ലാബ് ഈയിടെ റിപ്പോര്ട്ട് ചെയ്തിരുന്നു. അസമിലെ 14 ജില്ലകളിലായി ജൂലൈ 9 നും ജൂലൈ 30 നുമിടയില് മാത്രം ബിജെപിയുടെയും ഹിമന്ത ബിശ്വ ശര്മയുടെ നേതൃത്വത്തില് 18 റാലികളും പ്രതിഷേധങ്ങളുമാണ് മുസ്ലിങ്ങൾക്കെതിരെ മാത്രം നടന്നതെന്നാണ് റിപ്പോര്ട്ട് പറയുന്നത്. ബംഗ്ലാദേശികളെന്ന് മുദ്രകുത്തിയും വനഭൂമിയും സര്ക്കാര് റവന്യൂ ഭൂമിയും സംരക്ഷിത പ്രദേശങ്ങളിലും അനധികൃതമായി കുടിയേറിയവരെന്ന് ആരോപിച്ചുമാണ് ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ഹിമന്ത ബിശ്വ ശര്മ അസമില് നിന്നും ആട്ടിയോടിക്കുന്നത്. അവരെല്ലാം മനുഷ്യരാണ്, ഈ രാജ്യത്ത് ജനിച്ച് ഇവിടെ താമസിക്കുന്ന മനുഷ്യര്. രാജ്യത്തെ പൗരന്മാരെയാണ് ഹിമന്ത ബിശ്വ ശര്മയുടേതടക്കമുള്ള ബിജെപി സര്ക്കാരുകള് ക്രൂരമായി പുറംതള്ളുന്നത്.
Content Highlights: Rana Ayyub writeup on assam evicttion and himantha biswa sarma